അധികം ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളി മറക്കാത്ത നടിയാണ് വിന്ദുജ മേനോൻ. പവിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം മാത്രം മതിയാകും വിന്ദുജയെ എന്നും ഓർക്കാൻ. മലയാളികളുടെ മനസ്സിൽ വിങ്ങലായി മാറിയ ‘പവിത്രം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചേട്ടച്ചനും ചേട്ടച്ചന്റെ സ്വന്തം മീനാക്ഷിയും അത്രയേറെ ജനപ്രീതി നേടിയ കഥാപാത്രങ്ങളാണ്.
വിന്ദുജയുടെ കുടുംബചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.മകൾ വളർന്ന് കൗമാരക്കാരിയായിട്ടും വിന്ദുജയ്ക്ക് രൂപത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. സന്തൂർ മമ്മിയാണല്ലോ, ചേച്ചിയും അനിയത്തിയുമാണോ എന്നൊക്കെയായിരുന്നു ആരാധകർ നൽകിയ കമന്റ്. മകൾക്കൊപ്പമുള്ള ഡാൻസ് വീഡിയോയാണ് വിന്ദുര ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. അമ്മയും മോളും പൊളിച്ചല്ലോ എന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റ്.
അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമായ വിന്ദുജ മകൾക്കൊപ്പം നൃത്തവേദികളിലും തിളങ്ങാറുണ്ട്.
‘ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ’ എന്ന സിനിമയിൽ ബാലതാരമായി കൊണ്ടാണ് വിന്ദുജ അഭിനയരംഗത്ത് എത്തുന്നത്. നൊമ്പരത്തിപൂവ്, ഞാൻ ഗന്ധർവ്വൻ, ഭീഷ്മാചാര്യ, പിൻഗാമി, തുകോട്ടയിലെ പുതുമണവാളൻ, ആയിരം നാവുള്ള അനന്തൻ, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പർമാൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ വിന്ദുജ വേഷമിട്ടിട്ടുണ്ട്.
കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. വിവാഹശേഷം ഭർത്താവ് രാജേഷ് കുമാറിനും മകൾ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. കേരള നാട്യ അക്കാദമിയിൽ ഡാൻസ് അധ്യാപികയായും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു.