സിനിമ റിവ്യൂ ചെയ്യുന്നതിനു മുൻപ് അതെങ്ങനെയാണ് ഉണ്ടാകുന്നതെന്ന കാര്യം അറിഞ്ഞിരിക്കണമെന്നും ഇതിനെപ്പറ്റി യാതൊരു ധാരണയുമില്ലാത്തവരാണ് പലപ്പോഴും റിവ്യൂ ചെയ്യുന്നതെന്നുമുള്ള സംവിധായിക അഞ്ജലി മേനോന്റെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അഞ്ജലിയുടെ പ്രസ്താവനയെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ പ്രസ്തുത വിഷയത്തിലുള്ള അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നത്.
അഞ്ജലിയുടെ പ്രസ്താവനയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് നടനും തിരക്കഥാകൃത്തും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഈ വിഷയത്തിൽ ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടുകൾ ഉണ്ടാകും. സിനിമയെ കുറിച്ചുള്ള ഒരു കറക്ഷൻ പ്രോസസ് നടക്കുന്നത് പടമിറങ്ങി കഴിഞ്ഞ് രണ്ടുമൂന്നുമാസമൊക്കെ കഴിയുമ്പോഴാവും. റിവ്യൂസുകളും മറ്റും വായിച്ചു കഴിയുമ്പോൾ നമുക്കതിൽ നിന്നും ചിലതെല്ലാം കിട്ടും. ഇപ്പോൾ ‘ഹൃദയ’ത്തിന്റെ കാര്യം തന്നെ പറയാം. അതിന്റെ സെക്കന്റ് ഹാഫിൽ വീണ്ടും ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ എന്ന ആശയം വരുന്നുണ്ട്. അതിനെ ചോദ്യം ചെയ്ത് കുറച്ചുപേർ പോസ്റ്റൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. 28 വയസ്സിലൊക്കെ വീണ്ടും ആ കഥാപാത്രത്തിന് ഒരാളെ കാണുമ്പോൾ തന്നെ പ്രേമമുണ്ടാവുമോ എന്നൊക്കെ വിമർശിച്ചുകൊണ്ട്. അതെന്റെ ചിന്തയെ കറക്റ്റ് ചെയ്യാൻ അതു സഹായിച്ചിട്ടുണ്ട്, 17 വയസ്സിൽ അത് ഓകെയാണ്, 28 വയസ്സായിരിക്കുന്ന സമയത്ത് ആ കഥാപാത്രം അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് എനിക്ക് മനസ്സിലായത് ഇങ്ങനെയൊരാൾ പറയുമ്പോഴാണ്. എനിക്ക് അങ്ങനെയൊരുപാട് ഗുണങ്ങളുണ്ടായിട്ടുണ്ട് ഇത്തരം പ്രതികരണങ്ങളിലൂടെ.”
“ഞാൻ മലർവാടി ചെയ്യുന്ന സമയത്ത് ഓർക്കുട്ടൊക്കെ സജീവമാണ്. അതിലെ ഫിലിം ഗ്രൂപ്പുകളും ചർച്ചകളുമൊക്കെ സിനിമയെ മറ്റൊരു രീതിയിൽ ഗൗരവമായി കാണുന്ന ഒരു ആൾക്കൂട്ടവുമുണ്ടെന്ന് മനസ്സിലാക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്. ഇവരും കൂടി കാണുന്നതാണ് നമ്മുടെ സിനിമ എന്നത് നമുക്ക് മാനദണ്ഡമാണ്. ചില കഥാപാത്രങ്ങളെ കുറിച്ചൊക്കെ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ വേണ്ട എന്നൊക്കെ തീരുമാനിക്കാൻ അത് സഹായിച്ചിട്ടുണ്ട്.”
“ശരിയാണ്, ആദ്യ ദിവസം നെഗറ്റീവ് റിവ്യൂസ് വരുമ്പോൾ മാനസികമായി വിഷമമുണ്ടാവും. പക്ഷേ പിന്നീട് അതു നമുക്ക് ഗുണമായിട്ടു വരും. പിന്നെ അത് അങ്ങനെ തന്നെയാണല്ലോ, ആളുകൾ കാശുകൊടുത്ത് സിനിമയ്ക്കു പോവുമ്പോൾ അവർ അഭിപ്രായം പറയുന്നത് സ്വാഭാവികമാണ്.”
‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വിനീത് ശ്രീനിവാസൻ.