/indian-express-malayalam/media/media_files/2025/11/21/vilayath-buddha-review-2025-11-21-00-50-11.jpg)
Vilayath Buddha Movie Review & Rating: ജി ആർ ഇന്ദുഗോപന്‍റെ 'വിലായത്ത് ബുദ്ധ' എന്ന നോവലിൽ നിന്നും സച്ചി കൊത്തിയെടുക്കാൻ ശ്രമിച്ച ചലച്ചിത്രശില്പം ആയിരുന്നു വിലായത്ത് ബുദ്ധ. എന്നാൽ ആ ശില്പം പൂർത്തിയാക്കാനുള്ള നിയോഗം ജയൻ നമ്പ്യാർക്കുവേണ്ടി കാത്തുവയ്ക്കുകയായിരുന്നു കാലം. ബുദ്ധനാവാനായി കാത്തിരിക്കുന്ന ചന്ദനമരത്തിന്റെ ആന്തരിക സംഘർഷം പോലെ, ജീവിതത്തിന്റെ നിർവ്വാണം തേടുന്ന മനുഷ്യരുടെ കഥയാണിത്.
ഏറ്റവും ലക്ഷണമൊത്ത, വളവുകളില്ലാത്ത, നിർവ്വാണ ബുദ്ധനെ കൊത്തിയെടുക്കാൻ പാകത്തിനുള്ള അപൂർവ ചന്ദനമരമാണ് 'വിലായത്ത് ബുദ്ധ'. ആയിരത്തിൽ ഒന്നായി മാത്രം കാണുന്ന ഈ തടിയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ തീവ്ര മോഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിൽ നോവലിസ്റ്റായ ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
കഥയിലേക്കു വന്നാൽ, പൗരപ്രമുഖനും അധ്യാപകനും പഞ്ചായത്ത് പ്രസിഡന്റുമൊക്കെയായി ഏവർക്കും പ്രിയങ്കരനായ, ധീരനായ നേതാവാണ് തൂവെള്ള ഭാസ്കരൻ. ഒരു രാത്രി, വീട്ടിലേക്ക് മടങ്ങും വഴി അബദ്ധവശാൽ അയാൾ അയൽക്കാരി ചെമ്പകത്തിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ വീഴുന്നു. എന്നാൽ, സെപ്റ്റിക് ടാങ്കിൽ വീണ 'നാറ്റ'ത്തേക്കാൾ വലിയ 'അപമാന'മാണ് ആ രാത്രി അയാൾക്ക് ചാർത്തിക്കിട്ടുന്നത്. സ്ഥലത്തെ പ്രധാന സെക്സ് വർക്കറായിരുന്നു ചെമ്പകം. 'രാത്രി ചെമ്പകത്തെ കണ്ട് മടങ്ങും വഴി സെപ്റ്റിക് ടാങ്കിൽ വീണവൻ' എന്ന സാമൂഹിക മേൽവിലാസമാണ് ഭാസ്കരന് മേൽ അധികമായി ചാർത്തിക്കിട്ടിയത്, ഒപ്പം 'തീട്ടം' ഭാസ്കരൻ എന്ന പേരും.
അപമാനഭാരത്താൽ നൊന്തുജീവിക്കുകയാണ് പിന്നീടയാൾ. പൊതുപ്രവർത്തനത്തിൽ നിന്നും രാജിവച്ച് അയാൾ ശിഷ്ടകാലം തന്നിലേക്ക് ഒതുങ്ങി ജീവിക്കുന്നു. പോകെപ്പോകെ, 'നാറിപ്പോയ ജീവിതം' ഇനിയൊരിക്കലും തിരുത്തിയെഴുതാൻ കഴിയില്ലെന്ന് അയാൾ മനസ്സിലാക്കുന്നു. തന്നെ കല്ലെറിഞ്ഞ സമൂഹത്തോട് മരണത്തിലൂടെയെങ്കിലും മറുപടി പറയാൻ കഴിഞ്ഞിരുന്നെങ്കിൽ ഏറ്റവും നികൃഷ്ടനായി തന്നെ കണ്ട, ദുർഗന്ധമെന്ന് കളിയാക്കിയ മനുഷ്യർ, തന്റെ ചാക്കാലയ്ക്ക് എത്തുമ്പോൾ ചന്ദനഗന്ധം ശ്വസിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. വീട്ടുമുറ്റത്തെ ചന്ദനമരം മരണാനന്തരം തന്നെ എരിക്കാനായി അയാൾ തീറെഴുതി മാറ്റിവയ്ക്കുകയാണ്. മകനെയും വിശ്വസ്തരെയുമെല്ലാം അതിനായി ചട്ടം കെട്ടുന്നു.
പക്ഷേ, മറയൂർ കാട്ടിലെ ഓരോ ചന്ദനത്തിന്റെയും നീളവും കാമ്പും മൂപ്പും പ്രായവുമെല്ലാം തൊട്ടറിയുന്ന, പരുന്ത് ഇരയെ റാഞ്ചി പറക്കും പോലെ, മോഹിപ്പിച്ച ചന്ദനമരങ്ങൾ റാഞ്ചി പറക്കുന്ന ഡബിൾ മോഹനന്റെ കണ്ണു പതിഞ്ഞ ആ ചന്ദനമരത്തെ കാക്കാൻ ഭാസ്കരനാവുമോ?
Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ
'വിലായത്ത് ബുദ്ധ'യിലെ യഥാർത്ഥ 'ഷോ സ്റ്റീലർ' ഷമ്മി തിലകനാണ്. തൂവെള്ള ഭാസ്കരന്റെ പ്രതാപം, വീഴ്ച, നിസ്സഹായത, അപമാനഭാരം പേറിയുള്ള ഉൾവലിവ്, ഭീതി എന്നിങ്ങനെ ഓരോ ഭാവമാറ്റവും ഏറ്റവും സൂക്ഷ്മമായ തലത്തിൽ ഷമ്മി തിലകൻ പകർന്നാടിയിരിക്കുന്നു. തിലകനെന്ന മഹാനടനെ കാഴ്ചയിലും ഭാവങ്ങളിലും അഭിനയത്തിലുമെല്ലാം എവിടെയൊക്കെ ഓർമപ്പെടുത്തുന്നുണ്ട് ഷമ്മി തിലകന്റെ പ്രകടനം.
പൃഥ്വിരാജിന്റെ ഡബിൾ മോഹൻ 'മാസ്കുലിനിറ്റി'യുടെ ആഘോഷമാണ്. 'ആണായിരിക്കുക' എന്നതിന് സമൂഹം കൽപ്പിച്ചു നൽകിയ എല്ലാതരം 'ഗുണഗണ'ങ്ങളും പാലിക്കുക എന്നതിന്റെ അമിതഭാരം പേറുന്ന കഥാപാത്രം. ശക്തി, ധൈര്യം, കൂസലില്ലായ്മ, പാർശ്വവത്കരിക്കപ്പെട്ട മനുഷ്യരുടെയും സ്നേഹിച്ച പെണ്ണിന്റെയും സംരക്ഷകത്വം ഏറ്റെടുക്കൽ എന്നിങ്ങനെ പൗരുഷത്തിന് സമൂഹം നൽകിയ ചെക്ക് ലിസ്റ്റുകളെല്ലാം ടിക്ക് ചെയ്യപ്പെടുന്നുണ്ട് ഡബിൾ മോഹനിൽ.
കറുപ്പടിച്ചും രൂപത്തിൽ മാറ്റം വരുത്തിയുമെല്ലാം പൃഥ്വിയുടെ ലുക്ക് മാറ്റിയെടുക്കാൻ സംവിധായകൻ ശ്രമിച്ചുണ്ട്. എന്നാൽ, രൂപമാറ്റങ്ങളോടെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടും, പലപ്പോഴും ഡബിൾ മോഹനനിൽ പൃഥ്വിരാജിന്റെ 'മാസ്' പരിവേഷം മുഴച്ചുനിൽക്കുന്നതായി അനുഭവപ്പെട്ടു. തിയേറ്റർ ഓളത്തിനായി മനഃപൂർവം ഈ കഥാപാത്രത്തെ അമിതമായി ഉയർത്തിക്കാട്ടാനുള്ള ശ്രമം ചിത്രത്തിന്റെ സ്വാഭാവിക ഒഴുക്കിന് ചിലയിടങ്ങളിൽ കല്ലുകടിയായി മാറുന്നു.
Also Read: ഇവർ തമ്മിൽ 2 വയസ്സിന്റെ വ്യത്യാസം മാത്രം; മഹേഷ് ബാബു എന്ന സന്തൂർ ഡാഡി
പ്രിയംവദ കൃഷ്ണന്റെ പ്രകടനമാണ് എടുത്തുപറയേണ്ട മറ്റൊരു ഘടകം. ചൈതന്യ എന്ന കഥാപാത്രത്തിന്റെ ആത്മാംശം സ്വരൂപിക്കാനും സ്ക്രീനിലേക്ക് പകർത്താനും പ്രിയംവദയ്ക്ക് സാധിച്ചിട്ടുണ്ട്. സ്ക്രീൻ പ്രസൻസ് കൊണ്ടും നോട്ടം കൊണ്ടുമൊക്കെ പ്രേക്ഷകരെ ഹുക്ക് ചെയ്യുന്നുണ്ട് രാജശ്രീയുടെ ചെമ്പകം. അനു മോഹനും നിസ്സഹായനായൊരു മകന്റെ റോളിൽ തിളങ്ങി. പ്രമോദ് വെളിയനാട്, ധ്രുവൻ, ടീജെ അരുണാസലം എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഓരോ മനുഷ്യനും ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായും അമൂല്യമായതുമായി ഒന്നുണ്ടെങ്കിൽ അതവന്റെ പേരും ആത്മാഭിമാനവുമാണ്. അതിനേറ്റ മുറിവുകളോളം ജീവിതത്തെ നീറ്റുന്ന മറ്റെന്തുണ്ട്? ഭാസ്കരനും ചെമ്പകത്തിന്റെ മകൾ ചൈതന്യയുമെല്ലാം ആ പേരിന്റെ മൂല്യവും അതില്ലാതെയാവുമ്പോഴുള്ള അപമാനഭാരവും നീറ്റലോടെ അറിഞ്ഞവരാണ്. വിലായത്ത് ബുദ്ധ ഒരർത്ഥത്തിൽ ഭാസ്കരന്റെയും ചൈതന്യയുടെയും കഥയാണ്. തങ്ങളുടെ പേരും ആത്മാഭിമാനവും സംരക്ഷിക്കാൻ അവർ നടത്തുന്ന പോരാട്ടത്തിന്റെ കഥ.
ആ ആത്മസംഘർഷങ്ങളെ ഏറ്റവും ഹൃദയസ്പർശിയായി തന്നെ സ്ക്രീനിലേക്ക് പകർത്താൻ സാധിച്ചിട്ടുണ്ട് സംവിധായകനായ ജയൻ നമ്പ്യാർക്ക്. കുറേയേറെ വൗ മൊമന്റുകളും ചിത്രത്തിലുണ്ട്. മലമുകളിലേക്ക് ജീപ്പ് ഓടിച്ചു കയറ്റുന്ന രംഗം പോലുള്ള ചില 'സർറിയലിസ്റ്റിക്' മുഹൂർത്തങ്ങൾ പ്രേക്ഷക മനസ്സിൽ തങ്ങിനിൽക്കും.
Also Read: 23 വർഷത്തെ സിനിമാജീവിതം; പൃഥ്വിരാജിന്റെ ആകെ ആസ്തി എത്രയെന്നറിയാമോ?
കാഴ്ചയുടെ പുതിയൊരു ലോകം തുറന്നു തരികയാണ് അരവിന്ദ് കശ്യപ്, രെണദേവ് എന്നിവർ ചേർന്നൊരുക്കിയ സിനിമോട്ടോഗ്രാഫി. മറയൂരിന്റെ വന്യമായ സൗന്ദര്യവും കാടിന്റെ അഴകുമെല്ലാം ഏറ്റവും മനോഹരമായി തന്നെ ഫ്രെയിമുകൾ ഒപ്പിയെടുക്കുന്നുണ്ട്. ശ്രീജിത്ത് സാരംഗിന്റെ എഡിറ്റിംഗും ചിത്രത്തോട് നീതി പുലർത്തുന്നുണ്ട്. ജേക്സ് ബിജോയുടെ സംഗീതം ചിത്രത്തിന്റെ വൈകാരിക മുഹൂർത്തങ്ങളെ ശക്തിപ്പെടുത്തുകയും 'വിലായത്ത് ബുദ്ധ'യുടെ കാതലായി മാറുകയും ചെയ്യുന്നു. ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനും എ.വി അനൂപും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മാസ് ചേരുവകളുടെ അതിപ്രസരം
ജി.ആർ. ഇന്ദുഗോപന്റെ നോവലിന്റെ 'ആത്മാവ്' ചോർന്നുപോകാതെ അവതരിപ്പിക്കാൻ സംവിധായകൻ ജയൻ നമ്പ്യാർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ, കഥയുടെയും പ്രകടനങ്ങളുടെയും കരുത്തിൽ മുന്നോട്ട് പോകാൻ ശേഷിയുണ്ടായിരുന്ന ഈ സിനിമയെ, അനാവശ്യമായ 'മാസ് മസാല' ചേരുവകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ചിത്രത്തിന്റെ ടോട്ടാലിറ്റിക്ക് കോട്ടം വരുത്തി.
നായകന്റെ ഹീറോയിസം ഉയർത്താനായി സ്റ്റണ്ട് സീനുകളിലും മറ്റും കൊണ്ടുവന്ന 'ഓവർ ദ ബോർഡ്' ട്രീറ്റ്‌മെന്റ്, ചിത്രത്തിന്റെ സ്വാഭാവികതയെ ബാധിച്ചു. കഥയുടെ കരുത്തിൽ മാത്രം നിന്ന സിനിമകൾ ധാരാളം പിറന്ന മലയാള സിനിമയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക്, അന്യഭാഷാ സിനിമകളുടെ വിജയ ഫോർമുലകൾക്ക് സമാനമായ 'മാസ് മസാല' ചേരുവകൾ എത്രത്തോളം ഗുണകരമാകുമെന്ന ചോദ്യം അവശേഷിക്കുന്നു. സ്വന്തം കഥയിലും ട്രീറ്റ്മെന്റിലും വിശ്വാസമില്ലാഞ്ഞിട്ടാണോ അതോ നായകന്റെ ഹീറോ പരിവേഷം നിലനിർത്തുക എന്ന അധിക ചുമതല സംവിധായകനും കൂട്ടരും വഹിക്കുന്നതു കൊണ്ടാണോ എന്തോ ഈ മാസ് മസാല ചേരുവകളുടെ അമിത മിശ്രണം? കഥാപാത്രത്തിന്റെ വൈകാരികമായ ആഴം നിലനിർത്തിക്കൊണ്ട് തന്നെ പ്രേക്ഷകനെ ആകർഷിക്കാൻ സാധിക്കുമായിരുന്നു ഈ സിനിമയ്ക്ക്.
എന്നിരുന്നാലും, കാഴ്ചയുടെ ഉത്സവം തീർക്കുന്ന വിലായത്ത് ബുദ്ധ തിയേറ്റർ എക്സ്പീരിയൻസ് അർഹിക്കുന്ന ചിത്രമാണ്. തിയേറ്ററിന്റെ ആമ്പിയൻസിൽ തന്നെ ചിത്രം കാണണം. ചില ലോജിക്കൽ പ്രശ്നങ്ങളും, മുൻപു പറഞ്ഞ കൊമേഴ്സ്യൽ ചേരുവകളുടെ അധിക പ്രയോഗവും ഉണ്ടെങ്കിലും ശ്രദ്ധേയമായ ചില പ്രകടനങ്ങൾ കൊണ്ടും ക്യാരക്ടർ സ്കെച്ചുകൾകൊണ്ടുമൊക്കെ ഈ ചിത്രം, വൈകാരികമായ തലത്തിൽ പ്രേക്ഷകരെ സ്പർശിക്കുക തന്നെ ചെയ്യും.
Also Read: New OTT Release: ഇന്ന് ഒടിടിയിലെത്തിയ ചിത്രങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us