മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ തമിഴില്‍ വളരെ കുറവാണ്. എപ്പോഴും സ്ക്രീന്‍ നിറയുന്ന ഏകതാരങ്ങളെയാണ് നമ്മള്‍ തമിഴില്‍ കണ്ട് പരിചയിച്ചിട്ടുളളത്. എന്നാല്‍ വിജയ് സേതുപതി- മാധവന്‍ കൂട്ടുകെട്ടിന്റെ വിക്രം വേദ ഇരുവരുടേയും കെമിസ്ട്രിയും മികച്ച പ്രകടനവും മുതലെടുത്ത് മികച്ചൊരു ത്രില്ലറെന്ന പേര് നേടിക്കഴിഞ്ഞു. കൂടാതെ ബോക്സ്ഓഫീസുകളില്‍ റെക്കോര്‍ഡും സൃഷ്ടിച്ചാണ് ചിത്രത്തിന്റെ മുന്നേറ്റം. പ്രത്യേകിച്ച് ജിഎസ്ടിക്ക് പിന്നാലെ വന്ന തിയറ്റര്‍ പ്രതിസന്ധിയും ചിത്രത്തെ ഒട്ടും ബാധിച്ചിട്ടില്ല.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ എസ്എസ് രാജമൗലി ചിത്രം ബാഹുബലി 2വിന് തൊട്ടുപിന്നില്‍ എത്തി നില്‍ക്കുകയാണ് വിക്രം വേദ. കൂടാതെ 2017ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന റെക്കോര്‍ഡും ചിത്രം നേടി. 2.35 കോടി രൂപയാണ് ചിത്രം ഇത് വരെയും അമേരിക്കയില്‍ നിന്ന് മാത്രം വാരിയത്. ഈ മുന്നേറ്റം തുടര്‍ന്നാല്‍ ബാഹുബലിയേയും ചിത്രം പിന്നിലാക്കുമെന്നാണ് പ്രതീക്ഷ.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ വിക്രം വേദ ബോക്സോഫീസുകളില്‍ മികച്ച നേട്ടം കൊയ്യുകയാണ്. ആദ്യ നാല് ദിവസം കൊണ്ട് തന്നെ 17 കോടി നേടിയ വിക്രം വേദ ബാഹുബലിക്ക് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരുന്ന ചിത്രങ്ങളുടെ പട്ടികയിലേക്ക് കയറുമെന്നാണ് പ്രവചനം.

പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇവര്‍ വിക്രം വേദയുമായി എത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് നല്‍കിയത് തങ്ങളുടെ മുന്‍കാല ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവമാണ്.

സിനിമയുടെ മുറുക്കം നഷ്ടപ്പെടാതെ ക്യത്യമായ ഇടവേളകളില്‍ വരുന്ന സസ്പെന്‍സ് രംഗങ്ങള്‍ സിനിമയെ മികച്ച ത്രില്ലര്‍ സിനിമകളുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. തമിഴ് സിനിമയുടെ അവിഭാജ്യ ഭാഗമായി മാറിയ അനാവശ്യ കഥാപാത്രങ്ങളും രംഗങ്ങളും വിക്രം വേദയുടെ ഭാഗമായിട്ടില്ലെന്നത് തന്നെയാണ് ഈ സിനിമയുടെ വലിയ വിജയം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ