മലയാള സിനിമയിൽ സംവിധാനം, തിരക്കഥ, അഭിനയം, ആലാപനം, സംഗീത സംവിധാനം തുടങ്ങിയ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് വിനീത് ശ്രീനിവാസൻ. ‘മുകുന്ദനുണ്ണി അസ്സോസ്സിയേറ്റ്സ്’, ‘തങ്കം’ തുടങ്ങി വിനീത് ശ്രീനിവാസൻ നിറഞ്ഞു നിന്ന ചിത്രങ്ങൾ വലിയ പ്രശംസകളാണ് നേടിയത്.
കോവിഡ് മൂലമുണ്ടായ ഇടവേളയ്ക്കു ശേഷം സ്റ്റേജ് ഷോകളിലും താരം സജീവമാകുകയാണ്. ആലപ്പുഴയിലെ ക്ഷേത്രത്തിൽ പരിപാടിയ്ക്കായെത്തിയ വിനീത് ശ്രീനിവാസന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
വാരനാട് ദേവി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച പരിപാടിയ്ക്കാണ് താരമെത്തിയത്. പരിപാടിയ്ക്കു ശേഷം കാറിലേക്ക് ഓടി കയറുകയാണ് വിനീത്. ആളുകൾ സെൽഫിയെടുക്കാനും മറ്റുമായി താരത്തിനെ സമീപിക്കുകയും കൈയിൽ പിടിക്കുകയും ചെയ്തത്തിനെ തുടർന്നാണ് വിനീത് ഓടിയത്. പരിപാടിയുടെ സംഘാടകരും വിനീതിനോട് ഓടിക്കോ എന്ന് പറയുന്നത് വീഡിയോയിൽ കാണാം. വളരെ വേഗത്തിൽ ഓടി കാറിലേക്ക് കയറുകയാണ് താരം. പാട്ടു നന്നാകാത്തതിനെ തുടർന്ന് താരത്തെ ആളുകൾ ഓടിക്കുന്നതാണെന്നുള്ള വ്യാജ പ്രചാരണവുമുണ്ട്.
പ്രണവ് മോഹൻലാൽ നെ നായകനാക്കി ഒരുക്കിയ ‘ഹൃദയമാ’ണ് വിനീത് അവസാനമായി സംവിധാനം ചെയ്ത ചിത്രം. കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2023 ലെ പ്രണയദിനത്തിൽ ചിത്രം വീണ്ടും റിലീസ് ചെയ്തിരുന്നു.