വിനയന് സംവിധാനം ചെയ്ത ‘ആകാശഗംഗ’ എന്നാ ചിത്രത്തിന്റെ തുടര്‍ച്ചയായ ‘ആകാശ ഗംഗ 2’ ഏപ്രില്‍ 24 ബുധനാഴ്ച ആരംഭിക്കും. ഇരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയില്‍ തന്നെയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്.
“എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ‘ആകാശഗംഗ’യുടെ ഷൂട്ടിംഗ് വേളയില്‍ അന്ന് ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു ചിത്രമാണ് ഇതോടൊപ്പം ഞാന്‍ പോസ്റ്റ് ചെയ്യുന്നത്. അതിലഭിനയിച്ച അതുല്യരായ പല നടീനടന്മാരും ഇന്നില്ല. അവരുടെ ദീപ്തമായ സ്നേഹസ്മരണകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.,” ചിത്രീകരണം ആരംഭിക്കുന്ന വിവരം പങ്കു വച്ച് കൊണ്ട് വിനയന് അറിയിച്ചു.

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, സാജു കൊടിയന്‍, നസീര്‍ സംക്രാന്തി, രമ്യ കൃഷ്ണന്, പ്രവീണ, പുതുമുഖം ആരതി, തെസ്നി ഖാന്, വത്സലാ മേനോന്, ശരണ്യ, കനകലത, നിഹാരിക എന്നിവരാണ് ‘ആകാശഗംഗ 2’ലെ അഭിനേതാക്കള്‍. പ്രകാശ് കുട്ടി ക്യാമറയും, ബിജിബാല്‍ സംഗീതവും ഹരിനാരായണനും രമേശന് നായരും ചേര്‍ന്ന് ഗാനരചനയും നിര്‍വ്വഹിക്കുന്നു. ‘പുതുമഴയായി വന്നു’ എന്ന ‘ആകാശഗംഗ’യിലെ പാട്ട് ബേര്‍ണി ഇഗ്നേഷ്യസ് തന്നെ റീമിക്സ് ചെയ്യുന്നു. റോഷന് എന്‍ ജി ആണ് മേക്കപ്പ്. ബോബന് കലയും സമീറ സനീഷ് വസ്ത്രാലങ്കാരവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഡോള്‍ബി അറ്റ്മോസില് ശബ്ദലേഖനം ചെയ്യപ്പെടുന്ന ഈ ചിത്രത്തിന്റെ സൗണ്ട് മിക്സിംഗ് ചെയ്യുന്നത് തപസ് നായ്ക് ആണ്. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്. ഡിസൈന്‍സ് ഓള്ഡ്മങ്ക്സ്.
“മോഡേണ്‍ ടെക്നോളജിയുടെ ഒന്നും സഹായമില്ലാതെ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ആകാശഗംഗയുടെ ഒന്നാം ഭാഗത്തെക്കാള്‍ സാങ്കേതിക മേന്മയിലും ട്രീറ്റ്മെന്റിലും ഏറെ പുതുമകളോടെ അവതരിപ്പിക്കുന്ന ആകാശഗംഗ 2 ഈ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് ഉദ്ദേശ്ശിക്കുന്നത്. എല്ലാവരുടെയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു,” വിനയന് ഫേസ്ബുക്കില്‍ പറഞ്ഞു.
ഹൊററും കോമഡിയും കൂട്ടിയിണക്കി സംവിധായകൻ വിനയൻ ഒരുക്കിയ ചിത്രമായിരുന്നു ‘ആകാശഗംഗ’. 1999ൽ റിലീസ് ചെയ്ത് ചിത്രം തിയേറ്ററുകളിൽ വിജയം നേടുകയും 150 ദിവസത്തോളം ഒാടുകയും ചെയ്തിരുന്നു. ചിത്രം ‘അവളാ ആവിയാ’ എന്ന പേരിൽ തമിഴിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു.
‘ആകാശഗംഗ’യുടെ രണ്ടാം ഭാഗം പൂർത്തിയായതിനു ശേഷം മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കുമെന്നും വ്യക്തമാക്കുകയാണ് വിനയൻ. ജയസൂര്യ നായകനാവുന്ന ‘നങ്ങേലി’ എന്ന ചരിത്രസിനിമയുടെയും അണിയറപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.
Read more: ഒടുവില്‍ വിനയനും മോഹന്‍ലാലും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം