scorecardresearch
Latest News

ഭൂതത്തിനും ഭാവിക്കുമിടയിലെ വർത്തമാനം: ‘ചുരുളി’ സിനിമാനുഭവത്തെക്കുറിച്ച് കഥാകൃത്ത് വിനോയ് തോമസ്

മിത്തുകളുടെ സമൃദ്ധിയിൽ സയൻസ് ഫിക്ഷന്റെ ഭാവനയിൽ, കുറ്റവാളിക്കും നിയമപാലകനും ഇടയിലെ പരിവർത്തനങ്ങളുടെ കാണാരേഖകളുടെ കാഴ്ചകളിലേക്ക് സാഹിത്യവും സാങ്കേതികവിദ്യയും സന്നിവേശിപ്പിച്ച കലയുടെ ചുട്ടികുത്തലാണ് ‘ചുരുളി.’ ‘ചുരുളി’ക്ക് ആധാരമായ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെഴുതിയ വിനോയ് തോമസ് എഴുതുന്നു

ഭൂതത്തിനും ഭാവിക്കുമിടയിലെ വർത്തമാനം: ‘ചുരുളി’ സിനിമാനുഭവത്തെക്കുറിച്ച് കഥാകൃത്ത് വിനോയ് തോമസ്

എന്റെ ഒരു കഥ സിനിമയായി മാറുന്നത് ആദ്യമായിട്ടാണെങ്കിലും ഏറ്റവും കൂടുതൽ സന്തോഷം തരാൻ കാരണം അതല്ല. എന്റെ കഥ സിനിമയായെന്നത് സന്തോഷത്തിന്റെ കാരണങ്ങളിൽ മൂന്നാമതോ നാലാമതോ മാത്രം വരുന്നതാണ്. എന്റെ കഥ സിനിമയായി എന്നതിനേക്കാളേറെ ‘ചുരുളി’ എന്ന സിനിമ സന്തോഷം നൽകുന്ന മറ്റു ചില കാരണങ്ങളുണ്ട്. ആ കാരണങ്ങൾ എന്റെ മാത്രമല്ല, ഒരു പക്ഷേ മലയാള സിനിമയുടെയും മലയാളിയുടെ സാംസ്കാരിക ഇടപെടലുകളുടെയും വേറിട്ടൊരു വഴിയിലേക്കുള്ള യാത്രയുടെ സൂചകം കൂടിയാകാം.

മലയാളത്തിൽ ‘ചുരുളി’ പോലൊരു സിനിമയുണ്ടായെന്നതാണ് സന്തോഷത്തിന്റെ ആദ്യ കാരണം. അങ്ങനെ പറയുമ്പോൾ എന്താണ് കാരണമെന്നു ചോദ്യമുയരും. അതിനുള്ള മറുപടി വളരെ ലളിതമാണ്. മലയാളികളുടെ ഉള്ളിൽ ഉറച്ചുപോയ പല ധാരണകളെയും മറികടക്കാൻ ഈ സിനിമ ഉപകരിക്കുമെന്നതാണ്. ഭാഷയെ സംബന്ധിച്ച്, മനുഷ്യജീവിതത്തെ സംബന്ധിച്ച്, നിയമവ്യവസ്ഥയെ സംബന്ധിച്ച് തുടങ്ങി നമ്മുടെ വിവിധ സാംസ്കാരിക അവസ്ഥകളെക്കുറിച്ചുള്ള ചിന്തകളെ, ധാരണകളെ, വിശ്വാസങ്ങളെ ഈ സിനിമ മറികടക്കുന്നുണ്ട്. ഏതൊക്കയോ ധാരണകളുടെ വഴിക്കുരുക്കുകളിൽ കിടക്കുന്നവർക്ക് ആ ചിന്താ ചുരുളിയിൽനിന്നു പുറത്തുകടക്കാൻ ഉപകരിക്കുന്നതാകും ഈ സിനിമയെന്ന് തോന്നുന്നു. അതാകും ഈ സിനിമ എനിക്ക് സന്തോഷം നൽകുന്ന ആദ്യ കാര്യമാകുന്നത്.

churuli, vinoy thomas, iemalayalam
ചിത്രീകരണം : വിഷ്ണു റാം

കുറ്റവാളിയും നിയമപാലകനും എന്ന ദ്വന്ദത്തെ നിർവചിക്കുകയാണ് ഈ സിനിമ. അതിനായി ഈ സിനിമ പല ടൂളുകളും സ്വീകരിച്ചിട്ടുണ്ട്. അതിലൊരു ടൂൾ മാത്രമാണ് ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന എന്റെ കഥ. ഈ സിനിമയെ ഈ രൂപത്തിലാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് സാഹിത്യകാരനും സുഹൃത്തുമായ എസ് ഹരീഷ് എന്ന തിരക്കഥാകൃത്തിന്റെ വിളക്കിച്ചേർക്കലുകളാണ്.

സാഹിത്യത്തെയും സിനിമയെയും വിളക്കിച്ചേർത്ത് തിരക്കഥയൊരുക്കിയ ഹരീഷ് എന്ന തിരക്കഥാകൃത്തിന്റെ ഇടപെടൽ. സാധാരണഗതിയിൽ കടന്നുപോകുന്ന എന്റെ കഥയിൽ, പുതുതായി ഒരു നാടോടിക്കഥ കൂട്ടിച്ചേർത്തു. അതിലെ സാധ്യത വച്ചാണ് തിരക്കഥ തയാറാക്കിയത്. പെരുമാടൻ എന്ന സങ്കൽപ്പം. പൊട്ടിത്തിരിക്കുക, വഴിതെറ്റിക്കുക എന്നൊക്കെ പറയുന്ന സങ്കൽപ്പം. അതുപോലെ നമ്മുടെ ദേവതാ, ക്രിസ്ത്യൻ വിശ്വാസത്തിലെ മാതാവ് എന്ന സങ്കൽപ്പവും. ഇവർ ജ്യേഷ്ഠത്തി അനുജത്തിമാരാണെന്ന സങ്കൽപ്പം. അങ്ങനെ മിത്തുകളുടെ സമൃദ്ധമായ സന്നിവേശം ‘ചുരുളി’യിൽ കാണാനാകും.

ഒരു പക്ഷേ, കേരളീയമായ മിത്തുകളുടെ സാധ്യത ഇത്രയധികം ഉപയോഗിച്ച ഒരു സിനിമ മലയാളത്തിലുണ്ടായിട്ടുണ്ടോയെന്ന് സംശയമുണ്ട്. ജി. അരവിന്ദന്റെ കുമ്മാട്ടിയാണ് മിത്ത് ഭാവാനാത്മകമായി ഉപയോഗിച്ച മലയാള സിനിമ. അതിനുശേഷം മിത്തിനെ സിനിമയിൽനിന്നു മാറ്റിനിർത്തിയ കാലമാണ് മലയാളി കടന്നുപോയതെന്നു തോന്നുന്നു. നമ്മുടെ ആ സമൃദ്ധമായ മിത്തുകളുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവാണ് ഹരീഷ് എന്ന തിരക്കഥാകൃത്തും ലിജോ ജോസ് പെല്ലിശ്ശേരി എന്ന മലയാളത്തിലെ മികച്ച ഫിലിം മേക്കറും കൂടി ‘ചുരുളി’യിലൂടെ മലയാളിയുടെ കണ്ണുകൾക്കു മുന്നിൽ തുറന്നുവയ്ക്കുന്നത്.

churuli, vinoy thomas, iemalayalam


കേരളത്തിന്റെ പുരാവൃത്ത പാരമ്പര്യം ഈ സിനിമയുടെ ഭാഷയിലും ആർട്ട് വർക്കിലും ശബ്ദവിന്യാസത്തിലുമെല്ലാം സമൃദ്ധമായി വിനിയോഗിച്ചിട്ടുണ്ട്. പുരാവൃത്തത്തിലെ സർഗാത്മകതയുടെ സാധ്യതകൾ ഉപയോഗിച്ചുള്ള വീണ്ടെടുപ്പ് നടത്താനുള്ള ശ്രമമാണ് ‘ചുരുളി’യിൽ നടത്തിയിരിക്കുന്നത്. വാമൊഴി ഭാഷയുടെ സജീവത നിലനിർത്തുകയെന്നുള്ളത് സിനിമയുടെ ദൗത്യം തന്നെയാണ്. അത് നിർവഹിക്കുന്നതിൽ ‘ചുരുളി’ വിജയിച്ചുവെന്ന് തന്നെയാണ് എന്റെ വിശ്വാസം.

മിത്തിൽ മാത്രം ഒതുക്കി നിർത്തിയില്ല. തിരക്കഥയിലെ സർഗാത്മകത പടർന്നത് മിത്തിൽനിന്നു സയൻസ് ഫിക്ഷനിലേക്കായിരുന്നു. ഭാവനയുടെ രണ്ടു കാലങ്ങളുടെ സർഗാത്മകമായ സംയോഗമാണ് ഈ സിനിമയിൽ കാണാനാവുന്നത്. ടൈം ലൂപ് അഥവാ സമയചക്രം, എക്‌സ്ട്രാ ടെറസ്റ്റിയൽ ലൈഫ് ഒക്കെ കടന്നുവരുന്ന സയൻസ് ഫിക്ഷൻ സാധ്യതകളുടെ കൂടിച്ചേരൽ.

കഥയിൽനിന്നു തിരക്കഥയിലേക്കു പോകുമ്പോൾ വലിയൊരു വളർച്ച കാണാനാകും. അവിടെയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന മജീഷ്യൻ ഇടപെടുന്നത്. കലയുടെയും സാങ്കേതികവിദ്യയുടെയും ഭാവനയുടെയും സാഹിത്യത്തിന്റെയും സാധ്യതകളെ അസാമാന്യ പാടവുമുള്ള മാന്ത്രികന്റെ കയ്യടക്കത്തോടെ ലിജോ മലയാളത്തിലെ പുതിയൊരു സിനിമയാക്കി പ്രേക്ഷകർക്കു മുന്നിലേക്കു വച്ചു.

കഥയിലെ സാധ്യതയെ മിത്ത് സാധ്യത ഉപയോഗിച്ച് സിനിമയെ ഇതു വരെ കാണാത്ത മലയാള സിനിമയായി ഉയർത്തുന്നുവെന്നതാണ് ആഹ്ളാദിപ്പിച്ച പ്രധാന കാരണം. നൂറ് കോടി രൂപ ചെലവഴിച്ച് ചെയ്യേണ്ടതെന്നു പറയുന്ന സിനിമ 19 ദിവസത്തെ ഷൂട്ട് കൊണ്ട് ലിറ്ററി ധന്യാത്മകമായ ഒന്നിനെ വിഷ്വലി അതിഗംഭീരമാക്കി മാറ്റിയെടുത്ത് കാണുമ്പോൾ സന്തോഷം തോന്നുന്നു.

ഹരീഷിന്റെ തിരക്കഥയും ലിജോയുടെ സംവിധാനത്തിനും പുറമെ മൂന്നാമത്തെ കാര്യം, നമുക്ക് ഇന്നു ലഭ്യമായ സാങ്കേതികവിദ്യയെ അതിമനോഹരമായി സിനിമാ എന്ന കലാരൂപത്തിന്റെ ആത്മാവിനോട് ചേർത്തിണിക്കിയ ഒന്നായി ഉപയോഗിക്കാമെന്ന് തെളിയച്ചതാണ്. ക്യാമറ, ഗ്രാഫിക്സ്, എഡിറ്റിങ്, മ്യൂസിക് എന്ന് വേണ്ട തൊട്ടിടത്തെല്ലാം സാങ്കേതികവിദ്യയുടെ അനുഗ്രഹം അതിമനോഹരമായി ഉപയോഗിച്ചിരിക്കുന്നതു കാണാനാകും.

churuli, vinoy thomas, iemalayalam

മറ്റൊന്ന്, ഈ സിനിമയിൽ ഭാഷാപരമായ ഒരു ഇടപെടലുണ്ട്, ഭാഷാപരമായ ഒരു സംഭവമുണ്ട്. സിനിമയിലെ തെറിയാണ് ക്ലിപ്പ് എടുത്ത് ചിലർ ആഘോഷിക്കുന്നത്. സിനിമ പൂർണമായി കാണുന്ന ഒരാളെ സംബന്ധിച്ച്, അതിലെ ഈ ഭാഷാപ്രയോഗങ്ങൾ പ്രത്യേകമായി മാറിനിൽക്കുന്ന ഒന്നായി തോന്നില്ല. അത്രമാത്രം സിനിമയുമായി ലയിച്ചുകിടക്കുന്നതാണത്. ആ വിഷയം ആ സമയത്ത് അത്തരം പ്രയോഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അടർത്തിമാറ്റിയുള്ള പ്രയോഗങ്ങളല്ല, ചേർന്നു പോകുന്നിടത്താണ് അതിനു പ്രസക്തി.

പ്രധാനപ്പെട്ട മറ്റൊരു കാര്യം സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ്. ആരാണ് കുറ്റവാളി, ആരാണ് നിയമപാലകൻ എന്ന ചോദ്യമാണത്. ഇന്നും ഓരോ വാർത്ത കേൾക്കുമ്പോഴും ഈ ചോദ്യം വളരെ ശക്തമായി ഉയരുന്നുണ്ട്. സാധാരണക്കാരൻ/സാധാരണക്കാരി ചെയ്യുന്ന പ്രവൃത്തി കുറ്റമായി കാണുകയും അതേ പ്രവൃത്തി ഭരണകൂടമോ ഭരണാധികാരിയോ ചെയ്യുമ്പോൾ കുറ്റമല്ലാതാകുകയും ചെയ്യുന്നതു കാണാം. കുറ്റകൃത്യങ്ങളുടെയും നിയമത്തിന്റെയും ചുരുളിയാണ്, ലാബറിന്താണ് ഈ സിനിമ. ജീവിതത്തിന്റെ, കുറ്റകൃത്യത്തിന്റെ, നിയമത്തിന്റെ പരിവർത്തനമാണ് സിനിമ. ഒരു പൊലീസുകാരന്റെ ഗംഭീരമായി പരിവർത്തനം. എങ്ങനെയാണു കുറ്റവാളി ജനിക്കുന്നുവെന്നത് കാണാൻ കഴിയും.

Also Read: Churuli Movie Review: ചുരുളഴിയാത്ത ‘ചുരുളി’

അഭിനേതാക്കളുടേത് സ്വാഭാവികമായ പ്രകടനമായിരുന്നു. അവർ അഭിനയിക്കുകയല്ല, അതിൽ ജീവിക്കുകയാണ്. കുറച്ച് ആർട്ടിസ്റ്റുകൾ ഒഴിച്ചാൽ അതിൽ അഭിനിയച്ചതു മുഴുവൻ തദ്ദേശീയരാണ്. അവരുടെ സ്വാഭാവിക പെരുമാറ്റമാണ് സിനിമയിൽ കാണാനാവുന്നത്.

കഥ സിനിമയായത് അവിചാരിതമായാണ്. കഥയെക്കുറിച്ച് ഹരീഷുമായി സംസാരിക്കാറുണ്ട്. ഈ കഥ ഹരീഷിന് വായിക്കാൻ കൊടുത്തു. ആ സമയത്ത് ഹരീഷിന്റെ കഥയുമായി ലിജോ ജോസ് പെല്ലിശ്ശേരി സിനിമ ചെയ്യാൻ ആലോചിക്കുകയായിരുന്നു. എന്റെ കഥ ഹരീഷ് ലിജോയ്ക്ക് നൽകി. അതു വായിച്ച ലിജോ ഇത് സിനിമയാക്കാമെന്നു പറയുകയായിരുന്നു.

സിനിമയക്കു വേണ്ടി ഞാൻ അതുവരെ കഥയെഴുതിയിരുന്നില്ല. ഇപ്പോൾ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ‘ചതുരം’ എന്ന സിനിമയ്ക്കു വേണ്ടി ഞാനും സിദ്ധാർത്ഥും ചേർന്ന് എഴുതിയിട്ടുണ്ട്. നേരത്തെ പലരും പല കഥകളും വായിച്ച് സിനിമാ സാധ്യതകൾ പറഞ്ഞിട്ടുണ്ട്. എന്നാൽ വിശ്വാസം വന്നത് ലിജോയെ പോലൊരു ഫിലിം മേക്കർ അതേക്കുറിച്ച് പറഞ്ഞപ്പോഴാണ്. ലിജോയെ പോലൊരു ഫിലിം മേക്കറെ എന്റെ ഒരു കഥ പ്രചോദിപ്പിച്ചതും അതിലൊരു സിനിമ വന്നതും അത് മലയാള സിനിമയ്ക്ക് അഭിമാനിക്കാവുന്നതായതും അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലുമൊക്കെ സന്തോഷമുണ്ട്.

അങ്ങനെ ഒട്ടേറെ സന്തോഷം ഈ സിനിമ എനിക്ക് നൽകുന്നുണ്ട്. 19 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത ‘ചുരുളി’ നവംബർ 19 ന് റിലീസ് ചെയ്തു. അത് അവിചാരിതമായി എനിക്കു ജന്മദിന സമ്മാനമായെന്നതാണ് സന്തോഷപ്പട്ടികയിലെ ഏറ്റവും അവസാനത്തെ ഇനം.

Read More: വിനോയ് തോമസിന്‍റെ മറ്റ് രചനകള്‍ ഇവിടെ വായിക്കാം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vinoy thomas writer on churuli movie