സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ല. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവുതെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. അതിലുപരി നല്ലൊരു ഭർത്താവും അതിലേറെ നല്ലൊരു അച്ഛനും കൂടിയാണ് വിനീത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പമുള്ള സന്തോഷം നിറഞ്ഞ നിമിഷങ്ങൾ വിനീത് ഇടയ്ക്കെല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.
Read More: ഉറക്കത്തിൽ നിന്നും തട്ടിയുണർത്തി ദിവ്യ പറഞ്ഞു, കുഞ്ഞു വരാറായി എന്ന്; മകളുടെ ജനനകഥ പറഞ്ഞു വിനീത്
ഇപ്പോൾ മകൾ ഷനയയുടെയും മകൻ വിഹാന്റെയും ഒരു ചിത്രമാണ് വിനീത് പങ്കുവച്ചിരിക്കുന്നത്. വിഹാൻ ഒരു പാത്രത്തിൽ ഭക്ഷണം കഴിക്കുമ്പോൾ തൊട്ടപ്പുറത്ത് ഷനയയുമുണ്ട്. പക്ഷെ ചേട്ടന്റെ പാത്രത്തിലാണ് ഷനയയുടെ കൈ. താൻ ചെയ്യുന്നത് ആരും കാണുന്നില്ലെന്ന ഭാവത്തിലാണ് കുഞ്ഞ് ഷനയ. നോ ക്യാപ്ഷൻ എന്നെഴുതിയാണ് വിനീത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ മകളുടെ ഒന്നാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഒരു കുറിപ്പ് വിനീത് പങ്കുവച്ചിരുന്നു.
“ഒരു വർഷം മുൻപ് ഒരു ബുധനാഴ്ച രാത്രി, ‘ഹൃദയത്തി’ലെ ഒരു പാട്ടിന്റെ കമ്പോസിംഗ് പൂർത്തിയാക്കി ഞാൻ വൈറ്റിലയിൽ ഞങ്ങൾ താൽക്കാലികമായി വാടകയ്ക്ക് എടുത്ത അപ്പാർട്ട്മെന്റിലേക്ക് ഓടുകയായിരുന്നു. ചെറിയ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് ദിവ്യ പറഞ്ഞു. അന്ന് രാത്രി കനത്ത മഴ പെയ്യുകയും പിറ്റേന്ന് പുലർച്ചെ മൂന്നുമണിയ്ക്ക് മങ്ങിയ കാഴ്ചയിൽ ദിവ്യ ബാത്ത്റൂമിലേക്ക് പോവുന്നതാണ് ഞാൻ കണ്ടത്. ഒന്നും മനസ്സിലാവാൻ കഴിയാത്തത്ര ഉറക്കത്തിലായിരുന്നു ഞാൻ. മൂന്നരയായപ്പോൾ ദിവ്യ എന്റെ തോളിൽ തട്ടി പറഞ്ഞു, “വിനീത്, നമ്മുടെ കുഞ്ഞ് വരികയാണെന്ന് തോന്നുന്നു.”
“പതിനാലര മണിക്കൂറുളോളം നീണ്ട പ്രസവവേദന, അത്രയും സമയം ഞാനവളുടെ കൂടെയുണ്ടായിരുന്നു. ഞാനിതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായിരുന്നു അത്. വൈകുന്നേരം അഞ്ചര മണിയോടെ പ്രിയങ്കയുടെയും ബർത്ത് വില്ലേജിലെ മറ്റു മിഡ് വൈഫുകളുടെയും സഹായത്തോടെ ഞങ്ങളുടെ കുഞ്ഞുസുന്ദരി പുറത്തേക്ക് വന്നു. ഈ ലോകത്തിലേക്ക് വരാൻ അവൾ വലിയ പോരാട്ടം നടത്തി, പോരാളി. ഞാനിതുവരെ ജീവിതത്തിൽ കണ്ട എന്തിനേക്കാളും സുന്ദരിയാണ് അവൾ. ഇപ്പോൾ വാക്കുകൾ കൂട്ടിച്ചേർത്ത് ഉച്ചരിക്കാൻ തുടങ്ങിയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് അവളെന്നെ ആദ്യമായി ‘പപ്പ’ എന്നു വിളിച്ചു. വിഹാനെ പോലെ, പ്രഭാതസൂര്യന്റെ ആദ്യകിരണമാണ് ‘ഷനയ’യും. ഇന്ന് ഒക്ടോബർ മൂന്ന് അവളുടെ ജന്മദിനമാണ്,” എന്നായിരുന്നു വിനീത് പങ്കുവച്ച കുറിപ്പ്