‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് അന്ന ബെൻ. ചുരുണ്ടമുടിയും പ്രണയവും നിലപാടുകളുടെ ഉറപ്പുമൊക്കെയായി ഷമ്മിയ്ക്ക് മുന്നിൽ വരെ ധീരയായി നിന്ന് സംസാരിക്കുന്ന ബേബി മോൾ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. അന്ന കേന്ദ്രകഥാപാത്രമാകുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ’. നവാഗതനായ മാത്തുകുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രം നവംബർ 15 ന് റിലീസിന് എത്തുകയാണ്.

പുതിയ ചിത്രത്തിന്റെ പ്രചരണാർത്ഥം ഫേസ്ബുക്ക് ലൈവിൽ വിനീത് ശ്രീനിവാസനൊപ്പം എത്തിയ അന്ന ബെന്നിനെ ‘എന്തിനാ ബേബി മോളേ ഇങ്ങനെ പേടിക്കുന്നത്?’ എന്ന ചോദ്യവുമായാണ് ഒരു ആരാധകൻ വരവേറ്റത്. ആരാധകന്റെ ചോദ്യത്തിന് ചിരിയോടെ, ‘എനിക്ക് പേടിയൊന്നുമില്ല, എല്ലാവരും സിനിമ കണ്ടാൽ മതി’യെന്നായിരുന്നു അന്നയുടെ മറുപടി.

സാധാരണക്കാരായ ഒരച്ഛന്റേയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ‘ഹെലൻ’ പറയുന്നത്. ഒരു ത്രില്ലർ ചിത്രമാണ് ഹെലൻ. ഒരു ദിവസം നടക്കുന്ന കഥയാണ് ചിത്രം പറയുന്നതെന്ന സൂചന നൽകുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. അന്നയുടേയും ലാലിന്റേയും പ്രകടനങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റെന്ന് ട്രെയിലര്‍ ഉറപ്പു നല്‍കുന്നുണ്ട്. ദി ചിക്കന്‍ ഹബ്ബ് എന്ന റസ്റ്റോറന്റിലെ ജീവനക്കാരിയായാണ് അന്ന ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായൊരു റോളില്‍ അജു വര്‍ഗ്ഗീസും ചിത്രത്തില്‍ എത്തുന്നുണ്ട്. റോണി ഡേവിഡ് രാജ് ആണ് മറ്റൊരു താരം.

ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറിൽ വിനീത് ശ്രീനിവാസൻ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ഹെലൻ’. 2016 ല്‍ പുറത്തിറങ്ങിയ ‘ആനന്ദ’മായിരുന്നു വിനീത് നിര്‍മ്മിച്ച ആദ്യ ചിത്രം. ആനന്ദ് സി ചന്ദ്രനാണ് ‘ഹെലന്റെ’ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാൻ.

Read more: സിരകളില്‍ പടരുന്ന തണുപ്പും ഭീതിയും ; അന്ന ബെന്നിന്റെ ‘ഹെലന്‍’ ട്രെയിലര്‍ എത്തി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook