സിനിമയുടെ വിവിധ മേഖലകളിൽ സാന്നിധ്യം അറിയിച്ചിട്ടുള്ള പ്രതിഭയാണ് വിനീത് ശ്രീനിവാസനൻ. ഔദ്യോഗിക ജീവിതവും വ്യക്തി ജീവിതവും തമ്മിലുള്ള ബാലൻസ് നിലനിർത്താനും വിനീതിനു സാധിക്കാറുണ്ട്.
നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്‌ക്കെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മക്കൾക്കൊപ്പം ചിരിയും കളിയുമായിട്ടുള്ള തന്റെ അച്ഛൻ വേഷവും വിനീത് നന്നായി ആസ്വദിക്കുന്നുണ്ടെന്ന് ആ ചിത്രങ്ങളിൽ നിന്നും മനസിലാക്കാം.
പ്രണയത്തിന്റെ വാർഷികാശംസകൾ നേർന്നു കൊണ്ടുള്ള കുറിപ്പാണ് വിനീതിപ്പോൾ പങ്കുവച്ചിരിക്കുന്നത്. ഭാര്യ ദിവ്യയുമായി പ്രണയത്തിലായിട്ട് പത്തൊമ്പത് വർഷങ്ങൾ കഴിഞ്ഞെന്ന് വിനീത് കുറിപ്പിൽ പറയുന്നു. വ്യത്യസ്തമായ ഇഷ്ടങ്ങളുള്ള വ്യക്തികൾ ഒത്തു ചേർന്ന് പോകുന്നതിൽ അത്ഭുതം തോന്നുന്നെന്നും വിനീത് കൂട്ടിച്ചേർത്തു.
“ഇന്ന് മാർച്ച് 31, ഞാനും ദിവ്യയും പ്രണയിക്കാൻ ആരംഭിച്ചിട്ട് പത്തൊമ്പത് വർഷങ്ങളാകുന്നു. എന്റെ ജീവിതം, ഓർമകൾ അങ്ങനെയെല്ലാം അവളുമായി ബന്ധപ്പെട്ടുള്ളതാണ്. കൗമാരത്തിൽ കണ്ടുമുട്ടിയ ഞങ്ങൾ അന്ന് മുതൽ എപ്പോഴും ഒന്നിച്ചായിരുന്നു. തമ്മിൽ വളരെയധികം വ്യത്യാസമുള്ള രണ്ട് വ്യക്തികൾ ഇങ്ങനെ ഒന്നിച്ച് തുഴയുന്നത് വളരെ ആശ്ചര്യമുള്ള കാര്യമാണ്. ഞാൻ കുറച്ച് ശാന്തനായ വ്യക്തിയാണ് എന്നാൽ അവൾ നേരെ എതിരാണ്. ദിവ്യ വെജിറ്റേറിയനും, എനിക്കാണെങ്കിൽ ഒരു ദിവസം പോലും നോൺ വെജില്ലാതെ പറ്റില്ല. അവൾ അടുക്കും ചിട്ടയുമുള്ള ആളാണ് എന്നാൽ ഞാൻ അങ്ങനെയല്ല. അവൾ ത്രില്ലറുകൾ ഇഷ്ടപ്പെടുമ്പോൾ എന്റെ പ്ലേലിസ്റ്റിലുള്ളത് ഫിൽ ഗുഡ് ചിത്രങ്ങളാണ്.”
“ചില രാത്രികളിൽ ഞാൻ കണ്ണടച്ച് ഉറങ്ങാൻ ശ്രമിക്കുമ്പോൾ ദിവ്യ എന്നോട് പറയും, ഒന്നിനെ കുറിച്ചും ആലോചിക്കാതെ ഉറങ്ങിക്കോളൂയെന്ന്. നിനക്കെങ്ങനെ മനസ്സിലായി എനിക്ക് ഉറങ്ങാൻ പറ്റുന്നില്ലെന്ന ചോദ്യത്തിന് നീ ശ്വാസമെടുക്കുന്നതിൽ നിന്ന് മനസ്സിലാകും എന്നാണ് അവളുടെ മറുപടി. അവൾ എന്റെ ചെറിയ കാര്യങ്ങളെ പോലും മനസ്സിലാക്കിയിരിക്കുന്നു. ഹാപ്പി ആനിവേഴ്സറി ദിവ്യ” വിനീത് കുറിച്ചു.
എഞ്ചിനീയറിങ്ങ് പഠിക്കുന്ന സമയത്ത് കോളേജിൽ വിനീതിന്റെ ജൂനിയറായിരുന്നു ദിവ്യ. 2012 ഒക്ടോബര്‍ 18നാണ് വിനീത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ദിവ്യയെ വിവാഹം ചെയ്യുന്നത്.
വിഹാൻ, ഷനായ എന്നീ പേരുകളിൽ രണ്ടു മക്കളും ഇവർക്കുണ്ട്.