സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ‘വികൃതി’യുടെ ട്രെയിലർ റിലീസിനെത്തി. നവാഗതനായ എം സി ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരഭി ലക്ഷ്മി, സുധി കോപ്പ, ഇർഷാദ്, ബാലു വർഗീസ്, ബാബുരാജ്, ജാഫർ ഇടുക്കി, പൗളി വത്സൻ. ഭഗത് മാനുവല്‍, സുധീ‍ർ കരമന, തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖം വിന്‍സി അലോഷ്യസ്യാണ് നായിക. ടിവി റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്.

സമീർ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്. ലീവിനെത്തുമ്പോൾ സമീറിനെ കല്യാണം കഴിപ്പിക്കാനുള്ള വീട്ടുകാരുടെ ശ്രമങ്ങളും കല്യാണ ഒരുക്കങ്ങളുമൊക്കെയാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ശ്രദ്ധേയമായ ചില അഭിനയമുഹൂർത്തങ്ങളുമായി സുരാജ് വെഞ്ഞാറമൂടും ട്രെയിലറിൽ നിറയുന്നുണ്ട്.

കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘അമ്പിളി’ എന്ന ചിത്രത്തിനു ശേഷം സൗബിൻ നായകനാവുന്ന റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘വികൃതി’. ചിത്രത്തിന്റെ ടീസറും മുൻപ് റിലീസിനെത്തിയിരുന്നു.

ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങി സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള പുരസ്കാരം വരെ നേടിയ സൗബിന്റെ ഏറ്റവും പുതിയ ചിത്രം എന്നതും ‘വികൃതി’യെ സംബന്ധിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.

Read more: സൗബിൻ- ഇന്ത്യയിലെ മികച്ച അഭിനേതാക്കളിൽ ഒരാൾ; പ്രശംസയുമായി സന്തോഷ് ശിവൻ

ഓണത്തിന് റിലീസിനെത്തിയ ‘ഫൈനൽസ്’ എന്ന ചിത്രമാണ് സൂരാജ് വെഞ്ഞാറമൂടിന്റേതായി ഒടുവിൽ റിലീസിനെത്തിയ ചിത്രം. 2020 ലെ ടോക്യോ ഒളിമ്പിക്സിനു ഒരുങ്ങുന്ന സൈക്കിൾ താരം ആലീസിന്റെ സ്വപ്നങ്ങൾക്ക് കരുത്തും പിന്തുണയുമേകുന്ന വർഗീസ് എന്ന കായിക പരിശീലകന്റെ വേഷമാണ് ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. വർഗീസ് മാഷ് എന്ന കഥാപാത്രത്തെ അത്യുജ്ജ്വലമായി രേഖപ്പെടുത്തുന്ന സുരാജിന്റെ പ്രകടനം നിരൂപക പ്രശംസ നേടുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook