വലിയ പ്രതീക്ഷകളുടെയും നീണ്ട കാത്തിരിപ്പിന്‍റെയുമൊടുവില്‍ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ചിത്രം കൂടി തിയേറ്ററുകളില്‍ എത്തി. ബി ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായ വില്ലന്‍. വില്ലനും നായകനുമൊക്കെയായി താരം തിളങ്ങുമ്പോള്‍ താരാരാധനയുടെ കൈയ്യടികള്‍ മുറുകി. ആ മേളപ്പെരുക്കമാണ് വില്ലന്‍ എന്ന ചിത്രം.

മോഹന്‍ലാല്‍ സ്ക്രീനില്‍ നിറയുമ്പോള്‍ മറ്റൊന്നും വേണ്ടാത്ത, മറ്റൊന്നും കാണാത്ത, ലാല്‍ ഫാന്‍സിനെ മുന്നില്‍ കണ്ടു കൊണ്ട് ചിട്ടപ്പെടുത്തിയ കഥയും തിരക്കഥയും. അത് കൊണ്ട് തന്നെ (ഫാന്‍ അല്ലാത്ത) ശരാശരി പ്രേക്ഷകന് മനസ്സില്‍ ചേര്‍ത്ത് വയ്ക്കാന്‍, ഓര്‍ത്തെടുക്കാന്‍ വില്ലനില്‍ അധികമൊന്നുമില്ല. അങ്ങനെയൊരു കഥാനുഭവം മോഹന്‍ലാല്‍ ചിത്രങ്ങളില്‍ നിന്നും പതിയെ മാഞ്ഞു തുടങ്ങുന്നു എന്ന് വേണം കരുതാന്‍. താരത്തിന്‍റെ പ്രഭാ വലയവും അതിലേക്കു ഈയാംപാറ്റയെപ്പോലെ വന്നു കൂടുന്ന ആരാധകരുമുള്ളപ്പോള്‍ സിനിമ തന്നെ അതിന് ചുറ്റും കിടന്നു കറങ്ങുന്നത് ഇതിനു മുന്‍പും നാം കണ്ടിട്ടുണ്ട്. അത് സിനിമയുടെ മേന്മയാണോ, നേട്ടമാണോ കോട്ടമാണോ എന്നതൊക്കെ ആലോചിക്കേണ്ടതുണ്ട്.
എന്തൊക്കെയായാലും വില്ലന്‍ മലയാള സിനിമയെ സംബന്ധിച്ച് പ്രധാനപെട്ട ഒരു ചിത്രമാണ്. റോക്ക്ലൈന്‍ വെങ്കിടേഷ് എന്ന നിര്‍മ്മാതാവ്, മോഹന്‍ലാല്‍ എന്ന താരം, ബി ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ – അങ്ങനെ വലിയ പേരുകളുടെ, വലിയ മുതല്‍ മുടക്കുള്ള ചിത്രം.

കടപ്പാട്. ഇന്‍സ്റ്റാഗ്രാം

കൃത്യമായി ആസൂത്രണം, ചെയ്തു, പിഴവുകൾ ഏതുമില്ലാതെ, അടയാളങ്ങൾ അവശേഷിപ്പിക്കാതെ നടത്തിയ  മുന്ന്  കൊലപാതകങ്ങളിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഒരു വശത്ത് തുടരെ നടക്കുന്ന കൊലപാതകങ്ങളും, അതന്വേഷിക്കുന്ന സിറ്റി ടാസ്ക് ഫോഴ്‌സ് എന്ന പ്രത്യേക സംഘടനയും കഥയെ നിയന്ത്രിക്കുമ്പോൾ, മറുവശത്ത് മോഹൻലാൽ അവതരിപ്പിക്കുന്ന എഡിജിപി മാത്യു മാഞ്ഞൂരാന്‍റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളുടെ കഥയും തുടർന്നുണ്ടാകുന്ന വൈകാരിക സംഭവങ്ങളുമാണ്.  തീർത്തും കുറ്റാന്വേഷണ പശ്ചാതലത്തിൽ മുന്നോട്ടു പോയിരുന്നെങ്കിൽ ഒരു പക്ഷെ മികച്ച സിനിമയാവാൻ സാധ്യതയുള്ള കഥയാണ് വില്ലന്‍റെത് എന്ന് പറയാം. പക്ഷെ താരത്തിന്‍റെ  അഭിനയസാധ്യതകൾക്ക് ഇടം നൽകാൻ എന്ന വണ്ണം കുത്തിനിറച്ച കുടുംബകഥ, ചിത്രത്തിനെ ഇത് രണ്ടാമല്ലാത്ത ഒരവസ്ഥയില്‍ കൊണ്ടെത്തിച്ചു.

 

അതിമനോഹരമായ ടൈറ്റിൽ സോങ്ങും, ടൈറ്റിൽ ഗ്രാഫിക്‌സും ആണ് വില്ലന്‍റെ ഹൈലൈറ്റ്. സംഗീത സംവിധാനം നിർവഹിച്ച 4 മ്യൂസിക്‌സും (ജിം ജേക്കബ്, ബിബി മാത്യു, എൽദോസ് ഏലിയാസ്, ജസ്റ്റിൻ ജെയിംസ്) പശ്ചാത്തല സംഗീതം ചെയ്ത സുഷിൻ ശ്യാമും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. മനോജ് പരമഹംസയും എൻ.കെ.ഏകാംബരവും ഒരുമിക്കുമ്പോൾ തിരുവന്തപുരത്തിന്‍റെയും വാഗമണ്ണിന്‍റെയും ദൃശ്യഭംഗിയും ഒട്ടും ചോരാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തുന്നുമുണ്ട്. 8K റെസലൂഷനിൽ മലയാളത്തിൽ ഇറങ്ങുന്ന ആദ്യചിത്രമെന്ന അവകാശവും വില്ലനുള്ളതാണ്.

മഞ്ജു വാര്യര്‍, മോഹന്‍ലാല്‍

ഒരു ചിത്രത്തിന്‍റെ ആത്മാവ് അതിന്‍റെ കഥയുടെ കെട്ടുറപ്പും യുക്തിഭദ്രതയും ആകണം എന്ന് വാശി പിടിച്ചാല്‍ വില്ലൻ നിങ്ങളെ നിരാശപ്പെടുത്തും. ഇടവേളയ്ക്കു ശേഷം മോഹൻലാൽ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം കുറ്റവാളിയിലേക്കു എങ്ങനെ എത്തുന്നു എന്നത് വിശദമാക്കാൻ സംവിധായകന് സാധിക്കുന്നില്ല. മാത്യു മാഞ്ഞൂരാന്‍റെ ജീവിതത്തിലെ ദുരന്തത്തിനു കാരണമാകുന്ന വ്യക്തികളിലേക്ക് വിശാൽ അവതരിപ്പിക്കുന്ന കഥാപാത്രം എങ്ങിനെ എത്തുന്നു എന്നതും വിശദീകരിക്കാൻ തിരക്കഥയ്ക്ക് സാധിക്കുന്നില്ല. കഥ മുന്നേറുമ്പോൾ, അനാവശ്യമായി കടന്നു വരുന്ന കുടുംബ സെന്റിമെന്റ്സും കുറ്റാന്വേഷക ത്രില്ലർ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന് ഗുനപ്പെടുമോ എന്നറിയില്ല.  എല്ലാം അറിയാവുന്ന നായകനും, വെടിവയ്ക്കാൻ ഇപ്പോഴും ഉന്നം കിട്ടാത്ത വില്ലനും, ആദ്യം നല്ലവരും പിന്നീട് കുറ്റവാളികളും ആകുന്ന സഹനടന്മാരും – ഇത് “സ്ഥിരം ബോംബുകഥ തന്നെ” എന്ന ഒരു ഫീലിലേക്കു പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു. ഓരോ ഡയലോഗിനും ശേഷം നായകൻ പറയുന്ന ഓഷോ പുസ്തകങ്ങളിലെ ഫിലോസഫിയും, അതികൃത്രിമമായ അവതരണവും, പലപ്പോഴും കൈയ്യടികള്‍ക്കും മുകളില്‍ മുഴച്ചു നിന്നു.

ട്രെയിലറില്‍ പറഞ്ഞതിനപ്പുറത്തൊരു സസ്പെൻസോ, അനുഭവമോ മുന്നോട്ട് വയ്ക്കാൻ വില്ലന് സാധിക്കുന്നില്ല. ആർക്കു വേണമെങ്കിലും ഊഹിക്കാവുന്ന ക്ലൈമാക്‌സും, വിക്രം വേദയിൽ കഥാപാത്രങ്ങൾ ശക്തമായി അവതരിപ്പിക്കുന്ന ‘യാർ കുട്രവാളി നീയാ നാനാ’ എന്ന ചോദ്യത്തെ വികലമായി അവതരിപ്പിച്ചു കൊണ്ട് ‘യാർ വില്ലൻ നീയാ നാനാ’ എന്ന് വിശാൽ ചോദിക്കുമ്പോൾ ഇത്രകാലം കാത്തിരുന്ന പ്രേക്ഷകനാണോ കുറ്റവാളി എന്ന് തോന്നിപ്പോയാൽ അതിൽ അത്ഭുതപ്പെടാൻ ആവില്ല.

മോഹന്‍ലാല്‍, വിശാല്‍

 

സിനിമയുടെ ക്ലൈമാക്സ് പഞ്ച് ഡയലോഗുകൾ ആകട്ടെ പ്രേക്ഷകരെ ഒരു തരത്തിലും സ്പർശിക്കാതെ പോകുന്നു. ഏകാധിപതികൾ രാജ്യം ഭരിക്കുന്നത് എത്രമാത്രം അപകടകരമാണ് എന്നും ഒരാളുടെ ശരികൾ അല്ല സമൂഹത്തിന്‍റെ ശരികൾ എന്നും പറയുന്ന വാക്കുകൾ ഒരു വികാരവും ഉണ്ടാക്കാതെ പോകുന്നു എന്നിടത്താണ്, സിനിമ ഒരു തരത്തിലും പ്രേക്ഷകന്‍റെ മനസിലേക്ക് കടന്നില്ല എന്ന യാഥാർഥ്യം മനസിലാകുക. ക്ലൈമാക്സിനു തൊട്ടുമുന്നേ, വിഡിയോ ആൽബങ്ങളുടെ നിലവാരം മാത്രമുള്ള പാട്ടു സീനും പ്രേക്ഷകന്‍റെ ക്ഷമയെ പരീക്ഷിക്കും.

മഞ്ജു വാര്യരും ഹൻസികയും ആണ് ചിത്രത്തിൽ മുഖ്യമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വില്ലന്‍റെ കാമുകി എന്ന നിലയിൽ തന്‍റെ വേഷം തൃപ്തികരമായ രീതിയിൽ അവതരിപ്പിക്കാൻ ഹൻസികയ്ക്ക് സാധിച്ചു. അല്പനേരമേ സ്‌ക്രീനിൽ ഉള്ളു എങ്കിലും മഞ്ജു വാര്യരുടെ ഡോ.നീലിമ എന്ന കഥാപാത്രം സിനിമയിൽ ഉടനീളം ഒരു അദൃശ്യ സാന്നിധ്യമായി നിലകൊള്ളുന്നു. നീലിമയുടെ പൂർത്തിയാകാത്ത സ്വപ്നങ്ങളിലേക്കുള്ള യാത്രയാണ് സിനിമയുടെ അവസാന ഷോട്ട്.

2014 ൽ മിസ്റ്റർ ഫ്രോഡ് എന്ന ചിത്രത്തിന് ശേഷം നീണ്ട മൂന്നു വർഷങ്ങൾ കഴിഞ്ഞാണ് ബി.ഉണ്ണികൃഷ്ണൻ വില്ലൻ എന്ന പുതിയ ചിത്രം കഴിഞ്ഞ ഡിസംബർ മാസത്തിൽ പ്രഖ്യാപിക്കുന്നത്. ഏകദേശം ഒരുവർഷത്തിനു ശേഷം പുറത്തിറങ്ങുമ്പോൾ, സസ്പെൻസുകൾ ഒന്നുമില്ലാതെ, ട്രെയിലർ കൊണ്ട് തന്നെ കഥ മനസിലാക്കാവുന്ന ഒരു ശരാശരി ചിത്രമായി മാറുകയാണ് ഈ ചിത്രവും. യഥാർഥത്തിൽ ആരാണ് ഈ  സിനിമയുടെ വില്ലൻ? യുക്തിക്കു നിരക്കാത്ത കഥയോ? കെട്ടുറപ്പില്ലാത്ത തിരക്കഥയോ? എടുത്താൽ പൊങ്ങാത്ത താരത്തിന്‍റെ പരിവേഷത്തെ തൃപ്തിപ്പെടുത്താൻ എന്ന വണ്ണം ഏച്ചുകെട്ടുന്തോറും മുഴച്ചുനിൽക്കുന്ന സംഭാഷണങ്ങളോ?

ബി ഉണ്ണികൃഷ്ണന്‍, മോഹന്‍ലാല്‍, ഹന്‍സിക, വിശാല്‍ – കടപ്പാട്. ഇന്‍സ്റ്റാഗ്രാം

അടിസ്ഥാനപരമായി സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടത് ദൃശ്യഭാഷയാണ് എന്ന് മലയാളത്തിലെ മുതിര്‍ന്ന സംവിധായകരെ വരെ ഓര്‍മ്മിപ്പിക്കേണ്ട ഒരവസ്ഥയിലാണ് നമ്മുടെ സിനിമ.  സംവിധായകന്‍റെ ശക്തി ഭാഷയാണ്‌ എന്ന ഒറ്റ കാര്യം കൊണ്ട് മാത്രം, ‘ഡയലോഗ് ഡ്രിവണ്‍’ ആയി ഓടിക്കുകയാണ് നമ്മള്‍ സിനിമയെ എന്ന് ബി ഉണ്ണികൃഷ്ണനും ഓര്‍മ്മിപ്പിക്കുന്നു.

വാൽകഷ്ണം: ടൈറ്റിൽ എഴുതികാണിക്കുമ്പോൾ ആന്‍റെണി പെരുമ്പാവൂരിനും വിശാലിനും വരെ കയ്യടിക്കുന്ന പ്രേക്ഷകൻ മഞ്ജു വാര്യരുടെ പേരിനു നേരെ കൂവുമ്പോഴും സിനിമയിൽ പുരുഷാധിപത്യമോ ആൺകോയ്മയോ ഇല്ല എന്നും തനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല എന്നും ആവർത്തിച്ചുരുവിടുന്ന താരങ്ങളും ഫാൻസുമാണ് മലയാള സിനിമയുടെ ശാപം എന്ന് കൂടെ പറയാതെ വയ്യ!

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook