ഈ വര്‍ഷം ജൂലൈയിലാണ് തമിഴില്‍ തരംഗം സൃഷ്ടിച്ച പുഷ്കര്‍-ഗായത്രി ചിത്രം വിക്രം വേദ റിലീസ് ചെയ്തത്. വിജയ് സേതുപതിയും ആര്‍ മാധവനും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം തമിഴിലെ എക്കാലത്തേയും മികച്ച ക്രൈം ത്രില്ലറുകളില്‍ ഒന്നായി മാറി. മികച്ച വിജയത്തോടെ ചിത്രം മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുമെന്ന പ്രചരണങ്ങളും ഉണ്ടായിരുന്നു.

ബോളിവുഡിലും ചിത്രം റീമേക്ക് ചെയ്യുമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ആയിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മാധവനാണ് ചിത്രത്തെ കുറിച്ച് ഷാരൂഖിനോട് നേരത്തേ സംസാരിച്ചിരുന്നത്. പിന്നീട് ചിത്രം കണ്ട ഷാരൂഖ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിലും താത്പര്യം പ്രകടിപ്പിച്ചു.

ചിത്രത്തില്‍ സേതുപതി അവതരിപ്പിച്ച വേദയെ താന്‍ അവതരിപ്പിക്കാമെന്നും ഷാരൂഖ് താത്പര്യപ്പെട്ടു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ഇതില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റുമ്പോള്‍ ചിത്രത്തിന്റെ സത്ത നഷ്ടപ്പെട്ടേക്കാമെന്നാണ് ആദ്യത്തെ കാരണം. കൂടാതെ ചിത്രത്തിലെ വിക്രം എന്ന കഥാപാത്രത്തിന് വേദയോളം തന്നെ തുല്യ പ്രാധാന്യം ലഭിക്കുന്നതും ഷാരൂഖിന്റെ സ്റ്റാര്‍ഡത്തിനെ ബാധിക്കുമെന്നതും ആശങ്കയാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.

സിനിമയുടെ മുറുക്കം നഷ്ടപ്പെടാതെ ക്യത്യമായ ഇടവേളകളില്‍ വരുന്ന സസ്പെന്‍സ് രംഗങ്ങള്‍ സിനിമയെ മികച്ച ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. തമിഴ് സിനിമയുടെ അവിഭാജ്യ ഭാഗമായി മാറിയ അനാവശ്യ കഥാപാത്രങ്ങളും രംഗങ്ങളും വിക്രം വേദയുടെ ഭാഗമായിട്ടില്ലെന്നത് തന്നെയാണ് ഈ സിനിമയുടെ വലിയ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ