വിനീത് ശ്രീനിവാസൻ ആൾക്കൂട്ടത്തിനിടയിൽ കൂടി ഓടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആലപ്പുഴ ക്ഷേത്രത്തിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു വിനീത്. ആളുകൾ നിർബന്ധിച്ച് സെൽഫിയെടുക്കാൻ വന്നതിനാലാണ് താരം ഓടി കാറിൽ കയറിയതെന്ന വാർത്തയാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ഇതിനു വിശദീകരണവുമായി എത്തുകയാണ് വിനീത്. അനിയന്ത്രിതമായി തിരക്കുണ്ടായതിനാലാണ് താൻ ഓടിയതെന്നും അതല്ലാതെ നാട്ടുകാർ തന്നെ ഒരു രീതിയിലും ഉപദ്രവിച്ചിട്ടില്ലെന്നും താരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
“വാരനാട് ക്ഷേത്രത്തിൽ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാർത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തിൽ,അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാൻ നിർവാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അൽപദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.”
“പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവൻ.ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വർഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാൽ, ഇനിയും വരും!” വിനീത് കുറിച്ചതിങ്ങനെ.
കോവിഡ് പ്രതിസന്ധികൾക്കു ശേഷം വീണ്ടും സ്റ്റേജ് ഷോകൾ സജീവമാകുകയാണ്. ഷഹീദ് അഷറഫിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘തങ്കം’ ആണ് വിനീതിന്റെ അവസാനം റിലീസിനെത്തിയ ചിത്രം. ബിജു മേനോൻ, അപർണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.