ഇന്ത്യൻ സിനിമയുടെ ഈ വർഷത്തെ ഓസ്കാർ പ്രതീക്ഷയായിരുന്ന ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ഒാസ്കാർ വിദേശഭാഷാ സിനിമാ കാറ്റഗറിയുടെ ഷോട്ട്ലിസ്റ്റിൽ നിന്നും പുറത്തായി. സിനിമയിലെ മികവിന് നല്‍കുന്ന പുരസ്കാരങ്ങളില്‍ പ്രധാനപ്പെട്ടതായ ‘ദി അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ സയന്‍സസ്’ (ഓസ്കര്‍) പുരസ്കാരങ്ങളുടെ വിദേശ സിനിമാ വിഭാഗത്തിലേക്കായിരുന്നു ‘വില്ലേജ് റോക്ക്സ്റ്റാർസ്’ തെരെഞ്ഞെടുത്തിരുന്നത്.
ദ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആന്റ് സയൻസ് ഇന്നലെ പുറത്തുവിട്ട വിദേശ ഭാഷ സിനിമാ കാറ്റഗറി ലിസ്റ്റിൽ കൊളംബിയൻ ചിത്രം ‘ബേർഡ്സ് ഓഫ് പാസേജ്’, ഡെന്മാർക്ക് ചിത്രം ‘ദ ഗിൽറ്റി’, ജർമ്മൻ ചിത്രം ‘നെവർ ലുക്ക് എവേ’, ജപ്പാൻ ചിത്രം ‘ഷോപ്പ്ലിഫ്റ്റേഴ്സ്’, കസാക്കിസ്താൻ ചിത്രം ‘അയ്ക’,ലെബനനിൽ നിന്നുള്ള ‘കാപ്പർനോം’, മെക്സിക്കൻ ചിത്രം ‘റോമ’, പോളണ്ടിൽ നിന്നുള്ള ‘കോൾഡ് വാർ’,കൊറിയൻ ചിത്രമായ ‘ബേണിങ്’ എന്നിങ്ങനെ ഒമ്പത് ചിത്രങ്ങളാണ് ഉള്ളത്. വിദേശഭാഷാ സിനിമാ കാറ്റഗറിയിലേക്ക് പല രാജ്യങ്ങളിൽ നിന്നായി 87 ചിത്രങ്ങളായിരുന്നു സമർപ്പിക്കപ്പെട്ടിരുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നും ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങളില്‍ നിന്നും മൂന്നു ചിത്രങ്ങളാണ് ഓസ്കറിന്റെ ഫൈനല്‍ നോമിനേഷനിലേക്ക് എത്തുക. അതില്‍ നിന്നും ഒരു ചിത്രമാണ് ഒാസ്കാർ പുരസ്കാരം നേടുക. ഓസ്കര്‍ പുരസ്കാരങ്ങളുടെ 91-ാം പതിപ്പ് 2019 ഫെബ്രുവരി 27 ന് നടക്കും.
ഈ വർഷത്തെ ദേശീയ പുരസ്കാരം നേടിയാണ് ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ഓസ്കാർ യാത്ര ആരംഭിച്ചത്. 2018 ലെ ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച ചിത്രം, മികച്ച ബാലതാരം, മികച്ച ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ്, മികച്ച എഡിറ്റിംഗ് എന്നീ വിഭാഗങ്ങളിലായി നാലു അവാർഡുകൾ ചിത്രം കരസ്ഥമാക്കിയിരുന്നു.
“പല ഇന്ത്യൻ സിനിമകളും ഒാസ്കാർ വേദിയോളം ചെന്നെത്താറുണ്്. എന്നാൽ അവരുടെ നിയമങ്ങളും കാഴ്ചപ്പാടുകളും വെച്ചു നോക്കുമ്പോൾ നമ്മുടെ ചിത്രങ്ങൾ യോഗ്യത നേടപ്പെടാതെ പോവുകയാണ് ചെയ്യുന്നത്. ഇവിടെ നിന്നും നമ്മൾ തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഓസ്കാർ വേദിയിൽ നല്ല രീതിയിൽ അവതരിപ്പിക്കാൻ വലിയ പണച്ചെലവുണ്ട്. നമ്മുടെ ഒരു ചിത്രം അവിടേക്ക് അയക്കുമ്പോൾ മിനിമം രണ്ടു കോടി രൂപയെങ്കിലും വേണം പ്രമോഷൻ കാര്യങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ. അവിടെ നിരവധി പ്രക്രിയകൾ ഉണ്ട്. നമ്മൾ അവിടെ പരാജയപ്പെട്ടേക്കാം. ആ പ്രക്രിയകൾ ഫലപ്രദമായി നടപ്പിലാക്കാൻ ഫണ്ടിന്റെ അഭാവം നമുക്കുണ്ട്, ” എന്തുകൊണ്ട് ഇന്ത്യൻ സിനിമകൾക്ക് ഓസ്കാർ വേദികളിൽ നല്ല രീതിയിൽ പെർഫോം ചെയ്യാൻ കഴിയുന്നില്ലെന്നതിന് ഉത്തരമായി വില്ലേജ് റോക്ക്സ്റ്റാറിനെ ഇന്ത്യയുടെ ഒഫീഷ്യൽ എൻട്രിയായി ഓസ്കാറിന് അയക്കുന്ന വേളയിൽ ഫിലിം ഫെഡറേഷൻ ഇന്ത്യയുടെ പ്രതിനിധിയായ എസ് വി രാജേന്ദ്ര സിംഗ് ബാബു പറഞ്ഞ വാക്കുകളാണിത്.
Read more: റിമയുടെ സിനിമ, ആസാമിന്‍റെയും
കേരളത്തിലെ ചലച്ചിത്രമേളയിലും മറ്റ് രാജ്യാന്തര മേളകളിലും ഗംഭീരമായ സ്വീകരണം ലഭിച്ചിട്ടുള്ള ‘വില്ലേജ് റോക്‌സ്‌റ്റാർസ്’ റിമയുടെ രണ്ടാമത്തെ ചിത്രമാണ്. അസമിലെ ഒരു ഗ്രാമത്തില്‍ ഒരു കൂട്ടം കുട്ടികള്‍ ഒരു റോക്ക് ബാന്‍ഡ് തുടങ്ങാന്‍ പരിശ്രമിക്കുന്നതാണ് റിമയുടെ ചിത്രത്തിന്‍റെ ഇതിവൃത്തം. ചെറിയ ബജറ്റില്‍ ഗ്രാമവാസികളെ ഉള്‍പ്പെടുത്തി ചെയ്തതാണ് ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’. ധുനു എന്ന പെണ്‍കുട്ടി, ജീവിതത്തിന്‍റെ വെല്ലുവിളികളെ മറികടന്നു, തന്‍റെ സംഗീതത്തിലേക്ക്, സ്വപ്ന സാക്ഷാത്കാരത്തിലേക്ക് എത്തുന്ന കഥയാണ് ചിത്രം പറഞ്ഞത്.