Vikruthi Actor Vincy Aloshious Interview: ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം? വിൻസി അലോഷ്യസ് എന്ന പൊന്നാനിക്കാരിയെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയ സ്കിറ്റുകളിൽ ഒന്നായിരുന്നു അത്. മഴവിൽ മനോരമയിലെ ‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയുടെ അവസാനറൗണ്ടിലെ വിൻസിയുടെ ആ പെർഫോമൻസ് പോസ്റ്റീവും നെഗറ്റീവുമായ നിരവധി കമന്റുകൾക്കൊപ്പം വിൻസിയേയും അങ്ങ് വൈറലാക്കി. ആ റിയാലിറ്റി ഷോ തന്നെയാണ് വിൻസിയെ കുട്ടിക്കാലം മുതൽ മനസ്സിലുള്ള സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് കൈപ്പിടിച്ചു നടത്തിച്ചത്.

 

‘വികൃതി’യെന്ന ചിത്രത്തിൽ സൗബിൻ സാഹിറിന്റെ നായികയായി വിൻസി അലോഷ്യസും മലയാളസിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. നാളെയാണ് ‘വികൃതി’ തിയേറ്ററുകളിലെത്തുന്നത്. ആദ്യചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് വിൻസി.

“നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആളുകൾ എന്നെ തിരിച്ചറിയുന്നത്. അതിന്റെ റഫറൻസ് വെച്ചാണ് ‘വികൃതി’ ടീം എന്നെ സെലക്റ്റ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുത്തുകാരിൽ ഒരാളായ വിജീഷേട്ടനാണ് എന്നെ ആദ്യം വിളിച്ചത്. ആദ്യസിനിമയായതു കൊണ്ട് സ്ക്രിപ്റ്റ് തോന്നി ചിത്രം തിരഞ്ഞെടുക്കുക എന്നതൊക്കെ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ആരൊക്കെയാണ് ചിത്രത്തിലെ അഭിനേതാക്കൾ എന്നാണ് ഞാനാദ്യം ചോദിച്ചത്. അപ്പോൾ സൗബിൻ ഇക്ക, സുരാജേട്ടൻ ഒക്കെ ഉണ്ടെന്നു പറഞ്ഞു. ആ സമയത്ത് സൗബിനിക്കയ്ക്ക് കേരള സ്റ്റേറ്റ് അവാർഡൊക്കെ കിട്ടി നിൽകുകയായിരുന്നു അദ്ദേഹം. പിന്നെ സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ്- അതിന്റെയൊക്കെ ഹൈപ്പും. സൗബിനിക്ക എന്നു കേട്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു. പടത്തിലേക്ക് എന്നെ തെരഞ്ഞെടുത്തു എന്നു കേട്ടപ്പോൾ പെട്ടെന്നൊരു ബ്ലാങ്ക് ഫീലായിരുന്നു. അമിതമായ ആവേശത്തോടെ നമ്മൾ നിൽക്കുമ്പോൾ, കാര്യങ്ങൾ നമ്മൾ ആഗ്രഹിക്കുന്ന വഴിയിലൂടെ വരുന്നു എന്നൊക്കെ കേൾക്കുമ്പോഴുള്ള ഒരു മാനസികാവസ്ഥ,” വിൻസി പറഞ്ഞു.

ഒരു ക്യാരക്ടർ റോൾ ഉണ്ടെന്നായിരുന്നു ആദ്യം അണിയറപ്രവർത്തകർ വിൻസിയോട് പറഞ്ഞിരുന്നത്. നായികയാണെന്ന് ഒരു സർപ്രൈസ് പോലെയാണ് കേട്ടതെന്ന് വിൻസി പറയുന്നു. “നായിക ആണെന്ന് ആദ്യം പറഞ്ഞിരുന്നില്ല, ഒരു ക്യാരക്ടർ റോൾ ഉണ്ടെന്നാണ് പറഞ്ഞാണ്. കുറേ കഴിഞ്ഞാണ് നായികയാണെന്ന് അറിഞ്ഞത്. സൗബിനിക്ക അവതരിപ്പിക്കുന്ന സമീർ എന്ന കഥാപാത്രത്തിന്റെ പെയറായിട്ടാണ് ഞാൻ വരുന്നത്, സീനത്ത് എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. കഥ നടക്കുന്നത് കൊച്ചിയിലാണെങ്കിലും വീട്ടിൽ ഒതുങ്ങി കൂടുന്ന ടൈപ്പിലുള്ള ഒരു മുസ്ലീം പെൺകുട്ടിയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ‘വികൃതി’യിലെ സീനത്ത്. കാർഷിക ഭവനിൽ വർക്ക് ചെയ്യുകയാണ് അവൾ. പ്ലാന്റിംഗ് നഴ്സറിയിലെ ജോലിയും കുടുംബവുമാണ് സീനത്തിന്റെ ലോകം. ആള് സ്മാർട്ടാണ്, ബബ്‌ളിയുമാണ്, ഒരു പാവം കഥാപാത്രം.”

കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട ഭിന്നശേഷിക്കാരനായ എൽദോയുടെ കഥയിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ‘വികൃതി’ ഒരുങ്ങുന്നത്. “കഴിഞ്ഞ വർഷം മെട്രോയിലെ പാമ്പ് എന്നു പറഞ്ഞ് വൈറലായ ഒരു ഫോട്ടോ വന്നിരുന്നില്ലേ? ആ റിയൽ ലൈഫ് സംഭവത്തെ ബെയ്സ് ചെയ്ത ചിത്രമാണിത്. ഒപ്പം രണ്ടു കുടുംബങ്ങളുടെ കഥയും സിനിമ പറയുന്നുണ്ട്. സോഷ്യൽ വാല്യുവിനെ കുറിച്ചൊക്കെ സംസാരിക്കുന്ന ഒരു കൊച്ചുസിനിമയാണ് ‘വികൃതി’,” വിൻസി പറയുന്നു.

സിനിമയിലേക്കുള്ള ആകർഷണം

Vikruthi Actor Vincy Aloshious Interview: സിനിമയിൽ അഭിനയിക്കണം എന്നൊക്കെ ചെറുപ്പത്തിൽ എല്ലാവർക്കുമുള്ളതുപോലെ എനിക്കും ഉണ്ടായിരുന്നു ആഗ്രഹം. അന്ന് സിനിമ എന്ന ആർട്ടിനെ കുറിച്ച് മനസ്സിലാക്കിയിട്ടൊന്നുമല്ലായിരുന്നു ആ ആഗ്രഹം. ഓപ്പൺ ആയി പറഞ്ഞാൽ, സിനിമാക്കാര് കുറേ പണം സമ്പാദിക്കും, കാറു വാങ്ങും, വീടുവെയ്ക്കും എന്നൊക്കെ പൊതുവേ പറയാറില്ലേ. അതായിരുന്നു പ്രധാന ആകർഷണം. എന്റേത് മിഡിൽ ക്ലാസ്സിനും താഴെയുള്ള ഒരു കുടുംബമാണ്. സിനിമയിൽ വന്നാൽ പണമൊക്കെ ധാരാളം സമ്പാദിക്കാം എന്നായിരുന്നു അന്നത്തെ തോന്നൽ. കുറച്ചു കൂടി വലുതായപ്പോൾ, ഒത്തുവന്നാൽ സിനിമയിൽ കയറണം എന്നായി. പക്ഷേ അതിനുള്ള വഴിയില്ല, സാഹചര്യങ്ങളുമില്ല. പിന്നെ ആർക്കിടെക്ചർ പഠിക്കാൻ ചേർന്നതോടെ സിനിമാഭ്രാന്തൊക്കെ വിട്ടു. അപ്പോഴാണ് ഒരു സുപ്രഭാതത്തിൽ ആരോ വന്ന് ഒരു ഗിഫ്റ്റ് തരുന്ന പോലെ സിനിമയിലേക്കുള്ള വഴി തുറന്നുകിട്ടിയത്.

(എഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ച്ചറിൽ അവസാന വർഷ വിദ്യാർത്ഥിനിയാണ് പൊന്നാനിക്കാരിയായ വിൻസി അലോഷ്യസ്.)

ഇഷ്ടപ്പെട്ട അഭിനേത്രികൾ, അസൂയ തോന്നിപ്പിച്ച കഥാപാത്രങ്ങൾ

എനിക്ക് വളരെ ബഹുമാനം ഉള്ള ഒരു നടിയുണ്ട്, പാർവ്വതി ചേച്ചി. ‘ടേക്ക് ഓഫി’ലെ ചേച്ചിയുടെ സമീറ എന്ന കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒന്നാണ്. അതുപോലെയുള്ള ഒരു കഥാപാത്രത്തെ ചെയ്യണം എന്നൊക്കെ ആഗ്രഹമുണ്ട്. അതുപോലെ ഒരു കഥാപാത്രമാണ് ‘ചാർലി’യിലെ ടെസ്സ, എന്റെ പേഴ്സണൽ ഫേവറൈറ്റ് കഥാപാത്രം കൂടിയാണ് അത്.

പാർവ്വതി ചേച്ചിയോട് എനിക്ക് അസൂയ തോന്നിയിട്ടില്ല, അങ്ങനെ തോന്നിയത് ഐശ്വര്യ ലക്ഷ്മിയോടാണ്. ‘മായാനദി’യിലെ കഥാപാത്രം കണ്ട് അസൂയ തോന്നിയിട്ടുണ്ട്. അതു പോലെ ‘വരത്തൻ’. ചേച്ചിയുടെ ഒരു കരിയർ ഗ്രാഫ് കണ്ട് അസൂയ തോന്നിയിട്ടുണ്ട്.

ഇഷ്ടതാരങ്ങൾ

വിനായകൻ സാറിന്റെ കൂടെ ജോലി ചെയ്യാൻ എനിക്കാഗ്രഹമുണ്ട്. ഫഹദ് ഇക്കയ്ക്ക് ഒപ്പവും. സൗബിനിക്കയ്ക്ക് ഒപ്പം അഭിനയിക്കാനും ആഗ്രഹമുണ്ടായിരുന്നു, അതിപ്പോൾ നടന്നല്ലോ. അതുപോലെ ഷെയ്ൻ നിഗത്തെ എനിക്ക് ഇഷ്ടമാണ്. ഷെയിനിന്റെ വരാനിരിക്കുന്ന പടങ്ങളുടെ ലുക്ക് ഒക്കെ കാണുമ്പോൾ, പ്രത്യേകിച്ചും ‘വലിയ പെരുന്നാൾ’, ‘ഈ മച്ചാൻ പൊളിക്കും’ എന്നൊരു വൈബുണ്ട്.

ലോകം ചുറ്റാൻ ആഗ്രഹം

Vikruthi Actor Vincy Aloshious Interview: യാത്ര ചെയ്യാനുള്ള അവസരങ്ങൾ എനിക്ക് അധികം കിട്ടിയിട്ടില്ല. കോളേജിലെ സുഹൃത്തുക്കൾ ഹിമാലയം പോയതിനെ കുറിച്ചൊക്കെ പറയുമ്പോഴും ചിത്രങ്ങൾ കാണുമ്പോഴും അവരൊക്കെ എന്തു ഭാഗ്യവാന്മാരാ എന്നു തോന്നാറുണ്ട്. കുറേ പൈസ സമ്പാദിച്ച് ഒരു വേൾഡ് ട്രിപ്പ് പോവണം എന്നാണ് ആഗ്രഹം. ഞാൻ നല്ല ഫുഡ്ഡിയാണ്, ഓരോ നാട്ടിലെയും ലോക്കൽ ഫുഡൊക്കെ കഴിച്ച് യാത്ര പോവണം എന്നാണ് ആഗ്രഹം. കുന്നോളം ആഗ്രഹമുണ്ട്, എല്ലാം നടക്കട്ടെ.

Read more: സൗബിനെ ചേർത്തുപിടിച്ച് ആസിഫ്; ‘വികൃതി’ ഓഡിയോ ലോഞ്ച് ചിത്രങ്ങൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook