‘ചിത്രസൂത്രം’ എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമയില്‍ ഉത്തരാധുനികമായ ഒരു സൗന്ദര്യബോധം അനുഭവിപ്പിച്ച സംവിധായകനാണ് വിപിന്‍ വിജയ്. വിപിന്റെ ആഖ്യാനം, പ്രമേയങ്ങളുടെ വ്യത്യസ്തത, ശൈലി, ദൃശ്യശ്രവ്യഭാഷ, സന്നിവേശ സങ്കലനരീതികള്‍ ഒക്കെ തുലോം വ്യത്യസ്തവും അട്ടിമറിയുമാണ്.

ജോസ് ജോൺ

ഒന്നിനു പിറകെ ഒന്നായി സിനിമകള്‍ ചെയ്യാത്ത അദ്ദേഹത്തിന്റെ രീതിയല്ല. അടൂര്‍ ഗോപാലകൃഷ്ണനെ പോലെ വിശ്വപ്രസിദ്ധനായ സംവിധായകന്‍ പ്രതീക്ഷയോടെ പറഞ്ഞ പുതുതലമുറ പേരുകളിലൊന്നാണ് വിപിൻ വിജയുടേത്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ രാജ്യാന്തര ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (ഐഡിഎസ്എഫ്എഫ്കെ 2017) ഫിലിം മേക്കർ ഇൻ​ ഫോക്കസ് വിപിൻ വിജയ് ആണ്. വിപിന്റെ സിനികമളുടെ ഒരു ദൂരക്കാഴ്ച. വിപിൻ ഇത്തവണത്തെ മേളയുടെ മത്സര വിഭാഗത്തിൽ കഥേതര വിഭാഗത്തിലെ ജൂറിയംഗം കൂടിയാണ്.

ഉന്മാദാത്ഭുതം ജഗത് / ദ് ഈഗോട്ടിക് വേൾഡ്
vipin vijay, director

വിപിന്റെ ഡിപ്ലോമ ഫിലിം ആണിത്. ചലച്ചിത്ര വിദ്യാര്‍ത്ഥികളുടെ അന്തർദേശീയ മല്‍സരത്തിൽ ”സിനിമാറ്റോഗ്രഫിക് കൊഡാക് അവാര്‍ഡ്” ലഭിച്ച ഇതില്‍ പ്രതിപാദിക്കുന്നത് വ്യാവസായിക ലോകത്തെ വെല്ലുവിളികള്‍ക്ക് സ്വജീവിതം ബലികൊടുത്ത ഒരു കുട്ടിയുടെ കഥയാണ്. ഫാക്ടറികളാൽ ചുറ്റപ്പെട്ട വ്യാവസായിക പ്രദേശത്തുള്ള ഒരു കുഴിയിൽ അകപ്പെട്ടുപോയ കുട്ടി അവിടെ നിന്നും രക്ഷപ്പെട്ട് പുറം ലോകത്തെത്തുന്നു. മൂന്ന് ദിവസം ഐഹിക സ്വതന്ത്രനായി വിരാജിച്ച അവന്‍ നാലാം ദിവസം ആ കുഴിയിലേക്ക് തന്നെ മടങ്ങുന്നു. കുഴിയിലെ നിലനില്‍പ്പ് സര്‍വ്വ ഇഹലോകാസക്തിക്കും അതീതമാണെന്ന തിരിച്ചറിവിൽ അവന്‍ മോക്ഷത്തെ ത്യജിച്ച് ഇരുണ്ട ഗര്‍ത്തത്തിൽ ഭാവിയുടെ ദുഃഖത്തെ ഒളിപ്പിച്ച് ശാശ്വതമായ നിദ്രയിലേക്ക് വഴുതുന്നു. 2001-2002 കാലയളവിൽ ലോക പ്രശസ്തമായ വിവിധ ചലച്ചിത്രോല്‍സവങ്ങളിൽ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയതിനെ തുടർന്നാണ് പല തലങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത്.

വിഡിയോ ഗെയിം

vipin vijay, director

ദൃശ്യങ്ങള്‍ കൊണ്ട് സവിശേഷവും സങ്കീര്‍ണ്ണവുമായ ഒരു വിഡിയോ യാത്ര! ആശാവഹമായ ഭാവികാലത്തെ മുന്‍നിർത്തി പഴങ്കഥകളിലേതുപോലെയുള്ള, ഒരു മോട്ടോർ കാറിലെ ആശയപരമായ പ്രയാണമാണിത്. വര്‍ത്തമാന പരിസരത്തിന്റെ തൃഷ്ണകളും സ്വപ്നങ്ങളും, ഭയവും വിപിന്റേതായ ചിത്രഭാഷ്യത്തിൽ അടയാളപ്പെടുത്തുന്ന ‘കളി’. ഇവിടെ യാഥാര്‍ത്ഥ്യത്തെ രേഖപ്പെടുത്തുന്ന ഏതൊന്നും ഡിജിറ്റൽ കളിക്കളത്തിന്റെ പരിസരം സൃഷ്ടിക്കുന്നതിനു മുതൽക്കൂട്ടാവുകയാണ്. കളിയിലെ തന്ത്രങ്ങളും ചലനങ്ങളും പ്രതിചലനങ്ങളും നിറഞ്ഞാടുന്ന വിചിത്രമായ വിഡിയോ സഞ്ചാരം!. ടൈഗര്‍ പുരസ്‌ക്കാരം (2007) നേടുന്ന ആദ്യ ഇന്ത്യൻ ഷോർട്ട് ഡോക്യു ഫിലിമാണ് ഇത്.

ഹവാ മഹൽ/ പ്ലേസ് ഓഫ് ദ് വിൻഡ്‌സ്

vipin vijay, director

ഒരുവേള ലോക വ്യാപകമായി സാംസ്‌കാരിക സാമൂഹ്യ മണ്ഡലത്തിലെ ശബ്ദപേടകമായിരുന്ന റേഡിയോയെക്കുറിച്ചാണ് ഈ ഡോക്യുമെന്ററി. ശബ്ദത്തിന്റെ ചലനാത്മകതയും, കാത്/കേള്‍വി എന്ന പ്രതിഭാസത്തിന്റെ പാരസ്പര്യത്തെയും അത് മനുഷ്യന്റെ ഉള്ളിലുണ്ടാക്കുന്ന പ്രതിധ്വനികളും വികാരങ്ങളും വളരെ ആഴത്തിൽ നിർവചിച്ചെടുക്കുന്ന ദൃശ്യവിസ്മയം. നമ്മുടെ ആത്മധ്വനി തന്നെയാണ് യന്ത്രത്തിലൂടെ വിന്യസിക്കപ്പെടുന്നത്. ദൃശ്യ-ശ്രാവ്യ സങ്കലനവും അതിസങ്കീര്‍ണ്ണവുമായ വിന്യാസത്തിലൂടെയുമാണ് “ഹവാമഹലി’ന്റെ ദൃശ്യലോകം രൂപപ്പെടുന്നത്. കേള്‍വിയിലൂടെയുള്ള ഗ്രഹണപ്രക്രിയ രൂപം നല്‍കുന്ന ശബ്ദ്ശിൽപ്പങ്ങളും അത് നമ്മളെ കൊണ്ടെത്തിക്കുന്ന ഭ്രമാത്മകമായ ലോകവും റേഡിയോയ്ക്ക് ഒരു വിമോചനയന്ത്രത്തിന്റെ പരിവേഷം നല്‍കുന്നു. വിപിനു മാത്രം അവകാശപ്പെടാവുന്ന ദൃശ്യ ഭാഷയുടെ കൈയ്യൊപ്പുള്ള മികച്ച സൃഷ്ടിയാണിത്.

പൂമരം / ദ് ഫ്ലവറിങ് ട്രീ

vipin vijay, director

മനുഷ്യകുലത്തിന്റെ സാംസ്‌കാരിക പരിണാമ വഴികൾ രൂപപ്പെട്ടിരിക്കുന്നത് പെണ്ണിന്റെ ആര്‍ത്തവരക്തത്തേയും അതിനോടനുബന്ധിച്ച അനുഷ്ഠാനങ്ങളെയും ചുറ്റിപ്പറ്റി മെറ്റാഫൊറിക് ആശയത്തെ ആധാരമാക്കിയുള്ള ദൃശ്യ വെല്ലുവിളിയാണ് ‘പൂമരം’ എന്ന ഡോക്യുഫിക്ഷന്‍. ആൺ-പെൺ ബന്ധുത്വത്തിന്റെ അര്‍ത്ഥതലങ്ങൾ ‘രക്തം’എന്ന പദാര്‍ത്ഥത്തിലൂടെ ആശ്ലേഷണം ചെയ്യപ്പെട്ടിരിക്കുന്നതിനെക്കുറിച്ചും കൂടിയാണത്. ഫെമിനിസ്റ്റ് എഴുത്തുകാരിയും സൈദ്ധാന്തികയുമായ ജൂഡി ഗ്രാനിന്റെ മെറ്റാഫൊറിക് തിയറിയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണിത്. ഈ​ ചിത്രം റോട്ടര്‍ഡാം, ഇന്ത്യന്‍ പനോരമ, കേരളത്തിലെയും ഇന്ത്യയിലേയും രാജ്യന്താര ചലച്ചിത്രമേളയായ ഐ​എഫ് എഫ് ഐ, ഐ​എഫ്എഫ്കെ തുടങ്ങി നിരവധി മേളകളിൽ പ്രദര്‍ശിപ്പിച്ചു. വിവിധ പുരസ്ക്കാരങ്ങൾ നേടിയ ഈ ചിത്രവും നിരൂപക പ്രശംസയ്ക്ക് പാത്രമായതാണ്.

ബ്രോക്കൺ ഗ്ലാസ് ടോൺ ഫിലിം

vipin vijay, director

2007 ഐഎഫ്എഫ്കെയിലെ സിഗ്നേച്ചര്‍ ഫിലിം ആയിരുന്നു ഇത്. ഫെസ്റ്റിവെല്‍ പ്രേക്ഷകരുടെ നിദ്രയിലാണ്ട സാമാന്യ ദൃശ്യബോധത്തെ ആഘാത ചികില്‍സയ്ക്ക് വിധേയമാക്കിയ മികച്ച ദൃശ്യഖണ്ഡം ആയിരുന്നു ഇത്. ഫെസ്റ്റിവെലിനെത്തിയ ഭൂരിപക്ഷത്തേയും സര്‍ഗ്ഗാത്മകമായി വിപിൻ വിജയ് എന്ന സംവിധായകൻ പ്രകോപിപ്പിച്ചു എന്ന് തന്നെ പറയാം. ചക്രത്തിന്റെ കണ്ടുപിടിത്തം മുതല്‍ സ്വയം നിയന്ത്രിത ശേഷിയുള്ള യന്ത്രം വരെയുള്ള ആശയങ്ങള്‍, ആക്ച്വൽ റിയാലിറ്റിയും, വിര്‍ച്ച്വൽ റിയാലിറ്റിയും തമ്മിലുള്ള ഏറ്റുമുട്ടലും, യന്ത്രവും ഭാവനയും തമ്മിലുള്ള ആശ്ലേഷണവുമാണ് ഇതിന്റെ ദൃശ്യ ഭാഷ്യം.

ഐ​എഫ്എഫ്കെ 2007ല്‍ ഇതിന്റെ ‘ദൗത്യം’ നിറവേറ്റപ്പെട്ടില്ല എന്ന ചരിത്രം അന്നത്തെ കാഴ്ചക്കാര്‍ക്ക് അറിയാവുന്നതാണ്. എന്നാൽ, വര്‍ഷങ്ങള്‍ക്കു ശേഷം 2015ല്‍ വിപിന്റെ ഷോര്‍ട്ട് ഫിലിമുകളുടെ റിട്രോസ്‌പെക്ടീവ് ജര്‍മ്മനിയിലെ ഒബെർ ഹൗസേൻ ഫിലിം ഫെസ്റ്റിവെലില്‍ ഇത് ഏറെ പ്രശംസിക്കപ്പെട്ടു! ആ ചിത്രം കൊണ്ട് വിപിൻ ഉദ്ദേശ്യിച്ച ദൗത്യം സ്വന്തം നാടിന് പുറത്ത് നിറവേറി! എന്ത് വിരോധാഭാസം!

വിഷപർവം/ വെനമസ് ഫോൾഡ്‌സ്

vipin vijay, director

പഞ്ചേന്ദ്രിയങ്ങളാല്‍ അനുഭവവേദ്യമാകുന്ന പ്രകൃതിയുടെ ചലനങ്ങളെ ശ്രേണിബന്ധമായി അണിനിരത്തി ജീവിതത്തിന്റെ ഉണ്മയെ തേടുന്ന ചില കഥാപാത്രങ്ങളിലൂടെയുള്ള ദൃശ്യപര്‍വ്വമാണിത്. ഒരു സാമ്പ്രദായിക വിഷഹാരി, ഒരു കുറ്റവാളി, ഒരു സര്‍പ്പശാസ്ത്രജ്ഞൻ, പാരമ്പര്യ വൈദ്യൻ എന്നിവരിലൂടെ – രോഗിയും രോഗഹാരിയും, സൃഷ്ടിയും സൃഷ്ടാവും, ജനനവും മരണവും, മിത്തും യാഥാര്‍ത്ഥ്യവും – കലര്‍ന്നുപോകുന്ന വ്യത്യസ്തമായ ഡോക്യുമെന്ററി.

ഭൂമിയിൽ ചുവടുറച്ച് / ഫീറ്റ് അപ്പോൺ ദ് ഗ്രൗണ്ട്

vipin vijay, director

അടൂര്‍ ഗോപാലകൃഷ്ണനെക്കുറിച്ച് വിപിൻ സംവിധാനം ചെയ്ത മൂന്ന് മണിക്കൂർ ദൈര്‍ഘ്യമുള്ള ഈ ഡോക്യുമെന്ററി അതിന്റെ പേര് സൂചിപ്പിക്കും പോലെ അടൂരിന്റെ സര്‍ഗ്ഗാത്മക പ്രവൃത്തിയെയും അതിനു നിതാനമായ ആശയങ്ങളെയും സാമൂഹിക – രാഷ്ട്രീയ സാഹചര്യങ്ങളെയും ഭൂതവും, വര്‍ത്തമാനവും മിഥ്യയും യാഥാര്‍ത്ഥ്യവും, വസ്തുതകളും സങ്കല്പനവും കൂടിച്ചേര്‍ക്കുന്ന അദ്ദേഹത്തിന്റെ സിനിമകളിലെ ഇടങ്ങളിലൂടെയുള്ള യാത്രയാണ്. ഈ ഇടങ്ങളെ അടൂര്‍ തന്റെ ഡോക്യുവിലൂടെ പരിചയപ്പെടുത്തുന്ന ആവിഷ്‌കാരമാണ് സ്വീകരിച്ചിരിക്കുന്നത്. ”ഒരു കര്‍ഷകന് സ്വന്തം ഭൂമിയുമായുള്ള ബന്ധം പോലെയാണ് അടൂരിന് അദ്ദേഹത്തിന്റെ സിനിമാ ഇടങ്ങളുമായുള്ള ബന്ധം. അതു കൊണ്ടാണ് ഡോക്യുമെന്ററിക്ക് ‘ഭൂമിയില്‍ ചുവടുറച്ച്’ എന്ന പേര് നൽകിയത്” – എന്ന് വിപിൻ പറയുകയുണ്ടായി.

ചിത്രസൂത്രം/ ദ് ഇമേജ് ത്രെഡ്‌സ്

vipin vijay, director

മനുഷ്യനും, പൗരാണിക സ്വത്വങ്ങളും, കംപ്യൂട്ടർ പ്രോഗ്രാമുകളും വൈറസുകളുമെല്ലാം ഇഴചേര്‍ന്നു നില്‍ക്കുന്ന ചിത്ര സൂത്രത്തിലെ നായകന്‍ ഒരേ സമയം ഒരു വ്യക്തിയും അതേ സമയം വ്യക്തി എന്ന സങ്കല്പത്തിൽ നിന്നും തിരിഞ്ഞു നടക്കുന്നവനുമാണ്. സൈബര്‍ സ്‌പേസിലേക്ക് രൂപാന്തരം പ്രാപിച്ച മനുഷ്യന്റെ ഭാവിയെക്കുറിച്ചുള്ള വിചിത്രമായ സംവാദങ്ങളും അവന്റെ ആസക്തി എന്ന മെക്കാനിസത്തെ ടെക്‌നോളജിക്ക് ഉള്‍ക്കൊള്ളാൻ കഴിയുമോ എന്നൊക്കെയുള്ള വിചിത്രമായ അന്വേഷണങ്ങളുടെ ധൈഷണികമായ ദൃശ്യവൽക്കരണവുമാണ് ‘ചിത്രസൂത്രം’ എന്ന ഫീച്ചര്‍ ഫിലിം. ചിത്രസൂത്രത്തെ ‘നിരൂപിക്കാന്‍’ ഉത്തരവാദിത്വമുള്ള (കെല്പുള്ള) ഒരു നിരൂപകനും ‘യഥാസമയം’ മുന്നോട്ടുവന്നില്ല എന്നത് മലയാള സിനിമയിലെ നിരൂപണങ്ങളുടെ പോരായ്മയെ എക്കാലത്തും – ചിത്രസൂത്രം ചര്‍ച്ച ചെയ്യപ്പെടുമ്പോഴെല്ലാം – ഓർമപ്പെടുത്തുക തന്നെ ചെയ്യും ! റോട്ടര്‍ഡാമിൽ മല്‍സര വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കപ്പെട്ട ഈ ചലച്ചിത്രത്തിന് പല രാജ്യങ്ങളിലും വിവിധ പുരസ്‌കാരങ്ങളും ഏറെ നിരൂപക പ്രശംസയും നേടി. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ വരും കാലത്തായിരിക്കും ചിത്രസൂത്രം എന്ന ചലച്ചിത്രം എങ്ങനെയാണ് മലയാള സിനിമയുടെ ഭാവുകത്വത്തിന്റെ ഭാഗധേയം മാറ്റിയെഴുതിയത് എന്ന് വിലയിരുത്തപ്പെടുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ