14 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലേക്ക് ഗോൾഡൻ ഗ്ലോബ് പുരസ്കാരം കൊണ്ടുവന്ന സംഗീതസംവിധായകൻ എംഎം കീരവാണിയെ അഭിനന്ദിക്കുകയാണ് സിനിമാലോകം. വർഷങ്ങൾക്കു മുൻപ് അപ്രതീക്ഷിതമായി കീരവാണിയെ പരിചയപ്പെടാൻ ഇടയായ അനുഭവം ഷെയർ ചെയ്യുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസൻ.
“ഏതാനും വർഷങ്ങൾക്കു മുൻപ്, ഞാൻ താമസിച്ച അപ്പാർട്ട്മെന്റിന്റെ എതിർവശത്ത് ഒരു ഭർത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ നല്ല ആളുകളായിരുന്നു അവർ, വളരെ വിനയാന്വിതരായ മനുഷ്യർ.ആ ഭർത്താവ് തലശ്ശേരിക്കാരനായിരുന്നു, ഭാര്യ ആന്ധ്രക്കാരിയും. ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം ഏറെനേരം സംസാരിക്കുമായിരുന്നു. ഒരു ദിവസം ഞാൻ ജോലി കഴിഞ്ഞ് അപ്പാർട്ട്മെന്റിലേക്ക് ഡ്രൈവ് ചെയ്ത് വരുമ്പോൾ, പാർക്കിംഗ് ഏരിയയിൽ ആ ചേച്ചിയെ കണ്ടു, മധ്യവയസ്കനായ ഒരാളും ഒപ്പമുണ്ടായിരുന്നു. കാർ പാർക്ക് ചെയ്ത് ഞാൻ അവർക്കരികിലേക്ക് ചെന്നു. ഞങ്ങൾ പരസ്പരം നോക്കി ചിരിച്ചു. ചേച്ചി കൂടെയുള്ള ആളെ എനിക്കു പരിചയപ്പെടുത്തി, വിനീത്, ഇതെന്റെ ബ്രദർ. കൂടെയുള്ളയാൾ എനിക്ക് നേരെ തിരിച്ച് പേരു പറഞ്ഞ് സ്വയം പരിചയപ്പെട്ടു. ആ പേര് കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ എനിക്ക് വിറയൽ വന്നു. ഒരു സാധാരണ ദിവസം പാർക്കിംഗ് ഏരിയയിൽ വെച്ച് ഞാൻ കണ്ടുമുട്ടിയ ആ മനുഷ്യനാണ് ഇന്നലെഅദ്ദേഹത്തിന്റെ അതിമനോഹരമായൊരു ഗാനത്തിന് ഗോൾഡൻ ഗ്ലോബ് നേടിയിരിക്കുന്നത്, എം എം കീരവാണി!” വിനീത് പറയുന്നു.

ഗോള്‍ഡന്‍ ഗ്ലോബ് നേട്ടത്തിൽ സംവിധായകൻ രാജമൗലിയേയും സംഗീത സംവിധായകന് കീരവാണിയേയും ആർആർആർ ടീമിനെയും അഭിനന്ദിച്ച് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, മോഹൻലാൽ, എ ആർ റഹ്മാൻ, കെ എസ് ചിത്ര, സുജാത മോഹൻ എന്നിവരും കുറിപ്പുകൾ പങ്കുവച്ചിരുന്നു.