കുറേ വര്‍ഷങ്ങളുടെ ബന്ധമുണ്ട് ദുല്‍ഖര്‍ സല്‍മാനും വിക്രം പ്രഭുവും തമ്മില്‍. ഇതുവരെ ഒരു സിനിമപോലും ഒന്നിച്ചഭിനയിച്ചിട്ടില്ല എങ്കിലും ദുല്‍ഖറും വിക്രംപ്രഭുവും തമ്മിലുള്ള ബന്ധം അത്രയ്ക്ക് ആഴമുള്ളതാണ്. ഈയടുത്ത് റിലീസ് ചെയ്ത വിക്രം പ്രഭു ചിത്രമായ ‘നെരുപ്പു ഡാ’ യുടെ ചടങ്ങുകളില്‍ മലയാളത്തിന്‍റെ പ്രിയ താരം ദുല്‍ഖറും എത്തിയിരുന്നു. ദുല്‍ഖറിന്‍റെ കോമ്രേഡ് ഇന്‍ അമേരിക്കയുടെ പ്രചരണത്തില്‍ വിക്രം പ്രഭുവും ഭാഗമായിരുന്നു. ആ സൗഹൃദം കൊണ്ടു തന്നെയാണ് ഈദ് ആഘോഷിക്കാന്‍ ദുല്‍ഖറിന്‍റെയടുത്തേക്ക് വിക്രം പ്രഭു ഓടിയെത്തിയതും.

Celebrating Eid Hungry for some #Biryani #FamilyTime #Machi

A post shared by Vikram Prabhu (@iamvikramprabhu) on

ഒത്തിരി പ്രത്യേകതകള്‍ ഉണ്ട് ദുല്‍ഖറിന്‍റെ ഈ ഈദിന്. മകള്‍ മറിയം അമീറയോടൊപ്പമുള്ള ആദ്യ ഈദായിരുന്നു ദുല്‍ഖറിന്‍റെത്. വിക്രം പ്രഭുവാണ് ദുല്‍ഖറിനോടൊപ്പമുള്ള സലഫി ആദ്യം പോസ്റ്റ്‌ ചെയ്യുന്നത്. “ഈദ് ആഘോഷം. ബിരിയാണി തിന്നാനുള്ള വിശപ്പ്” എന്ന അടിക്കുറിപ്പോടെ വിക്രം പ്രഭു പോസ്റ്റ്‌ ചെയ്ത ചിത്രത്തില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുന്നു എന്നറിയിക്കുന്ന ഹാഷ്ടാഗുകളും ഉണ്ട്.

ബിരിയാണിയും പെരുന്നാള്‍ തിരക്കുമൊക്കെ കഴിഞ്ഞാണ് ദുല്‍ഖര്‍ ഇതേ പോസ്റ്റ്‌ റീപോസ്റ്റ്‌ ചെയ്തത്. ” കുടുംബത്തെപ്പോലുള്ള സുഹൃത്തുക്കള്‍ ഈദ് ബിരിയാണിക്കായി വന്നപ്പോള്‍. മറിയത്തെ കാണാന്‍ അങ്കിളുമാരും ആന്‍റിമാരും ചേട്ടനും ചേച്ചിയും ഒക്കെ എത്തി ” എന്നായിരുന്നു ദുല്‍ഖര്‍ പോസ്റ്റില്‍ പറഞ്ഞത്.

Read More: ദുൽഖറും ‘ഞാനും’

ബോംബെയിലെ ബാരി ജോണ്‍ ആക്ടിങ് സ്കൂളില്‍ പഠിക്കാനെത്തിയപ്പോഴാണ് ദുല്‍ഖര്‍ ഒരു പരിചിത മുഖം കാണുന്നത്. നടന്‍ പ്രഭുവിന്‍റെ മകനും ശിവാജി ഗണേശന്‍റെ കൊച്ചു മകനുമായ വിക്രം പ്രഭു. പരിചയപ്പെടുമ്പോള്‍ താനാരാണെന്ന് ദുല്‍ഖര്‍ വിക്രമിനോട് പറഞ്ഞില്ല; വിക്രം തിരിച്ചും. അങ്ങനെയിരിക്കെ ഒരു ദിവസം ദുല്‍ഖര്‍ അറിയുന്നു, കൊച്ചിയില്‍ എന്തോ ആവശ്യത്തിനെത്തിയ പ്രഭു തന്‍റെ വീട്ടിലേക്കു അത്താഴം കഴിക്കാന്‍ വരുന്നുവെന്ന്. വിക്രമിനെ കണ്ട പാടെ അയാള്‍ പറഞ്ഞു, നിന്‍റെ അച്ഛന്‍ ഇന്ന് എന്‍റെ വീട്ടിലേക്കു വരും എന്ന്. അതിന് അച്ഛന്‍ കൊച്ചിക്ക്‌ പോയിരിക്കുകയല്ലേ എന്ന് വിക്രം. അതേ, കൊച്ചിയിലുള്ള എന്‍റെ വീട്ടിലേക്കു വരും എന്നാണ് പറഞ്ഞത്, അത്താഴം കഴിക്കാന്‍. വിക്രം ഒരു നിമിഷം സ്തബ്ധനായി പിന്നെ ദുൽഖറിനെ ഒറ്റ കെട്ടിപ്പിടിയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook