കലാഭവന്‍ മണിയുടെ ജീവിതകഥയെ ആസ്പമദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് പുതുമുഖനായകനെ തേടുന്നു. ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്നാണ് ചിത്രത്തിന്റെ പേര്. “ചാലക്കുടിക്കാരന്‍ ചങ്ങാതി” മണിയുടെ ജീവിത കഥയല്ല… മറിച്ച്, കലാഭവന്‍ മണി എന്ന അനുഗ്രഹീത കലാകാരന്റെ ജീവിതത്തെയും പ്രതിഭയെയും അടുത്തു നിന്നു കാണാനും കേള്‍ക്കാനും കഴിഞ്ഞ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ ഈ കഥയുണ്ടാക്കാന്‍ എന്നെ ആ ജീവിതം സ്വാധീനിച്ചിട്ടുണ്ട് എന്നതു സത്യമാണെന്ന് വിനയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
“സമൂഹത്തിന്റെ അടിസ്ഥാനവര്‍ഗ്ഗത്തില്‍ നിന്ന് ദാരിദ്ര്യത്തിന്റെയും പ്രാരാബ്ധത്തിന്റെയും തീച്ചൂളയില്‍ കുരുത്ത ഒരു മഹാപ്രതിഭ അയാളുടെ ജീവിതയാത്രയില്‍ നേരിട്ട പ്രതിബന്ധങ്ങളും മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലും ഒക്കെ രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും… എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്യന്തം നാടകീയമായ ഒരവസാനരംഗമാണ് ആ മഹാനായ കലാകാരന്‍ അഭിനയിച്ചു തീര്‍ത്തത്”, വിനയന്‍ വ്യക്തമാക്കി.
“ഈ ചിത്രത്തിലെ തമാശക്കാരനായ നായകന്‍ നമ്മളെ ഒത്തിരി ചിരിപ്പിക്കുന്നതു പോലെ തന്നെ കണ്ണു നിറയിക്കുകയും ചെയ്യും. കറുപ്പിനോടും അതിനെ പ്രതിനിധീകരിക്കുന്ന ജനവിഭാഗത്തോടും നമ്മുടെ സമൂഹം പുലര്‍ത്തുന്ന നീതികേടും ഈ ചിത്രത്തിലൂടെ ചര്‍ച്ച ആയേക്കാം. കുറേ നാളുകള്‍ക്കു ശേഷം എന്റെ മനസ്സിനിഷ്ടപ്പെട്ട ഒരു കഥയും സിനിമയുമായി – വിലക്കുകളും, ഒറ്റപ്പെടുത്തലുമില്ലാതെ എന്റെ സ്വന്തം സിനിമാത്തട്ടകത്തിലേക്കു ഞാന്‍ വീണ്ടും വരികയാണ്. എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു”, വിനയന്‍ കൂട്ടിച്ചേര്‍ത്തു.
കലാഭവന്‍മണിയുടെ അഭിനയ ജീവിതത്തില്‍ അദ്ദേഹത്തിന് ഏറ്റവും മികച്ച അവസരങ്ങള്‍ നല്‍കിയ സംവിധായകനാണ് വിനയന്‍. മണി നായകനായ ‘കരുമാടിക്കുട്ടന്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്നീ വിനയന്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ചതാണ്.ചാലക്കുടിയില്‍ ഓട്ടോകക്കാരനായി ജീവിതം ആരംഭിച്ച മണി മിമിക്രിയിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയില്‍ മണിയുടെ വളര്‍ച്ച പെട്ടെന്നായിരുന്നു. ഹാസ്യതാരമായി തുടങ്ങിയ മണി പിന്നീട് നായകനായും വില്ലനായും തിളങ്ങി.
2016മാര്‍ച്ചിലാണ് മണി മരണമടഞ്ഞത്. മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മണിയുടെ ബന്ധുക്കള്‍ ശക്തമായി രംഗത്തെയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കവെയാണ് മണിയുടെ ജീവിതകഥ വിനയന്‍ സിനിമയാക്കുന്നത്.