പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും, ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ് എന്ന് വിനീത് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

വിനീത് ശ്രീനിവാസന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ: ‘നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കും. ഞങ്ങള്‍ക്ക് അവര്‍ സഹോദരീ സഹോദരന്മാരാണ്. ദയവായി നിങ്ങളുടെ പൗരത്വ ഭേദഗതിയുടെ ‘കാബില്‍’ കയറി ഞങ്ങളിൽ നിന്ന് ഏറെ ദൂരെയുള്ള നാട്ടിലേക്ക് പോകുക. നിങ്ങള്‍ പോകുമ്പോള്‍ ദയവായി ദേശീയ പൗരത്വ രജിസ്റ്ററടക്കമുള്ളവ എടുത്തുകൊണ്ടുപോവുക…’

പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത് സിനിമാ രംഗത്തുനിന്ന് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. നടി അനശ്വര രാജൻ നടത്തിയ പ്രതിഷേധം സമൂഹമാധ്യങ്ങളിൽ ഏറെ ചർച്ചയായിരുന്നു. . ‘പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാം’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് അനശ്വരയുടെ ഇന്‍സ്റ്റഗ്രാം ചിത്രം.

പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് താനെന്നും അനശ്വര ഇന്‍സ്റ്റഗ്രാമില്‍ വ്യക്തമാക്കിയിട്ടുണ്ട്. തട്ടം ധരിച്ചുള്ള ചിത്രമാണ് അനശ്വര പങ്കുവച്ചത്. നിമിഷനേരം കൊണ്ട് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കഴിഞ്ഞദിവസം സിനിമാരംഗത്തു നിന്നും നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. മമ്മൂട്ടി, ദുൽഖർ സൽമാൻ, പാർവതി, ഗീതു മോഹൻദാസ്, ആഷിഖ് അബു, അമല പോൾ, തൻവി റാം, അനാർക്കലി, രജിഷ വിജയൻ, സർജാനോ ഖാലിദ്, ദിവ്യ പ്രഭ, മുഹ്സിൻ പരാരി, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ, കുഞ്ചാക്കോ ബോബൻ തുടങ്ങി സിനിമ മേഖലയിൽനിന്നുള്ള നിരവധി പേരാണ് ജാമിയ മിലിയ സർവകലാശാലയിലേത് ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

“മതേതരത്വം, ജനാധിപത്യം, സമത്വം എന്നിവ നമ്മുടെ ജന്മാവകാശമാണ്, അതിനെ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും നാം ചെറുക്കണം. എന്നിരുന്നാലും, നമ്മുടെ പാരമ്പര്യം അഹിംസയാണെന്ന് ഓർമ്മിക്കുക. സമാധാനപരമായി പ്രതിഷേധിക്കുകയും മെച്ചപ്പെട്ട ഇന്ത്യയ്ക്കായി നിലകൊള്ളുകയും ചെയ്യുക,” ദുൽഖർ തന്റെ ഫെയ്സ്ബുക്കിൽ കുറിക്കുന്നു. #longlivesecularism #unitedwestand തുടങ്ങിയ ഹാഷ്‌ടാഗുകളോടെയാണ് ദുൽഖർ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook