‘എന്നെ അറിയാവുന്നവര്‍ക്കറിയാം ഈ നിമിഷം എനിക്ക് എത്ര വിലപ്പെട്ടതാണ് എന്ന്. എന്റെ ‘അള്‍ട്ടിമേറ്റ് ഫാന്‍ ബോയ് നിമിഷം’ എന്നും ചേര്‍ത്ത് ഒരു ചിത്രത്തോടൊപ്പം നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന് കുറിച്ചതാണീ വരികള്‍. തമിഴ് സൂപ്പര്‍ സ്റ്റാര്‍ തല ‘അജിത്തി’നോടൊപ്പം വിനീതും ഭാര്യയും കുഞ്ഞും നില്ക്കുന്ന ഒരു ചിത്രമാണത്.
‘തല’യെക്കണ്ട വിനീതിന്റെ സന്തോഷത്തില്‍ പങ്കു ചേര്‍ന്ന് ആരാധകരും കൂട്ടുകാരും കമന്റ്സുമായി എത്തി.
“2000ത്തിന്റെ തുടക്കത്തില്‍ അജിത്തിനെ കാണാനായി ശ്രമിക്കുന്ന വിനീതിനെ എനിക്ക് ഓര്‍മ്മയുണ്ട്. അദ്ദേഹം താമസിച്ചിരുന്ന റെയില്‍വേ നഗര്‍ എന്നോ മറ്റോ പേരുള്ള ഒരു സ്ഥലത്തായിരുന്നു അത്. ആ എക്സൈറ്റ്മെന്റ് ഇനിയും പോയില്ല എന്നതില്‍ സന്തോഷം” എന്നൊരു സുഹൃത്ത് പറഞ്ഞപ്പോള്‍ മറുപടിയായി വിനീത് ഇങ്ങനെ പറഞ്ഞു.
“റെയില്‍ നഗര്‍ എന്നാണു ആ സ്ഥലത്തിന്റെ പേര്. അന്ന് അദ്ദേഹവുമായി ഞാന്‍ സംസാരിച്ചിരുന്നു. ഇന്ന് 18 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടപ്പോഴും അദ്ദേഹം അതോര്‍ത്തിരുന്നു. എന്ത് കൂള്‍ ആയ, തങ്കപ്പെട്ട മനുഷ്യന്.”
താന്‍ പറഞ്ഞിട്ടാണ് അജിത്തുമായി ഫോട്ടോ എടുത്തത് എന്നും തനിക്കു ഇതാദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കണം എന്നുണ്ടായിരുന്നു എന്ന് കുറിച്ച് വിനീതിന്റെ ഭാര്യ ദിവ്യയും രംഗത്തെത്തി.
“അതെനിക്കറിയാം, പക്ഷെ ഞാന്‍ ആദ്യം ഇട്ടു പോയല്ലോ”, എന്ന് വിനീത് ദിവ്യയെ സമാധിനിപ്പിക്കുന്നതും കാണാം.
ചെന്നൈ എം ആര് സി നഗറില്‍ കുടുംബ സമേതം ഉച്ച ഭക്ഷണം കഴിക്കാന്‍ പോയ വിനീതിന്റെ അടുത്ത മേശയില്‍ അജിത്തും കുടുംബവും വന്നിരിക്കുകയായിരുന്നു.