അഭിനയത്തിലൂടെയല്ല ശബ്ദത്തിലൂടെയാണ് വിമ്മി മറിയം ജോർജ് മലയാളികൾക്ക് സുപരിചിത. വെളളിത്തിരയിൽ പല കഥപാത്രങ്ങളിലൂടെയും വിമ്മിയെ നാം അടുത്തറിഞ്ഞിട്ടുണ്ട്. ഖുശ്ബു, പ്രിയാമണി, കനിഹ, മംമ്ത മോഹൻദാസ്, ആൻ അഗസ്റ്റിൻ, ലക്ഷ്മി ഗോപാല സ്വാമി, റിമ കല്ലിങ്കൽ തുടങ്ങി ഒട്ടേറെ നടികൾക്ക് വിമ്മി ശബ്ദം പകർന്നിട്ടുണ്ട്. അഭ്രപാളികൾക്ക് മുന്നിൽ നടിമാർ കഥാപാത്രങ്ങളായി അഭിനയിക്കുമ്പോൾ പുറകിൽ വിമ്മി കഥാപാത്രമായി ജീവിക്കുകയാണ്.

140 ലധികം ചിത്രങ്ങളിൽ വിമ്മി ഡബ് ചെയ്തിട്ടുണ്ട്. ദിലീപ് ചിത്രം രാമലീലയിൽ പ്രയാഗ മാർട്ടിനുവേണ്ടിയാണ് അടുത്തിടെ ഡബ് ചെയ്തത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കയ്യൊപ്പ്’ സിനിമയിൽ ബുശ്ബു അവതരിപ്പിച്ച പദ്മ എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയതിലൂടെ സംസ്ഥാന സർക്കാരിന്റെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള പുരസ്കാരം നേടി. മറ്റു നിരവധി അവാർഡുകളും വിമ്മിയെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ ശബ്ദമായതും വിമ്മിയാണ്. ഡബ്ബിങ് ആർട്ടിസ്റ്റ് വിമ്മി മറിയം ജോർജ് ഐഇ മലയാളത്തോട് സംസാരിക്കുന്നു.

റേഡിയോ ജോക്കിയിൽനിന്ന് സിനിമയിലേക്ക്
പാട്ടുകാരിയിൽനിന്നാണ് റേഡിയോ ജോക്കിയിലേക്ക് എത്തിയത്. സ്റ്റേജ് ഷോകളിൽ പാടുമായിരുന്നു. ക്രിസ്തീയ ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. പിന്നീട് റേഡിയോ പരസ്യങ്ങൾക്കുവേണ്ടി ഡബ് ചെയ്യാൻ തുടങ്ങി. അങ്ങിനെയാണ് റേഡിയോ ജോക്കിയാകുന്നത്. 7 വർഷത്തോളം ദുബായിൽ എഫ്എം റേഡിയോയിൽ ജോക്കിയായിരുന്നു. വിവാഹം കഴിഞ്ഞതോടെ നാട്ടിൽ താമസം തുടങ്ങി. നാട്ടിലെത്തിയതിനുശേഷം ടിവി പരസ്യങ്ങൾക്ക് ശബ്ദം നൽകാൻ തുടങ്ങി. അവിടെനിന്നാണ് സിനിമയിലേക്കെത്തിയത്. പരസ്യങ്ങൾക്കുവേണ്ടി ഇപ്പോഴും ഡബ് ചെയ്യുന്നുണ്ട്. ധാത്രി പരസ്യത്തിൽ സംയുക്ത വർമ്മ, മാട്രിമോണി ഫോട്ടോഗ്രഫിയിൽ സ്നേഹ എന്നിവർക്ക് ശബ്ദം നൽകിയിട്ടുണ്ട്.

vimmy mariam george, dubbing artist

ഡബ്ബിങ് ആർട്ടിസ്റ്റായത് യാദൃച്ഛികം
അനുജത്തി വിധു മറിയം ജോർജ് ജ്യോതിഷ് ബ്രഹ്മിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചിരുന്നു. അതിന്റെ ഡബ്ബിങ്ങിനുവേണ്ടി അനുജത്തി പോയപ്പോൾ അവൾക്ക് കൂട്ടിനുവേണ്ടി ഞാനും പോയി. അവിടെ സ്റ്റുഡിയോയിലെത്തിയപ്പോൾ എന്നെ അറിയാവുന്നവരും ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ വെറുതെ എന്നെക്കൊണ്ട് ഡബ് ചെയ്യിപ്പിച്ചു. എന്റെ ശബ്ദം അവർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ ആ പരസ്യത്തിനുവേണ്ടി ഞാൻ ഡബ്ബ് ചെയ്തു. പിന്നീട് നിരവധി പരസ്യങ്ങൾക്ക് ഡബ് ചെയ്തു

സിനിമയിലേക്ക് എത്തുന്നത് യാദൃച്ഛികമായാണ്. കൊച്ചിയിൽ ലാൽ മീഡിയ സ്റ്റുഡിയോയിൽ കോക്കനട്ട് ഡവലപ്മെന്റ് ബോർഡിന്റെ പരസ്യത്തിനുവേണ്ടി ഡബ് ചെയ്യാൻ പോയി. അവിടെ വച്ചാണ് കയ്യൊപ്പ് ചിത്രത്തിൽ ഖുശ്ബുവിനുവേണ്ടി ഡബ് ചെയ്യാൻ ആളെ തിരയുന്നതായി പറഞ്ഞത്. എന്റെ ശബ്ദം കേട്ടപ്പോൾ അവർക്ക് ഇഷ്ടമായി. അങ്ങനെ കയ്യൊപ്പ് സിനിമയിലൂടെ ഡബ്ബിങ് ആർട്ടിസ്റ്റായി. ആ സിനിമയ്ക്ക് മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുളള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

അവാർഡ് കിട്ടിയതിൽ സന്തോഷം
സിനിമാ മേഖലയിലേക്ക് എത്താൻ കഴിയുക എന്നത് സന്തോഷകരമായ കാര്യമാണ്. അതിൽതന്നെ മികച്ചൊരു എൻട്രി ലഭിച്ചത് എനിക്ക് കിട്ടിയ വലിയ നേട്ടമാണ്. ഡബ് ചെയ്ത ആദ്യ സിനിമയ്ക്ക് തന്നെ അവാർഡ് കിട്ടി. ഒരുപാട് സന്തോഷത്തിനൊപ്പം പ്രൊഫഷണൽ ജീവിതത്തിൽ അതെനിക്ക് ഗുണകരവുമായി. വർക്കിനായി പോകുമ്പോൾ ഏതാണ് ആദ്യ ചിത്രം എന്നു ചോദിക്കുന്നവരോട് കയ്യൊപ്പ് എന്നു പറയുമ്പോൾ അതിലൂടെ ഞാൻ പെട്ടെന്ന് തിരിച്ചറിയപ്പെടുന്നുണ്ട്.

ശബ്ദം നൽകിയത് കൂടുതൽ പ്രിയാമണിക്ക്
ഖുശ്ബു (കയ്യൊപ്പ്), ആൻ അഗസ്റ്റിൻ (എൽസമ്മ എന്ന ആൺകുട്ടി, അർജുനൻ സാക്ഷി), മംമ്ത മോഹൻദാസ് (പാസഞ്ചർ), ലക്ഷ്മി ഗോപാലസ്വാമി (തനിയെ, ക്രിസ്ത്യൻ ബ്രദേഴ്സ്), സമീറ റെഡ്ഡി (ഒരു നാൾ വരും), കനിഹ (ഭാഗ്യദേവത, സ്പിരിറ്റ്), ശ്വേതാ മോഹൻ (രതിനിർവേദം), പദ്മപ്രിയ (സ്നേഹവീട്), റിമ കല്ലിങ്കൽ (നിദ്ര), അപർണ ഗോപിനാഥ് (മുന്നറിയിപ്പ്) തുടങ്ങി ഒട്ടേറെ നടിമാർക്ക് ശബ്ദം നൽകിയിട്ടുണ്ടെങ്കിലും പ്രിയാമണിക്കാണ് കൂടുതൽ തവണ ശബ്ദം നൽകിയത്. തിരക്കഥ ചിത്രത്തിലാണ് പ്രിയാമണിക്ക് ആദ്യം ശബ്ദം നൽകിയത്. തുടർന്നിങ്ങോട്ട് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, ഗ്രാൻഡ് മാസ്റ്റർ തുടങ്ങി എല്ലാ ചിത്രങ്ങൾക്കുവേണ്ടിയെല്ലാം പ്രിയാമണിക്ക് ശബ്ദം നൽകി.

vimmy mariam george, dubbing artist

ആദ്യ അഭിനന്ദനം ഖുശ്ബുവിൽനിന്ന്
പല നടികളും വിളിച്ച് അഭിനന്ദിക്കാറുണ്ട്. കയ്യൊപ്പിന് അവാർഡ് കിട്ടിക്കഴിഞ്ഞപ്പോൾ ഖുശ്ബു അഭിനന്ദിച്ചു കൊണ്ട് മെസേജ് അയച്ചു. അതുകണ്ടപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ ലക്ഷ്മി ഗോപാലസ്വാമി, അപർണ ഗോപിനാഥ്, ആൻ അഗസ്റ്റിൻ ഇവരൊക്കെ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.

കനിഹയുടെ ആത്മാവും എന്റെ ശബ്ദവും
എന്റെ ശബ്ദം അനുയോജ്യമായി തോന്നിയത് ആദ്യം ഖുശ്ബുവിനാണ്. കയ്യൊപ്പ് സിനിമയിലെ ഖുശ്ബുവിന്റെ പദ്മ എന്ന കഥാപാത്രത്തിന് എന്റെ ശബ്ദം ശരിക്കും യോജിക്കുന്നതായി തോന്നിയിട്ടുണ്ട്. തിയേറ്ററിലിരുന്ന് സിനിമ കണ്ടപ്പോൾ ഖുശ്ബുവാണോ ഞാനാണോ സംസാരിക്കുന്നതെന്ന് എനിക്ക് അതിശയം തോന്നി. വളരെയധികം സംതൃപ്തി തന്നൊരു സിനിമയായിരുന്നു അത്. പിന്നെ തോന്നിയത് പ്രിയാമണിക്കും കനിഹയ്ക്കും. സ്പിരിറ്റിൽ കനിഹയ്ക്ക് ശബ്ദം നൽകിയത് ഞാനാണ്. ഇന്നും ആ സിനിമ കാണുമ്പോൾ കനിഹയുടെ ആത്മാവും എന്റെ ശബ്ദവുമാണെന്ന് എനിക്ക് തോന്നും.

ഒരു കഥാപാത്രത്തിന് എന്റെ ശബ്ദം ചേരുമോയെന്ന് ഒന്നു രണ്ടു സീനുകൾ കഴിയുമ്പോൾ തന്നെ എനിക്ക് തോന്നാറുണ്ട്. മുന്നറിയിപ്പ് സിനിമയിൽ അപർണ ഗോപിനാഥിനു വേണ്ടി ശബ്ദം നൽകിയത് ഞാനാണ്. പക്ഷേ ആ സിനിമ കണ്ടവരൊക്കെ അത് അപർണയുടെ ശബദമെന്നാണ് വിചാരിച്ചത്. അതുപോലെ ഒരുപാട് ചിത്രങ്ങൾക്ക് ഡബ് ചെയ്യുമ്പോൾ എന്റെ ശബ്ദം ചേരുമെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾക്ക് എന്റെ ശബ്ദം ശരിയാവില്ലെന്നും തോന്നിയിട്ടുണ്ട്. അതിലൊന്നാണ് പട്ടണത്തിൽ ഭൂതം സിനിമയിൽ കാവ്യ മാധവനുവേണ്ടി ഡബ് ചെയ്തത്. അതിന്റെ ഡബിങ് സമയത്ത് ഡബ് ചെയ്ത് പകുതിയായപ്പോൾ തന്നെ കാവ്യയ്ക്ക് എന്റെ ശബ്ദം ചേരില്ലെന്ന് ഞാൻ പറഞ്ഞിരുന്നു.

സ്ക്രീനിനു പിന്നിലുളളവർ എപ്പോഴും മറയത്താണ്
മുൻപത്തെക്കാൾ ഇപ്പോൾ കുറച്ചുകൂടി ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് പരിഗണന കിട്ടുന്നുണ്ട്. ഭാഗ്യ ലക്ഷ്മി ചേച്ചി പോലെയുളള കുറേപ്പേരുടെ പ്രയത്നം കൊണ്ട് ഇപ്പോൾ കുറച്ചൊക്കെ പരിഗണന കിട്ടുന്നുണ്ടെന്ന് പറയാം. എന്നാലും സ്ക്രീനിനു പിന്നിലുളളവർ ഒരിക്കലും വേണ്ടത്ര ശ്രദ്ധിക്കപ്പടുകയോ വേണ്ടത്ര പരിഗണിക്കപ്പെടുകയോ ചെയ്യുന്നില്ല. എഡിറ്റർമാർ, റെക്കോർഡിങ് സ്റ്റുഡിയോയിലെ എൻജിനീയേഴ്സ് തുടങ്ങി എത്രയോ പേർ. അവരെക്കുറിച്ചൊന്നും ആരും തിരക്കുക പോലും ചെയ്യാറില്ല. ഓരോ സിനിമയ്ക്കുവേണ്ടിയും എത്രയോ കഷ്ടപ്പെടുന്നവരാണ് അവരൊക്കെ. അങ്ങനെയുളളവരുടെ കൂട്ടത്തിലാണ് ഞങ്ങളും. പക്ഷേ വ്യക്തിപരമായി എനിക്കതിൽ സങ്കടമില്ല. സ്ക്രീനിനു പിന്നിലാണ് ഞാൻ ജോലി ചെയ്യുന്നത് എന്ന ബോധം എനിക്കുണ്ട്. പക്ഷേ എന്നാലും ഡബ്ബിങ് ആർട്ടിസ്റ്റുകളെ ചാനലുകളൊന്നും അവാർഡിന് പരിഗണിക്കാറില്ല. അതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്.

ഡബ് ചെയ്യുകയല്ല ശരിക്കും അഭിനയിക്കുകയാണ്
നിദ്ര സിനിമയ്ക്ക് റിമ കല്ലിങ്കലിനുവേണ്ടി ഡബ് ചെയ്യുന്ന സമയത്ത് സിദ്ധാർഥ് എന്നോട് പറഞ്ഞു, റിമ സ്ക്രീനിൽ അഭിനയിക്കുമ്പോൾ ചേച്ചി സ്റ്റുഡിയോയിൽ അഭിനയിക്കുകയായിരുന്നുവെന്ന്. അത് ശരിക്കും നമ്മൾ മനഃപൂർവം ചെയ്യുന്നതല്ല. ആ കഥാപാത്രത്തെ ഉൾക്കൊണ്ട് ശബ്ദം നൽകുമ്പോൾ നമ്മളും അതുപോലെയാകും. ജീവിതത്തിൽ നമ്മൾ കരയുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ ഞാൻ എത്രമാത്രം ഉച്ചത്തിൽ പൊട്ടിക്കരഞ്ഞുവെന്നോ എത്ര തവണ ചിരിച്ചുവെന്നോ നമ്മൾ ചിന്തിക്കാറില്ല. അതുപോലെ തന്നെയാണ് സിനിമയിൽ ഡബ് ചെയ്യുമ്പോഴും. ഇത്രമാത്രം ഉച്ചത്തിലേ കരയാവൂ, അല്ലെങ്കിൽ ചിരിക്കാവൂ എന്നു ഞാൻ ചിന്തിക്കാറില്ല. സിനിമയിൽ ആ കഥാപാത്രം കരയുകയാണെങ്കിൽ ഞാൻ ചിലപ്പോൾ ചുറ്റുപാട് നോക്കാത കരയും. നമ്മൾ ആ കഥാപാത്രമായി ജീവിക്കുകയാണ്. അതിനെ ഉൾക്കൊണ്ട് കഴിഞ്ഞാൽ പിന്നെ നമ്മൾ അവരായി മാറും.

പാട്ട് വിട്ടിട്ടില്ല, ഇപ്പോഴും കൂടെയുണ്ട്
പാട്ട് ഞാൻ വിട്ടിട്ടൊന്നുമില്ല. ചർച്ച് ക്വയറിൽ പാടാറുണ്ട്. പിന്നെ ചെറിയ പരിപാടികൾക്ക് ഒക്കെ പാടാറുണ്ട്. മുഴുവൻ സമയവും പാട്ടിനുവേണ്ടി നീക്കി വയ്ക്കാൻ കഴിയാറില്ല. എങ്കിലും കിട്ടുന്ന സമയത്തിനനുസരിച്ച് പാട്ട് പ്രാക്ടീസ് ചെയ്യാറുണ്ട്.

കുടുംബം
ഭർത്താവിന്റെ പേര് ജോര്‍ജ്ജ് ചാണ്ടി എന്നാണ്. അദ്ദേഹം ബാങ്ക് ഓഫ് ടോക്കിയോയിൽ ജോലി ചെയ്യുന്നു. ഒരു മോളുണ്ട് മാളവിക. ഏഴു വയസ്സായി. രണ്ടാം ക്ലാസിൽ പഠിക്കുന്നു.

ഭർത്താവ് നല്ലൊരു വിമർശകനാണ്
നല്ലൊരു വിമർശകനാണ് അദ്ദേഹം. ചില സിനിമകൾ കണ്ടു കഴിയുമ്പോൾ തന്നെ അത് കൊള്ളില്ല എന്നു പറയും. എന്നാൽ നല്ലതാണെങ്കിൽ അത് തുറന്നു പറയുകയും ചെയ്യും. അതു കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ