നടൻ ആസിഫ് അലിക്ക് പിന്തുണയുമായി വിനീത് ശ്രീനിവാസൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ സിനിമയ്ക്ക് തിയേറ്ററുകളിൽനിന്നും വേണ്ടത്ര പ്രതികരണം ലഭിക്കാത്തതിൽ ഫെയ്സ്ബുക്ക് വിഡിയോയിലൂടെ ആസിഫ് നിരാശ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടന് പിന്തുണയുമായി വിനീത് എത്തിയത്. തന്റെ ചിത്രമായ തിര റിലീസായ സമയത്തും ഇതേ പ്രശ്നം നേരിട്ടതായി വിനീത് പറഞ്ഞു.

വിനീതിന്റെ വാക്കുകൾ
ആസിഫ് സംസാരിച്ചതുകേട്ടപ്പോൾ വിഷമം തോന്നി. എന്റെ രണ്ടു മൂന്നു സുഹൃത്തുക്കൾ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ സിനിമ കണ്ടിട്ട് വ്യത്യസ്തമായ സിനിമയാണെന്നു എന്നോട് പറഞ്ഞു. എനിക്ക് ഇതുവരെ സിനിമ കാണാൻ പറ്റിയിട്ടില്ല. ഞാൻ ചെന്നൈയിലാണുളളത്. തിര റിലീസ് ആയ സമയത്ത് ഇതുപോലൊരു സാഹചര്യം ഉണ്ടായിരുന്നു. എല്ലാവരും ഓൺലൈനിൽ അഭിപ്രായം പറയും, പക്ഷേ തിയേറ്ററിൽ പോയി ആരും സിനിമ കാണില്ല. അന്ന് എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥലയിലായിരുന്നു ഞങ്ങൾ.

എന്തെങ്കിലും വ്യത്യസ്തമായ രീതിയിൽ മലയാള സിനിമ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് പുതിയ സംവിധായകർ ഓരോ സിനിമയും ചെയ്യുന്നത്. നിങ്ങൾക്ക് ഇത്തരത്തിലൊരു സിനിമ കാണാൻ ആഗ്രഹമുണ്ടെങ്കിൽ സമയം മാറ്റിവച്ച് തിയേറ്ററിൽ പോയി കാണുക. ഞാൻ ഉറപ്പായും അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ കാണും. ആസിഫിനും അഡ്വഞ്ചേഴ്സ് ഓമനക്കുട്ടന്റെ മുഴുവൻ പ്രവർത്തകർക്കും എന്റെ പൂർണ പിന്തുണയുണ്ട്.

Read More: ഓമനക്കുട്ടന്‍റെ വിധി ഇതാവരുത്; ഒരുപാട് പേരുടെ കഷ്ടപ്പാടാണ് ഈ സിനിമ: ആസിഫ് അലിയുടെ അഭ്യർഥന

എന്റെ ഒരുപാട് സുഹൃത്തുക്കൾ വർക്ക് ചെയ്ത സിനിമയാണ് ഗോദ. അതും തിയേറ്ററിലുണ്ട്. പക്ഷേ ഗോദയ്ക്ക് നല്ല തിയേറ്ററുകൾ കിട്ടി. ഗോദ വിജയമാണ്. അതിൽ ഞങ്ങൾക്കെല്ലാവർക്കും സന്തോഷമുണ്ട്. മറ്റു ഭാഷകളിലുളള സിനിമകൾ വരുമ്പോഴുളളതിന്റെ പത്തോ ഇരുപതോ ശതമാനം ആവേശമെങ്കിലും മലയാളത്തിലുളള സിനിമകൾ വരുമ്പോൾ മലയാളികൾ കാണിച്ചിരുന്നുവങ്കിൽ എന്ന് ആഗ്രഹിക്കുകയാണ്. ഇത് നല്ല സിനിമയാണെങ്കിൽ അതിനെക്കുറിച്ച് നല്ല അഭിപ്രായം എഴുതുക.

ബാഹുബലി റിലീസായ സമയത്ത് ഓൺലൈനിലൂടെ പലരും ഹാഷ് ടാഗുകളിലൂടെ നല്ല അഭിപ്രായങ്ങൾ എഴുതി. അതുപോലെ അഡ്വഞ്ചേഴ്സ് ഓമനക്കുട്ടൻ, ഗോദ, മറ്റു പുതിയ ചിത്രങ്ങൾ എന്നിവയ്ക്കും നല്ല അഭിപ്രായം എഴുതുക. അത് ഞങ്ങൾക്ക് സന്തോഷം പകരുന്ന കാര്യമായിരിക്കും. നല്ല സിനിമകൾ വിജയിക്കട്ടെ. അതിനുവേണ്ടി പ്രേക്ഷകർ കൂടെ നിൽക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ