ഹരിശ്രീ അശോകനും ശ്രീനിവാസനും ചെയ്ത ഹാസ്യകഥാപാത്രങ്ങൾ ഇന്നും ട്രോളന്മാരുടെ പ്രിയപ്പെട്ടവരാണ്. ട്രോളുകളിലും മെമുകളിലും നിറയുന്ന രണ്ടു കഥാപാത്രങ്ങളാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ച ‘പഞ്ചാബിഹൗസി’ലെ രമണനും ‘സന്ദേശ’ത്തിലെ ശ്രീനിവാസൻ കഥാപാത്രമായ പ്രഭാകരനും. ‘പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്ന ശ്രീനിവാസന്റെ ഡയലോഗ് പ്രേക്ഷകർ ഇന്നും ആഘോഷിക്കുന്ന ഒന്നാണ്.
ഈ രണ്ടുകഥാപാത്രങ്ങളുമായി ബന്ധപ്പെട്ട ഒരു രസികൻ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. അച്ഛൻമാർക്ക് പകരം മക്കളാണ് ചിത്രങ്ങളിൽ നിറയുന്നത്, ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസനും ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകനുമാണ് ചിത്രങ്ങളിലെ താരം. അച്ഛൻമാരുടെ പ്രശസ്ത ഡയലോഗുകൾ പ്രിന്റ് ചെയ്ത ഡ്രസ്സുകൾ അണിഞ്ഞ് നിൽക്കുകയാണ് വിനീതും അർജുനും. ‘അച്ഛന്മാരെ ട്രോളാൻ ഞങ്ങൾക്ക് ആരുടെയും അനുവാദം വേണ്ട’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്.
അച്ഛൻമാർക്ക് പിറകെ സിനിമയിൽ എത്തി തങ്ങളുടെ പ്രതിഭ തെളിയിച്ച യുവതാരങ്ങളാണ് വിനീതും അർജുനും. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ വിനീതിനു സാധിച്ചിട്ടുണ്ട്. കരിയർ മികവിനൊപ്പം തന്നെ സൗഹൃദങ്ങൾകൊണ്ടും പെരുമാറ്റം കൊണ്ടും കൂടിയാണ് വിനീത് മലയാളികളുടെ ഇഷ്ടം കവർന്നത്.
വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും യുവനടന്മാർക്കിടയിൽ തന്റേതായ കഴിവു തെളിയിക്കാൻ അർജുനും കഴിഞ്ഞിട്ടുണ്ട്. സൗബിൻ സംവിധാനം ചെയ്ത ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ‘ബിടെക്ക്’, ‘വരത്തൻ’,‘മന്ദാരം’, ‘ഉണ്ട’ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ‘ജൂൺ’ എന്ന ചിത്രത്തിൽ മൂന്നു നായകന്മാരിൽ ഒരാളായും ശ്രദ്ധേയമായ പ്രകടനമാണ് അർജുൻ കാഴ്ച വച്ചത്. വിധു വിൻസൻറ് സംവിധാനം നിർവ്വഹിക്കുന്ന ‘സ്റ്റാൻഡ് അപ്’ ആണ് ഒടുവിൽ റിലീസിനെത്തിയ അർജുന്റെ ചിത്രം.
Read more: സന്തോഷത്തിന്റെ ഒരു വർഷം; പ്രണയചിത്രങ്ങൾ പങ്കുവച്ച് അർജുൻ അശോകൻ