തന്റേയും അച്ഛന്റേയും പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യാജമാണെന്ന് ആവര്‍ത്തിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്. കമ്മ്യൂണിസ്റ്റായി ജീവിക്കരുതെന്ന് ശ്രീനിവാസന് തനിക്ക് ഉപദേശം നല്‍കിയെന്ന് പറഞ്ഞതായാണ് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇതേ പോസ്റ്റ് മൂന്ന് വര്‍ഷം മുമ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയുണ്ടായി.
ഇത് 100 ശതമാനം വ്യാജമാണെന്ന് വിനീത് പറഞ്ഞു. മുമ്പ് സോഷ്യൽ മീഡിയയില്‍ കാണപ്പെട്ട ഈ പോസ്റ്റ് വീണ്ടും പുറത്തുവന്നിരിക്കുകയാണെന്നും വിനീത് വ്യക്തമാക്കി. ‘പലരും ഇതിനെ കുറിച്ച് ചോദിച്ച് സന്ദേശം അയക്കുന്നത് കൊണ്ടാണ് ഞാന്‍ വിശദീകരിക്കുന്നത്. നേരത്തെ പ്രചരിച്ച വ്യാജ പോസ്റ്റാണിത്. ഞാന്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. ഇത് പ്രചരിപ്പിക്കുന്നതിനെതിരെ അച്ഛന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസ് കൊടുത്തിരുന്നു,’ വിനീത് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഈ പോസ്റ്റ് രണ്ട് വര്‍ഷം മുമ്പ് പ്രചരിച്ചതിനെ തുടര്‍ന്ന് ശ്രീനിവാസന് വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകളെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് താൻ പറയാത്ത കാര്യങ്ങളാണെന്നായിരുന്നു ശ്രീനിവാസന് അന്ന് പറഞ്ഞത്. ജീവിതത്തിൽ ഒരിക്കലും മക്കൾക്ക് രാഷ്ട്രീയ ഉപദേശം നൽകിയിട്ടില്ലെന്നും പ്രചരിക്കുന്നതുപോലെ ഒരു രാഷ്ട്രീയ നിലപാട് താൻ മറ്റൊരിടത്തും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ആരോ മെനഞ്ഞ കള്ളക്കഥയാകാം ഇതെന്നും ദയവായി തന്നെ അതിൽ കരുവാക്കരുതെന്നും ശ്രീനിവാസൻ പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം മുതലാണ് ശ്രീനിവാസന്റെയും മകൻ വിനീത് ശ്രീനിവാസന്റെയും ചിത്രങ്ങളടങ്ങിയ പോസ്റ്റുകൾ ഫെയ്സ്ബുക്കിൽ പ്രചരിച്ചത്. സംഘപരിവാർ അനുഭാവമുള്ളവരുടെ അക്കൗണ്ടുകളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. മോഹൻലാലിന്റെ പേരിലും ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.