വയനാട് ചുരം കണ്ടെത്താന്‍ ബ്രിട്ടീഷ് സായിപ്പിനെ സഹായിച്ച കരിന്തണ്ടന്റെ ജീവിതം അഭ്രപാളികളിലേക്ക്. ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മലയാള സിനിമാരംഗത്തെത്തുന്ന സംവിധായികയായി ലീലാ സന്തോഷ് മാറുമ്പോള്‍ കരിന്തണ്ടനായി വിസ്‌മയിപ്പിക്കാന്‍ വിനായകനാണ് കൂടെയുള്ളത്.

രാജീവ് രവി, ബി.അജിത്ത്കുമാര്‍, മധു നീലകണ്‌ഠന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കളക്‌ടീവ് ഫേസ് വണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തു വന്നു.

വയനാട്ടിലെ ആദിവാസി വിഭാഗമായ പണിയരുടെ ജീവിതത്തിലെ ദുരിതങ്ങളും അവരുടെ നഷ്‌ടപ്പെട്ട പൈതൃകവും പ്രമേയമാക്കി ‘നിഴലുകള്‍ നഷ്‌ടപ്പെട്ട ഗോത്രഭൂമി’ എന്ന പേരില്‍ ഡോക്യുമെന്ററി ചിത്രം സംവിധാനം ചെയ്‌തു കൊണ്ടാണ് ലീല സിനിമാ രംഗത്തേക്കു കടന്നു വരുന്നത്.

‘വയനാട് ചുരം കണ്ടെത്തിയ കരിന്തണ്ടന്റെ കഥ പറയുന്ന ചിത്രമാണ് ഞാന്‍ ഒരുക്കാന്‍ പോകുന്നത്. ചെറുപ്പം മുതലേ സിനിമ എന്ന സ്വപ്‌നം ഒപ്പമുണ്ടായിരുന്നു. ടിവി കാണുന്നതും റേഡിയോയില്‍ കേള്‍ക്കുന്ന സിനിമാ പാട്ടുകളും വഴിയില്‍ കാണുന്ന പോസ്റ്ററുകളും മാത്രമാണ് സിനിമയുമായുള്ള ആകെ ബന്ധം. ഇപ്പോള്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരുക്കത്തിലാണ്,” ലീല തന്റെ സ്വപ്‌നം പങ്കുവച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ