scorecardresearch

കുറച്ചത് 16 കിലോ; പുതിയ മേക്കോവറിനെ കുറിച്ച് വിനു മോഹൻ

പുതിയ ചിത്രത്തിനു വേണ്ടിയാണ് വിനുവിന്റെ മേക്കോവർ

കുറച്ചത് 16 കിലോ; പുതിയ മേക്കോവറിനെ കുറിച്ച് വിനു മോഹൻ

സിനിമാകുടുംബത്തിൽ നിന്നും അഭിനയത്തിലേക്ക് എത്തിയ നടനാണ് വിനുമോഹൻ. കൊട്ടരക്കര ശ്രീധരൻനായരുടെ കൊച്ചുമകനും സായ് കുമാറിന്റെ അനന്തരവനും നടി ശോഭ മോഹന്റെ മകനുമായ വിനുവിന്റെ അരങ്ങേറ്റം ലോഹിതദാസിന്റെ ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു. സൈക്കിൾ, ചട്ടമ്പിനാട്, പുലിമുരുകൻ, ഇട്ടിമാണി തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളെയാണ് വിനു അവതരിപ്പിച്ചത്.

ചിട്ടയായ വ്യായാമത്തിലൂടെ 16 കിലോയോളം കുറച്ച് അമ്പരപ്പിക്കുകയാണ് വിനു മോഹൻ ഇപ്പോൾ. വിനുവിന്റെ പുതിയ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

“പൊതുവെ വ്യായാമം ചെയ്യാൻ മടിയുള്ള ആളാണ് ഞാൻ, പോരാത്തതിന് നല്ല ഭക്ഷണപ്രിയനും. കോവിഡ് സമയത്ത് വലിയ രീതിയിൽ തടികൂടി, എനിക്ക് തന്നെ അസ്വസ്ഥത തോന്നി തുടങ്ങിയിരുന്നു. ഭാരം കുറയ്ക്കാൻ പ്രചോദനമായത് ഭാര്യ വിദ്യയാണ്. അതിനിടയിൽ ഒരു കഥാപാത്രം വന്നു ചേർന്നു, കുറച്ചുകൂടെ ശരീരഭാരം കുറച്ചാൽ മാത്രമേ ആ കഥാപാത്രത്തോട് നീതി പുലർത്താനാവൂ എന്നു തോന്നി. അങ്ങനെയാണ് വർക്കൗട്ട് ആരംഭിച്ചത്. വെയിറ്റ് കുറയാൻ തുടങ്ങിയതോടെ ഉത്സാഹം കൂടി, ഇപ്പോൾ ഏതാണ്ട് 16 കിലോയോളം കുറച്ചു,” വിനു മോഹൻ പറയുന്നു. താരസംഘടനയായ അമ്മയും മഴവില്‍ മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ് 2022ന്റെ പ്രാക്ടീസിനിടെ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു വിനു.

നടി വിദ്യയാണ് വിനുവിന്റെ ഭാര്യ. 2013ൽ ആയിരുന്നു വിദ്യയുമായുള്ള വിവാഹം. സീരിയലുകളിലും സിനിമകളിലും ശ്രദ്ധേയയായ വിദ്യ വെക്കേഷൻ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. ഈ തിരക്കിനിടയിൽ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിദ്യയും വിനുവും സൗഹൃദത്തിലായത്. വിനുവിന്റെ സഹോദരൻ അനു മോഹനും ഇപ്പോൾ സിനിമയിൽ സജീവമാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vinu mohan about his weight loss journey