ഗായകൻ എന്ന നിലയിലാണ് വിനീത് ശ്രീനിവാസൻ സിനിമാലോകത്ത് എത്തുന്നത്. പ്രിയദർശൻ ചിത്രം ‘കിച്ചുണ്ടൻമാമ്പഴ’ത്തിലെ ഇൻട്രോ ഗാനത്തിലൂടെ വിനീത് എന്ന ഗായകൻ മലയാളികൾക്ക് സുപരിചിതനായി. പിന്നീട് അഭിയത്തിലേക്കും സംവിധാനത്തിലേക്കും തിരിഞ്ഞ വിനീത് തന്റെ സുഹൃത്തായ ഷാൻ റഹ്മാനെ കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
സംഗീത സംവിധായകൻ ഷാൻ റഹ്മാന്റെ മ്യൂസിക്ക് കൺസർവേറ്ററിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗഹൃദ സംഭാഷത്തിനിടയിലാണ് വിനീത് രസകരമായ ഓർമകൾ പങ്കുവച്ചത്. വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ ‘മലർവാടി ആർട്സ് ക്ലബ്’ ന്റെ സംഗീത സംവിധായകൻ ഷാൻ റഹ്മാനായിരുന്നു.
ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു കോളേജിലെത്തിയപ്പോൾ ഷാൻ ആവേശത്തിൽ കൈ പൊക്കി കാണിച്ചെന്നും ഇതു കണ്ടപ്പോൾ ‘നീ ആര് അണ്ടർടെയ്ക്കറോ’ എന്ന് താൻ ചോദിച്ചെന്നും വിനീത് പറഞ്ഞു. പ്രശസ്ത റെസ്‌ലറായ അണ്ടർടെയ്ക്കർ വിജയിക്കുമ്പോൾ കൈ ഉയർത്തി കാണിക്കാറുണ്ട്. തങ്ങളുടെ ജീവിതത്തിൽ അത്രയും വലിയ കൈയ്യടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും അതിന്റെ ആവേശം കാണിച്ചതാണെന്നും വിനീത് കൂട്ടിച്ചേർത്തു. സൗഹൃദ സംഭാഷണത്തിനിടെ ഇരുവരും പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
ഷാൻ റഹ്മാന്റെ ആദ്യ കാലത്തുള്ള മ്യൂസിക്ക് ബാൻഡിനെക്കുറിച്ചും ആ സമയത്തുണ്ടായ രസകരമായ കാര്യങ്ങളെപ്പറ്റിയും വിനീത് വീഡിയോയിൽ പറയുന്നുണ്ട്. കരിയറിന്റെ തുടക്ക സമയത്ത് ഷാനും വിനീതും ഒരുമിച്ച് ചെയ്ത കോളേജ്, പലവട്ടം തുടങ്ങിയ ഗാനങ്ങൾ വലിയ ഹിറ്റായിരുന്നു.