മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കിയ ഒരാളാണ് വിനീത് ശ്രീനിവാസൻ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമാ രംഗത്ത് ഒട്ടുമിക്ക രംഗങ്ങളിലും തന്റെ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട് വിനീത് ശ്രീനിവാസൻ. ഒപ്പം മലയാള സിനിമയിൽ എല്ലാവരും ഇഷ്ടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും കൂടിയാണ് വിനീത് ശ്രീനിവാസൻ.
സിനിമയിൽ ചെറിയ ഇടവേളകൾ നൽകിയാണ് വിനീത് പ്രത്യക്ഷപ്പെടുക. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഇന്ന് രണ്ട് വയസ്സ് തികയുന്ന മകൾ ഷനയയുടെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിനീത്.
“എന്റെ കുഞ്ഞി പെണ്ണിന് ഇന്ന് രണ്ട് വയസ്സ് തികയുന്നു. അമ്മ ഇല്ലാത്തപ്പോൾ ഞങ്ങൾ ചെയ്ത ഏറ്റവും പുതിയ ഫോട്ടോഷൂട്ട് പരമ്പരയിൽ നിന്നാണ് ഈ ചിത്രം. വസ്ത്രത്തിന് കടപ്പാട്: വിഹാന്റെ വസ്ത്രങ്ങൾക്ക്” എന്ന് കുറിച്ചു കൊണ്ടാണ് മകൻ വിഹാന്റെ കുർത്ത അണിഞ്ഞുള്ള ഷനയയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആർജെ മാത്തുക്കുട്ടി, കല്യാണി പ്രിയദർശൻ, വീണ നായർ തുടങ്ങിയ താരങ്ങൾ ഉൾപ്പടെയുള്ളവർ പോസ്റ്റിനു താഴെ മകൾക്ക് ജനംദിനാശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
Also Read: അവളെന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവളായിരിക്കും: സാമന്തയെ കുറിച്ച് നാഗാർജുന
പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ആണ് വിനീതിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രം വിനീത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്.