യുവസംവിധായകരിൽ ശ്രദ്ധേയനായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകനാവുന്നു എന്ന് റിപ്പോർട്ട്. കീർത്തി സുരേഷ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തും. ചിത്രത്തെ കുറിച്ച് സംസാരിക്കാനായി പ്രണവും വിനീത്​ ശ്രീനിവാസനും അടുത്തിടെ ചർച്ചകൾ നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

‘ജേക്കബിന്റെ സ്വർഗ്ഗരാജ്യം’ എന്ന ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസൻ ചെയ്യുന്ന പുതിയ ചിത്രം 2020 വിഷുവിന് തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധാനത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത വിനീത് അഭിനയത്തിൽ സജീവമാകുകയാണ് ഇപ്പോൾ. വിനീത് നെഗറ്റീവ് ഷെയ്ജുള്ള കഥാപാത്രത്തെ അവതരിപ്പിച്ച ‘തണ്ണീർമത്തൻ ദിനങ്ങൾ’ തിയേറ്ററുകളിൽ വിജയകരമായി ഓടികൊണ്ടിരിക്കുകയാണ് ഇപ്പോൾ. വിനീത് ശ്രീനിവാസന്റെ കരിയറിലെ തന്നെ സുപ്രധാന കഥാപാത്രങ്ങളിലൊന്നാണ് ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ രവി പത്മനാഭൻ എന്ന അധ്യാപക കഥാപാത്രം.

Read more: Thanneermathan Dinangal movie review: മധുരമേറെയാണ് ഈ ‘തണ്ണീർമത്തൻ ദിനങ്ങൾ’ക്ക്; റിവ്യൂ

‘ആദി’, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’, ‘മരക്കാർ’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രണവ് അഭിനയിക്കുന്ന ചിത്രം കൂടിയാവും ഇത്. അരുൺ ഗോപി സംവിധാനം ചെയ്ത ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ആണ് പ്രണവിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രം. സര്‍ഫിംഗ്, ജെറ്റ് സ്‌കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.

പ്രിയദർശന്റെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന പ്രിയദർശൻ- മോഹൻലാൽ ചിത്രം ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. പ്രണവിനൊപ്പം കല്യാണി പ്രിയദർശനും കീർത്തി സുരേഷും ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ നായകകഥാപാത്രത്തിന്റെ ചെറുപ്പമാണ് പ്രണവ് അവതരിപ്പിക്കുന്നത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ പറയുന്നത്. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, മധു എന്നിവരും അഭിനയിക്കുന്നുണ്ട്. കൂടാതെ സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിലായാണ് ‘മരക്കാർ’ ഒരുങ്ങുന്നത്. ചരിത്രവും ഫിക്ഷനും ഇടകലരുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നൂറുകോടി മുതൽമുടക്കിൽ മലയാളത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ സമ്പന്നമായ താരനിരയ്ക്കൊപ്പം പുതു തലമുറയുടെ ഒത്തുചേരൽ കൂടിയാണ് ചിത്രം.

Read more: ക്യാമറയ്ക്ക് മുന്‍പില്‍ മകള്‍ കല്യാണി: ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം എന്ന് പ്രിയദര്‍ശന്‍

മലയാളത്തിനു പുറമെ തെലുങ്കിലും ബോളിവുഡിലുമൊക്കെ തിരക്കുള്ള താരമാണ് കീർത്തി ഇന്ന്. അണിയറയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ‘സഖി’, നാഗചൈതന്യ നായകനാവുന്ന ‘ബംഗറജു’, നാഗാർജുന നായകനാവുന്ന ‘മൻമൻധുഡു 2’ എന്നിവയാണ് കീർത്തിയുടേതായി വരാനിരിക്കുന്ന തെലുങ്ക് ചിത്രങ്ങൾ.

ഒപ്പം അജയ് ദേവ്ഗണിന്റെ നായികയായി ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് കീർത്തി. അജയ് ദേവ്ഗണിന്റെ കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് ചിത്രത്തിൽ കീർത്തിയ്ക്ക്. 1950-–63 കാലഘട്ടങ്ങളിൽ ഇന്ത്യയുടെ ഫുട്ബോള്‍ കോച്ചായിരുന്ന സയിദിനെയാണ് അജയ് ദേവ്ഗൺ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ‘ബധായി ഹോ’ സംവിധായകൻ അമിത് ശര്‍മ ഒരുക്കുന്ന ഈ ചിത്രം ഒരു സ്പോർട്സ് ഡ്രാമയാണ്. ഇന്ത്യൻ ഫുട്ബോള്‍ ലോകത്തെ അതികായനായ സയിദ് അബ്ദുള്‍ രഹീമിന്റെ ജീവചരിത്രം പ്രമേയമാക്കിയുള്ളതാണ് ചിത്രം നിർമ്മിക്കുന്നത് ബോണി കപൂറാണ്.

Read more: കീർത്തിയുടെ അമ്മയായി നാദിയ മൊയ്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook