സേതുപതി- മാധവന്‍ കൂട്ടുകെട്ടിന്റെ വിക്രം വേദ എന്ന ചിത്രം തമിഴ് സിനിമയില്‍ സമീപകാലത്തെ ഏറ്റവും മികച്ച ചിത്രമെന്ന അഭിപ്രായം നേടി മുന്നേറുന്നു. ജൂലൈ 21ന് റിലീസ് ചെയ്ത ചിത്രം നാല് ദിവസം കൊണ്ട് 17 കോടി രൂപയാണ് ബോക്സോഫീസില്‍ നിന്നും വാരിയത്. നിരൂപണ പ്രശംസയാണ് ചിത്രത്തിന് മുതല്‍കൂട്ടാകുന്നത്.

കോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 17 കോടി രൂപയാണ് നാല് ദിവസം കൊണ്ട് ചിത്രം വാരിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ ചിത്രം രണ്ട് കോടി രൂപയാണ് നേടിയത്. മൂന്ന് ദിവസം കൊണ്ട് പത്ത് കോടി കടക്കുകയും ചെയ്തു. വിദേശത്തും ചിത്രം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നത് ശ്രദ്ധേയമാണ്. തമിഴില്‍ ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡിലേക്കാണ് ചിത്രത്തിന്റെ കുതിപ്പെന്നാണ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.

Read More: അതൊരു ജിന്നാണ് ബെഹന്‍! തമിഴില്‍ സേതുപതി വസന്തം

തമിഴ്നാട്ടില്‍ മാത്രം 350 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇവിടങ്ങളിലൊക്കെ മികച്ച അഭിപ്രായവും നേടിയിട്ടുണ്ട്. കൂടാതെ കേരളത്തിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. വിജയ് സേതുപതിക്ക് തമിഴ്നാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉളളത് കേരളത്തിലാണെന്നത് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണത്തിലൂടെ ഒന്നുകൂടെ ഉറപ്പിക്കാന്‍ കഴിയുന്നതാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ക്രീനുകളിലേക്ക് ചിത്രം വ്യാപിച്ചാല്‍ അത്ഭുതപ്പെടാനുമില്ല.

പുഷ്കര്‍-ഗായത്രി സംവിധാനം ചെയ്ത ചിത്രം വിക്രം (മാധവന്‍) എന്ന പൊലീസ് ഓഫീസറുടേയും വേദ (വിജയ് സേതുപതി) എന്ന കുപ്രസിദ്ധ ഗ്യാങ്സ്റ്ററിന്റേയും കഥയാണ് പറയുന്നത്. മികച്ച പ്രമേയം എന്നതിലപ്പുറം ഇരു താരങ്ങളുടേയും അഭിനയമികവ് കൂടിയാണ് ചിത്രത്തിന്റെ കരുത്ത്. ഇരുവരുടേയും അമ്പരപ്പിക്കുന്ന കെമിസ്ട്രിയും വിക്രം വേദയെ മികച്ച ത്രില്ലറാക്കി മാറ്റുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ