മീറ്റു ആരോപണവുമായി ബന്ധപ്പെട്ട് മുൻപും വാർത്തകളിൽ നിറഞ്ഞ നടനാണ് വിനായകൻ. ഒരുത്തീ സിനിമയുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെ വിനായകൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്.
“എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണായി സെക്സ് ചെയ്യണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യണം? എന്റെ ലൈഫിൽ ഒരു പത്ത് സ്ത്രീകളുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ പത്ത് സ്ത്രീകളോടും ഞാൻ തന്നെയാണ് ഫിസിക്കൽ റിലേഷനിൽ ഏർപ്പെടാൻ തയ്യാറാണോയെന്ന് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടു എങ്കിൽ ഞാൻ ഇനിയും ചോദിക്കും. അവർക്ക് താത്പര്യമില്ലെങ്കിൽ അവർ നോ പറയും. എന്നോട് ഇതുവരെ ഒരു പെണ്ണും അത് ചോദിച്ചിട്ടില്ല,” എന്നായിരുന്നു വിനായകന്റെ വാക്കുകൾ.
പത്രസമ്മേളനത്തിൽ പങ്കെടുത്ത ഒരു മാധ്യമപ്രവർത്തകയ്ക്ക് നേരെ കൈ ചൂണ്ടി ആ “പെണ്ണിനോട് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ഞാൻ ചോദിക്കും, അവർ നോ പറയുകയാണെങ്കിൽ ഓകെ,” എന്ന് പറഞ്ഞാണ് വിനായകൻ തന്റെ വാദത്തെ സമർത്ഥിച്ചത്. ഒരു പത്രപ്രവർത്തകയുടെ തൊഴിൽ ഇടത്തിൽവച്ച് അവർക്കെതിരെ വിനായകൻ നടത്തിയ ലൈംഗികചുവയുള്ള ഈ പരാമർശവും വിവാദമായിരിക്കുകയാണ്.
സംവിധായിക കുഞ്ഞില മാസിലാമണിയടക്കം നിരവധി പേരാണ് വിനായകന്റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. “ലൈംഗിക അതിക്രമത്തിന് എതിരെ സംസാരിക്കുമ്പോൾ എപ്പോഴും ആണുങ്ങളുടെ ഭാഗത്ത് നിന്ന് ഉയർന്ന് കേൾക്കാറുള്ള ഒരു ചോദ്യമാണ് വിനായകൻ ഇവിടെ ചോദിച്ചിരിക്കുന്നത്. ഇത് അത്ര നിഷ്കളങ്കമല്ല,” എന്നാണ് കുഞ്ഞില കുറിക്കുന്നത്.
“ജാതിയെ പറ്റി, വർഗ്ഗ രാഷ്ട്രീയത്തെ പറ്റി ഒക്കെ സംസാരിക്കുന്ന വിനായകന് ജെൻഡർ മാത്രം മനസ്സിലാവുന്നില്ല എന്നുള്ളത് അത് അയാളെ കുടുക്കുന്നത് കൊണ്ട് തന്നെയാണ്. സ്വയം തിരുത്താൻ അയാള് തയ്യാറല്ലാത്തത് കൊണ്ട് തന്നെയാണ്,” എന്നും കുഞ്ഞില കുറിക്കുന്നു.