‘കഥ പറയുമ്പോള്‍’, ‘മാണിക്യ കല്ല്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം എം മോഹനന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അരവിന്ദന്‍റെ അതിഥികള്‍’. പത്തുവര്‍ഷത്തിലധികം സത്യനന്തിക്കാടിന്‍റെ സഹായിയായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്‍റെ ചിത്രങ്ങളിലും പൊതുവെ അന്തിക്കാട് ചിത്രങ്ങള്‍ പോലെ നന്മക്കഥകള്‍ കാണാറുണ്ട്. അരവിന്ദന്‍റെ അതിഥികളും അക്കാര്യത്തില്‍ ഒട്ടും പുറകോട്ടല്ല.

കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര പരിസരം പശ്ചാത്തലമായാണ് ‘അരവിന്ദന്‍റെ അതിഥികള്‍’ കഥ പറയുന്നത്. അരവിന്ദന്(വിനീത് ശ്രീനിവാസന്‍) അഞ്ചുവയസുള്ളപ്പോള്‍, ഒരു നവരാത്രി ദിവസം മൂകാംബിക ക്ഷേത്ര പരിസരത്ത് അരവിന്ദനെ ഉപേക്ഷിച്ചു പോകുകയാണ് അയാളുടെ അമ്മ. പിന്നീട് അയാളെ എടുത്തു വളര്‍ത്തുന്നത് മാധവേട്ടനാണ്(ശ്രീനിവാസന്‍).

ഇരുവരും ചേര്‍ന്ന് മൂകാംബികയില്‍ ഗസ്റ്റ് ഹൗസ് നടത്തുകയാണ്. ഇവരുടെ അതിഥികളായി വരദയും (നിഖില വിമല്‍) അമ്മയും (ഉര്‍വശി)എത്തുന്നു. കലാമണ്ഡലത്തിലെ നൃത്തവിദ്യാര്‍ത്ഥിനിയായ വരദ, തന്‍റെ അരങ്ങേറ്റത്തിനായി എത്തിയതാണ് മൂകാംബികയില്‍. എന്നാല്‍ അവിടെവച്ചുണ്ടാകുന്ന ചെറിയൊരു അപകടത്തില്‍ അരങ്ങേറ്റം മുടങ്ങുകയും, സുഖപ്പെടുന്നതുവരെ ഗസ്റ്റ് ഗൗസില്‍ അതിഥികളാകുകയും ചെയ്യുന്നു ഇവര്‍. തുടര്‍ന്ന് ഇവര്‍ക്കിടയില്‍ സ്‌നേഹവും ആത്മബന്ധവും ഉടലെടുക്കുകയും ചെയ്യുന്നു.

മലയാള സിനിമ വര്‍ഷങ്ങള്‍ക്കു മുമ്പേ ക്ലീഷേ എന്നു വിളിച്ച കഥാ സന്ദര്‍ഭങ്ങളും കഥാഗതികളും ‘അരവിന്ദന്റെ അതിഥി’കളില്‍ ഉണ്ടെങ്കിലും പല ക്ലീഷേകളേയും അപേക്ഷിച്ചു നോക്കുമ്പോള്‍ കുറച്ചു കൂടി സത്യസന്ധമായി ചിത്രത്തെ അവതരിപ്പിക്കാനുള്ള ശ്രമം സംവിധായകന്‍ നടത്തിയിട്ടുണ്ട്. മൂകാംബിക ക്ഷേത്രവും, അതിന്‍റെ പരിസരവും, ലോഡ്ജുകളും, പൂക്കടകളും, ഹോട്ടലുകളും, കുടജാദ്രി യാത്രയ്ക്കായുള്ള ജീപ്പുകളുമെല്ലാം അതേപടി ആവിഷ്‌കരിക്കുന്നതില്‍ വലിയ വിജയം ചിത്രം നേടി. മൂകാംബികയില്‍ എപ്പോഴെങ്കിലും പോയിട്ടുള്ളവര്‍ക്ക് വളരെ അധികം റിലേറ്റ് ചെയ്യാന്‍ കഴിയും ഈ കഥാ പരിസരം.

മലയാളത്തിലെ മറ്റു നായകന്മാരെ പോലെ, സകലകലാ വല്ലഭനും, നന്മയുടെ ആള്‍രൂപവും തന്നെയാണ് അരവിന്ദനും. പാട്ടിനെക്കുറിച്ചും, നൃത്തത്തെക്കുറിച്ചും, പാചകത്തെക്കുറിച്ചും അറിവുള്ള അരവിന്ദനോട് നായികയ്ക്ക് പ്രണയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

പുതിയതായി പറയാന്‍ ഒന്നുമില്ലെങ്കിലും, പറയുന്ന കാര്യങ്ങളില്‍ പുലര്‍ത്തിയ ലാളിത്യവും സത്യസന്ധതയുമാണ് ‘അരവിന്ദന്‍റെ അതിഥി’കളുടെ സവിശേഷത. കുറേ കാലത്തിനു ശേഷം ഉര്‍വശി ഒരു മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതും ചിത്രത്തിന്‍റെ പ്രത്യേകതയാണ്. ഉര്‍വശിയുടെ ഉഗ്രന്‍ കൗണ്ടറുകള്‍ തിയേറ്ററില്‍ പൊട്ടിച്ചിരികള്‍ ഉയര്‍ത്തുന്നുണ്ട്. ഒരു പൊങ്ങച്ചക്കാരി മിഡില്‍ ക്ലാസ് മലയാളി വീട്ടമ്മയായി തോന്നുമെങ്കിലും, ജീവിതം കണ്ട, വളരെ സത്യസന്ധമാര്‍ന്ന കഥാപാത്രമാണ് ഉര്‍വശിയുടേത്.

അജുവര്‍ഗീസ്-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടും അത്രയൊന്നും ബോറടിപ്പിക്കുന്നില്ല. മാത്രമല്ല, കുറേ നാളുകള്‍ കൂടി അധികം അലോസരപ്പെടുത്താത്ത തമാശകള്‍ പറയുന്ന കഥാപാത്രമാകാന്‍ ഈ ചിത്രം അജു വര്‍ഗീസിന് അവസരം കൊടുത്തിട്ടുമുണ്ട്. ശ്രീനിവാസന്‍-വിനീത് ശ്രീനിവാസന്‍ രംഗങ്ങളെ കുത്തിനിറയ്ക്കാതെ സ്വാഭാവികത നിലനില്‍ത്താന്‍ സംവിധായകന് കഴിഞ്ഞു.

എഴുതിവച്ച തിരക്കഥയ്ക്കപ്പുറം അഭിനേതാക്കള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയ ചിത്രമാണ് ‘അരവിന്ദന്‍റെ അതിഥികള്‍’ എന്നു വേണമെങ്കില്‍ പറയാം. കാരണം ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടു പോകുന്നത് അതിലെ ഓരോ കഥാപാത്രവുമാണ്. ഒരു കഥാപാത്രവും ‘അരവിന്ദന്‍റെ അതിഥികളി’ല്‍ അധികപ്പറ്റായി തോന്നുകയുമില്ല. തന്‍റെ പഴയ കഥാപാത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധം പ്രേം കുമാറും ചിത്രത്തില്‍ ഉണ്ടായിരുന്നു.

ഷാന്‍ റഹ്മാന്‍ ഒരുക്കിയ സംഗീതം ചിത്രത്തിന് ഒരു ഫ്രഷ് ഫീല്‍ നല്‍കുന്നതില്‍ വിജയിച്ചിട്ടുണ്ട്. കൊല്ലൂര്‍ മൂകാംബിക പരിസരത്തിന്‍റെ സ്വാഭാവികതയും, കുടജാദ്രിയുടെ സൗന്ദര്യവും പകര്‍ത്തുന്നതില്‍ സ്വരൂപ് ഫിലിപ്പിന്‍റെ ക്യാമറയ്ക്കും യാതൊരു വീഴ്ചയും പറ്റിയില്ല.

അതിനാടകീയതയും, വൈകാരികതയും, സാമാന്യബോധത്തെ കൊഞ്ഞനം കുത്തുന്ന യുക്തികളുമെല്ലാം ഉണ്ടെങ്കിലും തിയേറ്ററിലെത്തിയ കുടുംബ പ്രേക്ഷകരുടെ കൈയ്യടിയും കൂട്ടച്ചിരിയും ‘അരവിന്ദന്‍റെ അതിഥികള്‍’ അത്ര ബോറല്ല എന്നാണ് പറയുന്നത്. കുടുംബ പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ സാധിക്കുന്ന ചിത്രം തന്നെയാണിത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ