മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അതിഥി വേഷത്തിലെത്തുന്നു. നവാഗതനായ സേതു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ചിത്രത്തിന്റെ ഷൂട്ടിങ് ആലപ്പുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അനു സിത്താര, ഷംന കാസിം, ലക്ഷ്മി റായി എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ലണ്ടന്‍ ഷെഡ്യൂളിലാവും വിനീത് ശ്രീനിവാസന്‍ അതിഥി താരമായി എത്തുക.

കുട്ടനാട്ടിലെ ഒരു ഗ്രാമപ്രദേശത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. കുട്ടനാടന്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കൽപിക ഗ്രാമത്തിലെ ബ്ലോഗെഴുത്തുകാരന്റെ വിവരണത്തിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കോഴിതങ്കച്ചന്‍ എന്നായിരുന്നു ആദ്യം ചിത്രത്തിന് പേര്.

മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി.മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത് പ്രദീപാണ്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook