scorecardresearch

പൃഥ്വിരാജും തിലകൻ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞു; ‘സത്യം’ വഴിവച്ച മാറ്റങ്ങളെക്കുറിച്ച് വിനയൻ

‘സത്യം’ എന്ന സിനിമ നടന്നതോടെ താരങ്ങൾ ബഹിഷ്കരണ സമരം നിർത്തുകയും എഗ്രിമെൻറ് ഇടാമെന്ന അഭിപ്രായത്തിലോട്ടു വരികയും ചെയ്തു. അങ്ങനെയാണ് ഇന്നെല്ലാ താരങ്ങളും ടെക്നീഷ്യൻമാരും സിനിമ തുടങ്ങുന്നതിനു മുൻപ് ഒപ്പിടുന്ന എഗ്രിമെൻറ് ഉണ്ടായതെന്ന കാര്യം പുതിയ തലമുറയിലെ സിനിമാക്കാരിൽ എത്ര പേർക്കറിയാം…?

sathyam movie, sathyam movie prithviraj, sathyam movie songs, sathyam movie watch online, vinayan, thilakan, thilakan movies

മലയാള സിനിമയിലെ ഒരു സുപ്രധാന നാഴികക്കല്ല് ഉരുവാകാനിടയായ സംഭവങ്ങളും അതില്‍ തന്റെ പങ്കും വിവരിക്കുകയാണ് സംവിധായകന്‍ വിനയന്‍. പതിനേഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ‘സത്യം’ എന്ന സിനിമ എടുക്കാനുണ്ടായ സാഹചര്യവും സിനിമയ്ക്ക് ശേഷം സംഭവിച്ച ചില കാര്യങ്ങളും ഓര്‍ക്കുകയാണ് വിനയന്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍. താരങ്ങളും നിര്‍മ്മാതാക്കളും തമ്മില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ഒരു കരാറില്‍ ഏര്‍പ്പെടണം എന്ന ആവശ്യം മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’ സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ നിര്‍മ്മാതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി, കഥയും തിരക്കഥയും ഒന്നും തയ്യാറാകാഞ്ഞിട്ടു പോലും, ‘സത്യം’ എന്ന സിനിമ എടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടതും ഒടുവില്‍ അതില്‍ അഭിനയിച്ച താരങ്ങള്‍ക്ക് ‘അമ്മ’ വിലക്ക് കല്‍പ്പിച്ചതും ഒക്കെ വിശദമാക്കുകയാണ് വിനയന്‍.

‘2004-ൽ ഇതു പോലൊരു മെയ് മാസമാണ് ‘സത്യം’ എന്ന സിനിമയുടെ ഷൂട്ടിംഗ് ഞാൻ ആരംഭിച്ചത്… 17 വർഷം മുൻപ് പ്യഥ്വിരാജിന് ഇരുപത്തി ഒന്നോ? ഇരുപത്തി രണ്ടോ മാത്രം പ്രായമുള്ളപ്പോൾ ചെയ്ത ഒരു മുഴുനീള ആക്ഷൻ ത്രില്ലർ.

ഫിലിം ചേമ്പറും നിർമ്മാതാക്കളും നിർബന്ധിച്ചതു കൊണ്ടു തന്നെ തിരക്കഥ തീരാതെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം. ഫിലിം ഇൻഡസ്ട്രിക്ക് ഗുണം ചെയ്യുന്ന ഒരു നിലപാടിന്റെ പേരിൽ ചെയ്യേണ്ടി വന്ന സിനിമ. അതുകൊണ്ടു തന്നെ എന്റെ വ്യക്തി ജീവിതത്തിൽ ഏറെ നഷ്ടമുണ്ടാക്കിയ ചലച്ചിത്ര സംരംഭം.

ആ ഫ്ലാഷ് ബാക്ക് ആലോചിക്കുമ്പോൾ ഇന്നും ത്രില്ലിംഗ് ആണ്. പലർക്കും അതു പുതിയ അറിവും ആയിരിക്കും. പ്രത്യേകിച്ച് പുതിയ തലമുറയ്ക്. അന്ന് വൻ തുകകൾ പ്രതിഫലം വാങ്ങുന്ന സിനിമാ താരങ്ങൾ പോലും ആ തുക നൽകുന്ന നിർമ്മാതാവുമായി ഒരു എഗ്രിമെൻറും വച്ചിരുന്നില്ല. അതു കൊണ്ടു തന്നെ നിർമ്മാതാക്കൾക്കു വലിയ പ്രശ്നങ്ങളുണ്ടാകുന്നെന്നും, സമയത്ത് സിനിമാ തുടങ്ങാൻ കഴിയുന്നില്ലന്നും, ആയതിനാൽ എഗ്രിമെൻറ് വേണമെന്ന ആവശ്യവുമായി നിർമ്മാതാക്കളും, ഫിലിം ചേമ്പറും മുന്നോട്ടു വന്നു. പക്ഷേ താരസംഘടനയായ ‘അമ്മ’ അതിനെ എതിർത്തു.
അതിന്റെ ഒന്നും ആവശ്യമില്ല എന്നാണ് അവർ പറഞ്ഞത്. നിർമ്മാതാക്കളും താരങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന അവസ്ഥയിലേക്ക് പ്രശ്നങ്ങൾ മാറി. നിലനിൽപ്പിനെ പേടിച്ചിട്ട് ആയിരിക്കും അന്നു മലയാള സിനിമയിലെ സംവിധായകരിൽ പ്രമുഖർ ഉൾപ്പടെ 99%വും ‘അമ്മ’യുടെ നിലപാടിനൊപ്പം നിന്നു. പക്ഷേ ഇത്രയും വലിയ സാമ്പത്തിക ഇടപാടു നടക്കുമ്പോൾ അതിനു സുതാര്യമായ ഒരു എഗ്രിമെൻറ് ഉണ്ടാകുന്നത് രണ്ടു കൂട്ടർക്കും നല്ലതല്ലേ എന്ന അഭിപ്രായമായിരുന്നു എനിക്ക്. എന്നാൽ ഇതു തങ്ങളെ കൂച്ചുവിലങ്ങിടാൻ കൊണ്ടു വന്ന പദ്ധതിയായിട്ടാണ് പ്രമുഖ താരങ്ങളിൽ പലരും കണ്ടത്.

അതു കൊണ്ടു തന്നെ എഗ്രിമെൻറ് പ്രശ്നം കൂടുതൽ വഷളായി തീരുകയാണ് പിന്നീടുണ്ടായത്. ഷൂട്ടിംഗ് ബഹിഷ്കരിക്കാൻ താരങ്ങൾ ‘അമ്മ’യുടെ നേതൃത്വത്തിൽ തീരുമാനിച്ചു. എന്റെ നിലപാട് എഗ്രിമെൻറ് വേണമെന്നാണങ്കിലും ഞാൻ ആ അഭിപ്രായം പരസ്യമായി പറഞ്ഞിരുന്നില്ല. പക്ഷേ അന്ന് ഒരു ദിവസം പ്രമുഖ നിർമ്മാതാക്കളായ ശ്രീ സിയാദ് കോക്കറും, സാഗാ അപ്പച്ചനും, സാജൻ വർഗ്ഗീസും കൂടി എന്റെ വീട്ടിൽ വന്ന്, ഫിലിം ഇൻഡസ്ട്രിയുടെ നൻമയ്കു വേണ്ടി വിനയൻ പ്രത്യക്ഷമായി തന്നെ ഞങ്ങളുടെ കൂടെ നിൽക്കണമെന്നും അതു മാത്രമല്ല പ്രമുഖ താരങ്ങളൊന്നും ഇല്ലങ്കിലും കുഴപ്പമില്ല രണ്ടാം നിരക്കാരെ വച്ച് ഉടനെ ഒരു ചിത്രത്തിന്റെ ഷുട്ടിംഗ് തുടങ്ങണമെന്നും പറഞ്ഞു.

ഉടനെ എന്നു പറഞ്ഞാൽ… താരങ്ങൾ പ്രതിഷേധിച്ച് ഷൂട്ടിംഗ് നിർത്തി ഷോ നടത്താൻ മൂന്നാഴ്ചക്കകം വിദേശത്തേക്കു പോകുകയാണ്. അതിനു മുൻപ് ഈ സിനിമ തുടങ്ങണം. ഞാൻ കണ്ണു തള്ളി നിന്നുപോയി. പൃഥ്വിരാജിനെ വച്ച് ‘വെള്ളിനക്ഷത്രം’ എന്ന സിനിമ റിലിസു ചെയ്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞതേയുള്ളു. പുതിയൊരു സിനിമ ചെയ്യാനുള്ള തിരക്കഥയോ? കഥയോ? ഒന്നും കൈയ്യിലില്ല എന്നു പറഞ്ഞ് ഞാൻ ഒഴിഞ്ഞു മാറി.

പക്ഷേ എങ്ങനെയും ഇതു നടത്തിയെ പറ്റുള്ളു എന്നും സംവിധായകൻ വിനയനേ ഇന്നിതു ചെയ്യാനുള്ള തന്റേടം ഉള്ളു എന്നുമൊക്കെ പറഞ്ഞപ്പോൾ ഞാനൊന്നു പൊങ്ങിപ്പോയോ എന്നൊരു സംശയം. സത്യത്തിൽ നിർമ്മാതാക്കൾ അവരുടെ കാര്യം കാണാൻ വേണ്ടി എന്നെ ബലിയിടാക്കുക ആയിരുന്നോ എന്നു പിന്നീടു ഞാൻ ചിന്തിച്ചു.

ഏതായാലും നിർമ്മാതാക്കളും ഫിലിം ചേമ്പറും പറഞ്ഞതു കൊണ്ടു മാത്രമല്ല. ഒരു എഗ്രിമെൻറുണ്ടാകുന്നതു നല്ലതാണന്ന എന്റെ നിലപാടു കൊണ്ടു കൂടിയാണ് താരങ്ങളുടെ സമരത്തിനെതിരെ ‘സത്യം’ എന്ന സിനിമ ചെയ്യാൻ ഞാൻ തയ്യാറായത്. അതൊരു ‘സ്പോർട്സ് മാൻ സ്പിരിറ്റോടെ’യാണ് ഞാൻ കണ്ടത്.

അന്ന് ആ ചിത്രത്തിന്റെ നിർമ്മാതാവായി വന്നത് ശ്രീ വൈശാഖ രാജനായിരുന്നു. ശ്രീ ആന്റോ ജോസഫിനെ ആണ് പ്രൊഡക്ഷൻ കൺട്രോളറായി നിശ്ചയിച്ചത്. അതിനു തൊട്ടു മുൻപ് ഞാൻ ചെയ്ത ‘വെള്ളിനക്ഷത്രത്തിന്റെ’യും പ്രൊഡക്ഷൻ കൺട്രോളറും ശ്രീ ആന്റോ തന്നെ ആയിരുന്നു. ശ്രീ ആന്റോയുടെ മിടുക്കും കഴിവും തന്നെ ആയിരുന്നു ‘സത്യം’ എന്ന സിനിമ അത്ര മിന്നൽ വേഗത്തിൽ സംഭവിക്കാനുള്ള പ്രധാന കാരണം.

പൃഥ്വിരാജിന്റെ അഭിപ്രായവും ഒരു എഗ്രിമെൻറ് വരുന്നതിൽ തെറ്റില്ല എന്നാണന്ന് അന്നെന്നെ വന്നു കണ്ടവർ പറഞ്ഞു. അതിൻ പ്രകാരം ഞാൻ രാജുവിനെ (പൃഥ്വിരാജ്) വിളിച്ച് കാര്യങ്ങൾ സംസാരിക്കുന്നു. കഥ ഒന്നും ആയില്ലങ്കിൽ കൂടി സിനിമ ഉടനേ തുടങ്ങണമെന്നും ഇതു വളയമില്ലാത്ത ചാട്ടമാണന്നും ഞാൻ രാജുവിനോട് ചിരിച്ചു കൊണ്ടാണ് പറഞ്ഞത്.

എന്നോടുള്ള വിശ്വാസം കൊണ്ടായിരിക്കാം ‘സാറെപ്പോൾ വിളിച്ചാലും എത്തിക്കോളാം’ എന്നാണ് രാജു മറുപടി പറഞ്ഞത്. ആരെയും ഭയക്കാതെ തന്റെ നിലപാടുകളും വ്യക്തിത്വവും പലപ്പോഴും ഉയർത്തിപ്പിടിച്ചിരുന്ന ചെറുപ്പക്കാരനാണ് പൃഥ്വിരാജ് എന്നു ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. താരങ്ങൾ പങ്കെടുത്ത എല്ലാ സിനിമകളും നിർത്തി വച്ചപ്പോഴാണ് പ്യഥ്വിരാജിനെയും തിലകൻ ചേട്ടനെയും ക്യാപ്റ്റൻ രാജുവിനേയും ലാലു അലക്സിനേയും, ബാബുരാജിനെയും ഒക്കെ ഉൾപ്പെടുത്തി ‘സത്യം’ എറണാകുളത്ത് ഷൂട്ടിംഗ് ആരംഭിച്ചത്. നായികയായി പുതുമുഖം പ്രിയാ മണിയേയും കാസ്റ്റ് ചെയ്തു. ബാക്കി അഭിനേതാക്കളെ തമിഴിൽ നിന്നാണു കണ്ടെത്തിയത്.

ഒരു കഥയുടെ ത്രെഡ് മനസ്സിലുണ്ടായിരുന്നു എന്നതു ശരിയാണ്, പക്ഷേ തിരക്കഥയോ ക്ലൈമാക്സോ ഒന്നും ആയിട്ടില്ല. ലോംഗ് ഷോട്ടെടുക്കുമ്പോൾ അടുത്ത സജഷൻ ഷോട്ടിന്റെ ഡയലോഗ് എഴുതേണ്ടിവന്ന ആ സാഹചര്യം ഇന്നോർക്കുമ്പോൾ ഭയം തോന്നുന്നു.

‘സത്യം’ എന്ന സിനിമ നടന്നതോടെ താരങ്ങൾ ബഹിഷ്കരണ സമരം നിർത്തുകയും എഗ്രിമെൻറ് ഇടാമെന്ന അഭിപ്രായത്തിലോട്ടു വരികയും ചെയ്തു. അങ്ങനെയാണ് ഇന്നെല്ലാ താരങ്ങളും ടെക്നീഷ്യൻമാരും സിനിമ തുടങ്ങുന്നതിനു മുൻപ് ഒപ്പിടുന്ന എഗ്രിമെൻറ് ഉണ്ടായതെന്ന കാര്യം പുതിയ തലമുറയിലെ സിനിമാക്കാരിൽ എത്ര പേർക്കറിയാം…?

ഏതായാലും ‘സത്യം’ പൃഥ്വിരാജിന്റെ കരിയറിൽ ദോഷമൊന്നും ഉണ്ടാക്കിയില്ലന്നു മാത്രമല്ല ഗുണമേ ചെയ്തുള്ളു. അതിനു മുൻപ് ചെയ്ത ‘മീരയുടെ ദുഖത്തിൽ….’ രാജുവിന് ക്രിട്ടിക്സ് അവാർഡ് കിട്ടിയിരുന്നു എന്നാണെന്റെ ഓര്‍മ്മ.

എഗ്രിമെൻറ് വിഷയത്തിൽ പിന്നോക്കം പോയെങ്കിലും അതിനു വഴി വച്ച ‘സത്യ’ത്തിൽ അഭിനയിച്ചവർക്കെതിരെ ‘അമ്മ’ അന്നു വിലക്കേർപ്പെടുത്തി. പൃഥ്വിരാജും തിലകൻ ചേട്ടനുമൊഴികെ മറ്റെല്ലാവരും മാപ്പു പറഞ്ഞ് വിലക്കിൽ നിന്നും ഒഴിവായി. അതിനു ശേഷം ഞാൻ ചെയ്ത ‘അത്ഭുതദ്വീപ്’ എന്ന സിനിമയിലൂടെ തന്നെയാണ് പ്യഥ്വിരാജിന്റെ അന്നത്തെ വിലക്കു പൊട്ടിച്ചെറിഞ്ഞതെന്ന കാര്യമൊക്കെ അദ്ദേഹത്തിന്റെ മാതാവ് മല്ലികച്ചേച്ചി തന്നെ പൊതു വേദിയിൽ പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ വിശദീകരിക്കുന്നില്ല.

2004 ലെ ഈ പ്രശ്നങ്ങളുടെ ഒക്കെ ബാക്കിപത്രവും വൈരാഗ്യവും ആയിരുന്നു 2008ൽ ഞാൻ സംഘടനാ നേതൃത്വത്തിൽ ഇരുന്നു കൊണ്ട് ഒരു നടന്റെ തെറ്റായ നടപടിക്കെതിരെ നീങ്ങിയതിന്റെ പേരിൽ എനിക്കെതിരെ ഉണ്ടായ ‘അമ്മ’യുടെയും, ‘ഫെഫ്ക’യുടെയും സംയുക്ത വിലക്ക് എന്നോർക്കണം.

പക്ഷേ 2004ൽ എന്റെ വീട്ടിൽ വന്ന് സഹായം അഭ്യർത്ഥിച്ച് അതു വാങ്ങി എടുത്ത നിർമ്മാതാക്കളോ കുടെ നിന്നവരോ ആരും ആ വിലക്കു കാലത്ത് ഒരു വാക്കു കൊണ്ടു പോലും എന്നെ സഹായിച്ചില്ലന്നു മാത്രമല്ല, എന്നെ ദ്രോഹിക്കാൻ എല്ലാവിധ സഹായം കൊടുത്തതും അവരിൽ ചിലരാണ്. എനിക്കതിൽ ആരോടും പിണക്കം ഒന്നും ഇല്ല. കാരണം ഓരോരുത്തരും അവരുടെ നിലനിൽപ്പിനു വേണ്ടി ആയിരിക്കും അങ്ങനെ കളം മാറി ചവുട്ടിയത്.

ഞാനെന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നിയതിന്റെ കൂടെയാണ് അന്നും നിന്നത്. എന്തെങ്കിലും താൽക്കാലിക ലാഭത്തിനു വേണ്ടി ഞാൻ നിലപാടു മാറ്റാറുമില്ല. അതു കൊണ്ടായിരിക്കാം പത്തു വർഷത്തെ വിലക്കുകൾക്കു ശേഷവും ഇന്ന് മലയാളത്തിൽ നിർമ്മാണം നടക്കുന്ന ഏറ്റവും വലിയ സിനിമയായ ‘പത്തൊൻപതാം നൂറ്റാണ്ട്’ അറുപതോളം താരങ്ങളെ അണിനിരത്തി മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് അവസരം കിട്ടിയത്. അതു കൊണ്ടു തന്നെ ആയിരിക്കാം, എനിക്കു ചേർന്ന ഒരു നല്ല കഥ ഉണ്ടാക്കിക്കോളൂ നമുക്കൊരു സിനിമ ചെയ്യാം എന്ന് ‘അമ്മ’യുടെ പ്രസിഡൻറ് ശ്രീ മോഹൻലാൽ എന്നോട് ഇന്നു പറയുന്നത്.

എല്ലാരോടും സ്നേഹം മാത്രമേ ഇന്നു മനസ്സിലുള്ളൂ, ദ്രോഹിച്ചവരോടു പോലും വിദ്വേഷമില്ല. ജീവിതം എന്ന മഹാ സാഗരത്തിലെ നീർക്കുമിളകൾ മാത്രമാണു നമ്മൾ എപ്പോൾ വേണമെങ്കിലും ഇല്ലാതാകാം. അതു വരേയ്കും വ്യക്തിത്വം നിലനിർത്താൻ ശ്രമിക്കുന്നു എന്നു മാത്രം…,’ വിനയന്‍ കുറിച്ചു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Vinayan on 17 years of sathyam with prithviraj thilakan