നടൻ ചിമ്പുവും ഓവിയയും തമ്മിലുളള വിവാഹത്തിന്റെ വ്യാജ ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ചിമ്പുവിന്റെ സിനിമയായ ‘ഇതു നമ്മ ആള്’ എന്ന സിനിമയിലെ നയൻതാരയുമായുളള ഒരു രംഗം മോർഫ് ചെയ്താണ് ചിത്രം പ്രചരിപ്പിച്ചത്. ചിത്രം കണ്ട ചിലർ ശരിക്കും ചിമ്പുവിന് ഓവിയയെ വിവാഹം ചെയ്തുകൂടേയെന്നും ചോദ്യമുയർത്തി.

ചിമ്പുവിനൊപ്പം ഓവിയയുടെ പേര് ചേർത്ത് പ്രണയകഥ മെനയാൻ തുടങ്ങിയിട്ട് അധികം നാളുകൾ ആയിട്ടില്ല. ബിഗ്ബോസ് ഷോയിൽനിന്നും ഓവിയയെ പുറത്താക്കിയതിനെ വിമർശിച്ച് ചിമ്പു എത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നത്. ഇതിനുപിന്നാലെ ചിമ്പുവിന്റെ പേരിലുളള വ്യാജ അക്കൗണ്ടിൽനിന്നും ഓവിയയെ വിവാഹം ചെയ്യാൻ താൻ തയ്യാറാണെന്ന് പറഞ്ഞ് ട്വീറ്റും പുറത്തുവന്നു. ട്വീറ്റ് ട്രെൻഡായതോടെ വാർത്തകൾ നിഷേധിച്ച് ചിമ്പു രംഗത്തെത്തി.

ഇപ്പോഴിതാ ഓവിയയുമായുളള തന്റ രഹസ്യ വിവാഹത്തെക്കുറിച്ചുളള വാർത്തകൾക്ക് ചിമ്പു മറുപടി പറഞ്ഞിരിക്കുകയാണ്. വിജയ് ടിവിയിൽ ഓവിയ അതിഥിയായെത്തിയ പൊങ്കൽദിന പരിപാടിയിലാണ് ചിമ്പു വ്യാജ വിവാഹവാർത്തയെക്കുറിച്ച് പറഞ്ഞത്. ”ഇതിനുമുൻപ് ഒരു 10 തവണയെങ്കിലും എന്റെ കല്യാണം കഴിഞ്ഞിട്ടുണ്ട്. നാട്ടുകാർ മുഴുവനും നിന്നെ കല്യാണം കഴിപ്പിക്കുന്നുണ്ട്, ഞാനെപ്പോഴാ നിന്നെ കല്യാണം കഴിപ്പിക്കുന്നതെന്ന് അമ്മ ചോദിക്കാറുണ്ട്. എന്റെ കല്യാണ വാർത്തകൾ കേൾക്കുമ്പോൾ ചിരിയാണ് വരുന്നത്” ചിമ്പു പറഞ്ഞു.

ഇതുകേട്ട ഓവിയ എത്രയും പെട്ടെന്ന് ചിമ്പുവിന്റെ വിവാഹം നടക്കട്ടെയെന്നും നല്ലൊരു പെണ്ണിനെ ഭാര്യയായി കിട്ടട്ടെയെന്നും പറഞ്ഞു. ഇപ്പോഴാണ് താൻ മനഃസമാധാനത്തോടെയുളളതെന്നും അത് തകർക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ചിമ്പുവിന്റെ മറുപടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ