/indian-express-malayalam/media/media_files/uploads/2022/01/Vineeth-Sreenivasan-2.jpg)
പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ജനുവരി 21നാണ് 'ഹൃദയം' തിയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വച്ച് നടന്നിരുന്നു. ഓഡിയോ ലോഞ്ചിനെത്തിയ വിനീത് ശ്രീനിവാസൻ മക്കളെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വേദിയിലെത്തിയ വിനീതിനു പിന്നാലെ മക്കളായ വിഹാനും ഷനയയും വേദിയിലേക്ക് ചാടികയറി. "തലമുറകളിലൂടെ സിനിമ സഞ്ചരിച്ച്, ഇപ്പോൾ വിനീതേട്ടനും പിള്ളേരും ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് വേദിയിൽ എത്തിനിൽക്കുകയാണ്. എന്താണ് പറയാനുള്ളത്?" എന്നായിരുന്നു അവതാരകനായ മാത്തുക്കുട്ടിയുടെ ചോദ്യം.
"എന്റെ പിള്ളേരെങ്കിലും സമാധാനമുള്ള വേറെ എന്തേലും ജോലിയ്ക്ക് പോവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്," വിനീത് ശ്രീനിവാസന്റെ മറുപടി ഇങ്ങനെയായിരുന്നു.
സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍. കൂടിയാണ് ഹൃദയം എന്ന ചിത്രം. മോഹൻലാൽ, ശ്രീനിവാസൻ, പ്രിയദർശൻ എന്നിങ്ങനെ മലയാളസിനിമയ്ക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച കൂട്ടുക്കെട്ടിനെ ഓർമ്മപ്പെടുത്തുന്നുണ്ട് ഹൃദയത്തിന്റെ അണിയറപ്രവർത്തകരും. അച്ഛന്മാർ തമ്മിലുള്ള സൗഹൃദം അടുത്ത തലമുറയിലേക്കും തുടരുകയാണ് വിനീതും പ്രണവും കല്യാണിയുമൊക്കെ. മാത്രമല്ല, തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്ത് സജീവമാകുന്നു എന്ന പ്രത്യേകതയും ഹൃദയത്തിനുണ്ട്.
അൽപ്പം വ്യത്യസ്തമായ രീതിയിലാണ് ഹൃദയത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. വലിയ ഇടവേളയ്ക്കു ശേഷം പാട്ടുകള്‍ ഓഡിയോ കാസറ്റുകളായും ഇറക്കുന്ന ചിത്രമാണ് ഹൃദയം. ഇന്ത്യയിൽ ഇപ്പോൾ ഓഡിയോ കാസറ്റ് പ്രൊഡക്ഷൻ ഇല്ലാത്തതിനാൽ കാസറ്റ് ജപ്പാനിൽ നിന്നാണ് ചെയ്യിച്ചത്.
/indian-express-malayalam/media/media_files/uploads/2022/01/Hridayam-audio-Launch.jpg)
വിനീത് ശ്രീനിവാസന്‍ മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ കാസറ്റിന്‍റെ പ്രകാശനം നിര്‍വഹിച്ചത്. നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം, പ്രണവ് മോഹന്‍ലാല്‍, സംഗീത സംവിധായകന്‍ ഹിഷാം അബ്‍ദുള്‍ വഹാബ്, ആന്‍റണി പെരുമ്പാവൂര്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
"15 പാട്ടുകൾ എന്നു പറഞ്ഞപ്പോൾ ആളുകൾ ചോദിക്കുന്നത് ഇത് സിനിമയാണോ ഗാനമേളയാണോ എന്നാണ്. അങ്ങനെയല്ല സംഗീതം ഈ സിനിമയുടെ ഒരു ഭാഗമാണ്. സംഗീതത്തിലൂടെയാണ് ഈ സിനിമ പറഞ്ഞിട്ടുള്ളത്. ഹിഷാമിനെ പോലൊരാൾ എന്റെ കൂടെ ഉണ്ടായിരുന്നതുകൊണ്ടാണ് 'ഹൃദയം' സംഭവിച്ചത്." 'ഹൃദയ'ത്തിന്റെ വേറിട്ട സമീപനത്തെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞതിങ്ങനെ.
Read more: വിനീതിന്റെ സിനിമയിൽ ദിവ്യയുടെ പാട്ട്; ‘ഹൃദയ’ത്തിലെ ഗാനം ശ്രദ്ധ നേടുന്നു
പ്രണവ് നായകനാവുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. അജു വർഗ്ഗീസ്,അരുൺ കുര്യൻ, ജോണി ആന്റണി , അശ്വത്ത് ലാൽ,വിജയരാഘവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തിൽ 15 പാട്ടുകളാണ് ഉള്ളത്. ഹിഷാം അബ്ദുൾ വഹാബ് ആണ് 'ഹൃദയ'ത്തിന്റെ സംഗീതസംവിധായകൻ. ദർശന, ഉണക്കമുന്തിരി എന്നു തുടങ്ങി ഇതുവരെ റിലീസ് ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം പിടിച്ചവയാണ്.
മെറിലാന്റ് സിനിമാസ് ബാനറിൽ - വിശാഖ് സുബ്രമണ്യം നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് 'ഹൃദയം'.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us