വയലിൻ വിസ്മയം തീർത്ത കലാകാരൻ, സംഗീതത്തിൽ പുതുവഴി തേടിയ പ്രതിഭ. ബാലഭാസ്കർ എന്ന അനുഗ്രഹീത കലാകാരന്റെ വിയോഗത്തോടെ സംഗീത ലോകത്തിന്റെ നഷ്ടം നികത്താനാവാത്തതാണ്. പുഞ്ചിരിച്ചുകൊണ്ട് വയലിനിൽ ബാലഭാസ്കർ മീട്ടിയ സംഗീതം ആയിരക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളെയാണ് കീഴടക്കിയത്. പ്രണയം നിറഞ്ഞ പാട്ടുകളിലൂടെ മനസ്സിന് കുളിർമയേകാനും വിരഹത്തിലൂടെ ഹൃദയത്തിൽ നൊമ്പരമേകാനും ബാലഭാസ്കറിന്റെ വയലിൻ തന്ത്രികൾക്കായി.
Read: വയലിനിസ്റ്റ് ബാലഭാസ്‌കർ അന്തരിച്ചു
സംഗീത പാരമ്പര്യമുളള കുടുംബത്തിലായിരുന്നു ബാലഭാസ്കറിന്റെ ജനനം. തിരുമല സ്വദേശി ചന്ദ്രൻ (റിട്ട. പോസ്റ്റ്മാസ്റ്റർ) ആണ് അച്ഛൻ. അമ്മ ശാന്തകുമാരി. സംഗീത കോളേജിൽ സംസ്കൃത അധ്യാപികയായിരുന്നു. ബാലുവിന്റെ അമ്മയുടേത് സംഗീത കുടുംബമാണ്. അപ്പൂപ്പൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നാദസ്വര വിദ്വാനായിരുന്നു. അമ്മയുടെ സഹോദരൻ ബി.ശശികുമാർ വിഖ്യാത വയലിൻ വാദകനാണ്. അദ്ദേഹമായിരുന്നു ബാലഭാസ്‌കറിന്റെ ഗുരുനാഥൻ.
ചെറുപ്പത്തിൽ തന്നെ അമ്മാവനിൽനിന്നും ബാലഭാസ്കർ വയലിൻ പഠനം തുടങ്ങി. വളരെ ചെറുപ്പത്തിൽ തന്നെ സംഗീത ഉപകരണങ്ങൾകൊണ്ട് ബാലു വിസ്മയം തീർത്തു. 12-ാം വയസ്സിൽ ആദ്യ കച്ചേരി നടത്തി. 17-ാം വയസ്സിൽ മംഗല്യപ്പല്ലക്ക് എന്ന സിനിമയ്ക്ക് സംഗീത സംവിധാനം നിർവ്വഹിച്ചു.
കോളേജിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ’കോൺസൺട്രേറ്റഡ് ഇൻ ടു ഫ്യൂഷൻ’ എന്ന മ്യൂസിക് ബാൻഡ് തുടങ്ങി. ഈസ്റ്റ് കോസ്റ്റുമായി ബാലുവിന്റെ ബാൻഡ് കൈകോർത്തപ്പോൾ പിറന്നത് നിനയ്ക്കായ്, നീ അറിയാൻ തുടങ്ങിയ ഹിറ്റ് ആൽബങ്ങൾ. നിനയ്ക്കായ് എന്ന ആൽബത്തിലെ ‘നിനയ്ക്കായ് തോഴി പുനർജനിക്കാം’ എന്ന ഗാനം ഇപ്പോഴും മലയാളി ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.
സിനിമയിൽ നിരവധി അവസരങ്ങൾ തേടിയെത്തിയെങ്കിലും ബാലു തിരഞ്ഞെടുത്തത് സംഗീതത്തിൽ വേറിട്ട വഴിയായിരുന്നു. ഫ്യൂഷൻ മ്യൂസിക്കിലായിരുന്നു ബാലു ശ്രദ്ധ വച്ചത്. പുത്തൻ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പഴയ പാട്ടുകളുടെ ഈണം ഒട്ടുംതന്ന ചോർന്നുപോകാതെ ബാലു അവയ്ക്ക് പുത്തൻ രൂപം നൽകി. പിന്നീടങ്ങോട്ട് ബാലുവിന്റെ ഫ്യൂഷൻ മ്യൂസിക്കിലൂടെ ആരാധകർ കേട്ടത് നിരവധി ഹിറ്റ് ഗാനങ്ങൾ. ആയിരക്കണക്കിന് വേദികളിൽ ബാലു സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു. കെ.ജെ.യേശുദാസ്, ശിവമണി തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം വേദി പങ്കിട്ടു.
വയലിനിൽ ബാലു വിസ്മയം തീർത്തത് നൂറുകണക്കിന് പാട്ടുകൾക്ക്. കാൽനൂറ്റാണ്ടോളം സംഗീത രംഗത്ത് നിറഞ്ഞുനിന്നിരുന്ന ബാലുവിന്റെ വിയോഗം ലോകമെങ്ങുമുളള ആയിരക്കണക്കിന് ആരാധകരെയാണ് സങ്കടത്തിലാഴ്ത്തിയത്.