പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ഹൃദയം’. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് ചിത്രത്തിലെ നായികമാർ. കാന്‍ ചാനലിന് നൽകിയ അഭിമുഖത്തിൽ സിനിമയെക്കുറിച്ചും പ്രണവ് മോഹൻലാലിനെക്കുറിച്ചും വിനീത് സംസാരിച്ചു.
ഹൃദയം ആലോചിക്കുന്ന സമയത്ത് ദുൽഖർ, നിവിൻ പോളി, ആസിഫ് അലി ഇങ്ങനെ പലരും മനസിൽ വന്നിരുന്നതായി വിനീത് പറഞ്ഞു. ഇവരെല്ലാവരും ക്യാംപസ് സിനിമകൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അപ്പുവിന്റെ മുഖം മനസിലേക്ക് വരുന്നത്. സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അപ്പുവിനെ വച്ച് ഈ സിനിമ ചെയ്യണമെന്നു ആഗ്രഹിച്ചിരുന്നതായി വിനീത് അഭിമുഖത്തിൽ വെളിപ്പെടുത്തി.
അപ്പുവിന് അധികമൊന്നും പറഞ്ഞു കൊടുക്കണ്ട. ഈ സിനിമയിൽ വിജയരാഘവൻ പ്രണവിനെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ആ സീനിനു മുൻപ് ഞാൻ കാണുന്ന അപ്പുവും അതു കഴിഞ്ഞു കാണുന്ന അപ്പുവും രണ്ടും രണ്ടാണ്. അതു കഴിഞ്ഞപ്പോൾ അവന്റെ പെർഫോമൻസിൽ വലിയ മാറ്റം എനിക്കു തോന്നി. അപ്പുവിന് സ്ക്രിപ്റ്റ് മനഃപാഠമാണ്. ഭയങ്കര കൃത്യനിഷ്ഠയാണ്. സെറ്റിൽ എല്ലാവർക്കും അവനെ ഇഷ്ടമാണ്. എല്ലാവരും അവനു വേണ്ടി പ്രാർത്ഥിക്കാറുണ്ടെന്നും വിനീത് പറഞ്ഞു.
”ലാൽ അങ്കിളിന്റെ എറണാകുളത്തെ വീട്ടിൽവച്ചാണ് അപ്പുവിനോട് കഥ പറയുന്നത്. കഥ കേട്ടതിനുശേഷം എനിക്ക് ഒരു ദിവസം സമയം തരുമോയെന്നു ചോദിച്ചു. ഒന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഞങ്ങൾ സംസാരിച്ചു. അപ്പോൾ അപ്പു പറഞ്ഞത്, എന്റെ ഭാഗത്തുനിന്നു ഓകെയാണ്. വിനീതിന് എന്നെക്കാൾ നല്ല നടന്മാരെ പ്ലാൻ ചെയ്യണമെങ്കിൽ ചെയ്യാമെന്നു പറഞ്ഞു. അങ്ങനെയൊരു പ്ലാൻ ഉണ്ടെങ്കിൽ അപ്പുവിന്റെ അടുത്ത് വരുമോയെന്നു ഞാൻ ചോദിച്ചു. അങ്ങനെ സംസാരിക്കുന്ന ഒരാളാണ്. അങ്ങനെ സംസാരിക്കുന്ന വേറെ നടന്മാരുണ്ടെന്ന് തോന്നുന്നില്ല.”
”പല ആൾക്കാരും ഓരോ ആൾക്കാരുടെ അടുത്തും ഓരോ രീതിയിലാണ് സംസാരിക്കുന്നത്. അപ്പു അങ്ങനെ ഒരാളല്ല. അവന് സ്കിൽഡ് ആയിട്ടുള്ള ആൾക്കാരോട് ഭയങ്കര ബഹുമാനമാണ്. ഊട്ടിയിൽ ഷൂട്ട് കഴിഞ്ഞിട്ട് അപ്പുവിന്റെ വീട്ടിലാണ് താമസിച്ചത്. അവിടെ ഒരു തോട്ടക്കാരനുണ്ട്. ഞാൻ അവനോട് ഇത് കഴിഞ്ഞിട്ട് എങ്ങോട്ടാണ് യാത്ര, ഹിമാലയത്തിലേക്കാണോയെന്നു ചോദിച്ചു. ഇല്ല, ഞാൻ ഇവിടെ തിരിച്ചു വന്നാലോയെന്നു ആലോചിക്കുകയാണ്. ആ ചേട്ടനെ കണ്ടോ, പുള്ളി ഗാർഡനിങ് നല്ല രസമായിട്ട് ചെയ്യുന്നുണ്ട്. എനിക്ക് ആ ചേട്ടനോടൊപ്പം നിന്ന് പഠിച്ചാൽ കൊള്ളാമെന്നുണ്ട്. അങ്ങനെയുള്ള ഒരാളാണ് അവൻ,” വിനീത് പറഞ്ഞു.
Read More: പ്രണവ് മോഹൻലാലിന് സ്പോട്ട് ഡബ്ബ് ചെയ്ത് കൊച്ചു മിടുക്കൻ; വീഡിയോ