മള്‍ട്ടിപ്ലക്‌സുകള്‍ കൊള്ളനടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎക്‌സ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നത്.
ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ എത്തുന്നതെന്നും വളരെ പ്രിയപ്പെട്ടൊരു അനുഭവമാണ് അത് തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎക്‌സ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.
തിയേറ്ററിന്റെ ഉടമസ്ഥനോട് സംസാരിച്ചപ്പോള്‍ തന്റെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അവരുടെ കൈയ്യിലൊതുങ്ങുന്ന പൈസയ്ക്ക് സിനിമ ആസ്വദിക്കാനുള്ള വഴിയൊരുക്കുക എന്നതുമാത്രമാണ് ഇതിനുപിന്നിലെ ഉദ്ദേശ്യമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും വിനീത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്.
കോർപറേറ്റുകളുടെ അത്യാഗ്രഹങ്ങളില്‍ നിന്നും കച്ചവട താത്പര്യങ്ങളില്‍ നിന്നും ഏറെ അകലെ നിന്നുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന ആളുകള്‍ ഉണ്ടെന്നത് സന്തോഷകരമാണെന്നും വിനീത് പറയുന്നു.