മലയാള സിനിമയുടെ മോഹിപ്പിക്കുന്ന ലോകത്ത് എന്നെങ്കിലും ഒരു നൃത്തസംവിധായകനായി അരങ്ങേറണമെന്നായിരുന്നു വിനായകനെന്ന കൊച്ചിക്കാരന്റെ സ്വപ്നം. ‘ബ്ലാക്ക് മെര്‍ക്കുറി’ എന്ന നൃത്ത ട്രൂപ്പില്‍ ശ്രദ്ധിക്കപ്പെട്ട ഫയര്‍ ഡാന്‍സറായിരുന്നു വിനായകന്‍. വിനായകന്റെ പ്രകടനം കാണാനിടയായ സംവിധായകൻ തമ്പി കണ്ണന്താനമാണ് സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്.

തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മാന്ത്രികമായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ഒന്നാമൻ എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. ക്രൂര കഥാപാത്രങ്ങളുടെ പെർഫെക്ഷനാണ്‌ വിനായകന്റെ പ്ളസ്‌ പോയിൻറ്. ടി.കെ. രാജീവ്കുമാറിന്റെ ഇവര്‍ എന്ന ചിത്രത്തില്‍ സ്വന്തം പേരില്‍ തന്നെ അഭിനയിച്ച് വിനായകന്‍ കയ്യടി നേടി.

ചതിക്കാത്ത ചന്തു എന്ന ചിത്രത്തില്‍ അല്‍പ്പം കോമഡി ട്രാക്കിലേക്ക് മാറിയ വിനായകന്‍ ഛോട്ടാ മുംബൈയിലൂടെ വീണ്ടൂം മലയാളി പ്രേക്ഷകനെ ഞെട്ടിച്ചു. ബാച്‌ലര്‍ പാര്‍ട്ടി ധനുഷിന്റെ മാരിയന്‍, ബെസ്റ്റ് ആക്ടര്‍, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലും വിനായകന്‍ ശ്രദ്ധിക്കപ്പെട്ടു.

എന്നാല്‍ വിനായകന്‍ എന്ന അതുല്ല്യഅഭിനയ പ്രതിഭയുടെ കാമ്പ് കണ്ടെടുക്കാന്‍ നമ്മുടെ ചലച്ചിത്രകാരന്മാര്‍ക്ക് ഇതുവരെ കഴിഞ്ഞില്ല എന്നൊരു ദുഖത്തെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു കമ്മട്ടിപ്പാടം. ഒരു ചേരിയില്‍ ജീവിക്കുന്ന സാമൂഹ്യ വിരുദ്ധനായ ഒരു യുവാവിന്റെ മുഴുവന്‍ ഭാവങ്ങളും പകര്‍ന്നു ജീവിക്കുകയാണ് വിനായകന്‍ ഈ സിനിമയില്‍. നായകനേക്കാള്‍ പ്രാധാന്യമുള്ള കഥാപാത്രവും വിനായകന്‍റെ ഗംഗയായിരുന്നു.
വികസന ഭാവനകളുടെ പാര്‍ശ്വങ്ങളില്‍ പോലും എവിടെയും ഇടം ലഭിക്കാത്ത മനുഷ്യരുടെ അതിജീവനശ്രമങ്ങളുടെയും, സൌഹൃദ സ്നേഹവായ്പ്പിന്റെയും, പകയുടെയും, ആസുരതയുടെയും കഥയായിരുന്നു കമ്മട്ടിപ്പാടം.

സിനിമയില്‍ രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് വിനായകനെ തേടി ആദ്യ സംസ്ഥാന പുരസ്‌കാരം എത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഒട്ടുമിക്ക സ്വകാര്യ പുരസ്‌കാരങ്ങളിലും വിനായകന്‍ അവഗണിക്കപ്പെട്ടപ്പോള്‍ പ്രേക്ഷക പിന്തുണ അദ്ദേഹത്തിനായിരുന്നു. ഒടുവില്‍ അര്‍ഹിച്ച അംഗീകാരം തന്നെ വിനായകനെ തേടി വന്നിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ