ആരാധകരെ എന്നും നെഞ്ചോട് ചേർത്ത് നിർത്തിയിട്ടുളള നടനാണ് ചിയാൻ വിക്രം. ആരാധകരില്ലെങ്കിൽ ഞാനില്ല എന്നു വെറുംവാക്ക് പറയുന്ന നടന്മാരിൽനിന്നും അത് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുന്ന നടൻ കൂടിയാണ് വിക്രം. ഓട്ടോ ഡ്രൈവറായ തന്റെ കടുത്ത ആരാധകനൊപ്പം വിക്രം ഓട്ടോയിൽ സഞ്ചരിച്ചതും ആരാധക സ്നേഹം കൊണ്ടാണ്.

വിക്രം തന്റെ ആരാധകനൊപ്പം ഓട്ടോയിൽ സഞ്ചരിക്കുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കടുത്ത ആരാധകനായ ഓട്ടോ ഡ്രൈവർ തന്റെ ഓട്ടോ മുഴുവൻ വിക്രമിന്റെ ഫോട്ടോകൾ പതിപ്പിച്ചാണ് തന്റ പ്രിയപ്പെട്ട നടന് സർപ്രൈസ് നൽകിയത്. ഓട്ടോയുമായി വിക്രമിനെ കാണാനെത്തിയ ആരാധകൻ തനിക്ക് ചെറുപ്പം മുതലേ വിക്രമിനെ വളരെ ഇഷ്ടമാണെന്ന് പറയുകയും ചെയ്തു. ആരാധകന്റെ സ്നേഹം കണ്ട് അതിശയപ്പെട്ട വിക്രം ആരാധകന് തിരിച്ചൊരു സർപ്രൈസ് നൽകി. ആരാധകന്റെ ഓട്ടോയിൽ തന്റെ പുതിയ ചിത്രമായ സാമി 2 വിന്റെ ലൊക്കേഷനിലേക്ക് വിക്രം പോയി. ആരാധകനൊപ്പം സെൽഫി പകർത്തുകയും ചെയ്തു.

നേരത്തെ കേരളത്തിൽ നടന്ന ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിൽ തന്നെ കാണാനെത്തിയ ആരാധകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റിയപ്പോൾ വിക്രം ഇടപെട്ടത് വാർത്തയായിരുന്നു. ആരാധകന്റെ ആഗ്രഹം പോലെ അയാളെ തന്നോടൊപ്പം ചേർത്തുനിർത്തി വിക്രം ഫോട്ടോയെടുക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ