‘തൊട്ടപ്പനായി’ വിനായകന്‍ എത്തുന്നു. കിസ്മത്തിന് ശേഷം ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തൊട്ടപ്പന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വിനായകന്‍ ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍. മുഴുനീള നായകനായി വിനായകന്‍ ആദ്യമായെത്തുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പിഎസ് റഫീക്കാണ്. പുതുമുഖമാണ് നായിക.

ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് രാജന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം ഒരുക്കുന്നത് ഗിരീഷ് എം ലീല കുട്ടനാണ്. പശ്ചാത്തല സംഗീതം ജസ്റ്റിന്‍. ക്യാമറ സുരേഷ് രാജന്‍. എഡിറ്റിംഗ് ജിതിന്‍ മനോഹർ.

റോഷന്‍ മാത്യു, മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍, പോളി വില്‍സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഷൈന്‍ നിഗം, ശ്രുതി മേനോന്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘കിസ്മത്ത്’ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ജാതി രാഷ്ട്രീയവും ഇന്റര്‍ കാസ്റ്റ് പ്രണയവുമായിരുന്നു ചിത്രം ചര്‍ച്ച ചെയ്തിരുന്നത്.

Read Also: പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം ഫ്രാന്‍സിന് നൊറോണയ്ക്ക്

‘കിസ്മത്ത്’ ഇറങ്ങി രണ്ട് വര്‍ഷം കഴിഞ്ഞ് സംസ്ഥാന അവാര്‍ഡ് ജേതാവായ വിനായകനിലൂടെ ‘തൊട്ടപ്പനുമായി’
ഷാനവാസ് ബാവക്കുട്ടി എത്തുമ്പോള്‍ ആരാധകരുടെ പ്രതീക്ഷയും വാനോളമാണ്. പോസ്റ്റര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.

ഫ്രാന്‍സിന് നൊറോണയുടെ പ്രശസ്തമായ കഥയാണ് ‘തൊട്ടപ്പന്‍’. ഈ കൃതിയ്ക്ക് നൊറോണയ്ക്ക് പ്രഥമ ചെമ്പില്‍ ജോണ്‍ സാഹിത്യ പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ന് ചെമ്പില്‍ നടന്ന ചടങ്ങില്‍ എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം സമ്മാനിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ