പൊന്നിയിൻ സെൽവൻ വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ താരങ്ങളും ആരാധകരിൽ നിന്നും നിരൂപകരിൽ നിന്നും സ്നേഹവും പ്രശംസയും ഏറ്റുവാങ്ങുകയാണ്. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 200 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു.
പൊന്നിയിൻ സെൽവൻ താരങ്ങൾക്കൊപ്പം സ്പെഷ്യൽ ഷോ കണ്ട് തിയേറ്റർ വിട്ടിറങ്ങുന്ന ഐശ്വര്യ റായ് ബച്ചന്റെയും മകൾ ആരാധ്യയുടെയും ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിക്രമും ഐശ്വര്യയ്ക്ക് ഒപ്പമുണ്ട്. താരങ്ങളെ കണ്ട് പൊതിഞ്ഞ ആരാധകർക്കു നടുവിലേക്ക് ഐശ്വര്യയുടെ കൈ പിടിച്ചു ആനയിക്കുകയാണ് വിക്രം. ചിത്രത്തിന് പ്രേക്ഷകർ നൽകിയ ഗംഭീര വരവേൽപ്പിന് നന്ദി പറയുന്ന ഐശ്വര്യയേയും വീഡിയോയിൽ കാണാം.
രണ്ട് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പീരിഡ് ചിത്രം, ചോള രാജാക്കന്മാരുടെ കാലത്തുനിന്നുള്ള ഒരു സാങ്കൽപ്പിക കഥയാണ്. ഐശ്വര്യ രാജ്ഞി നന്ദിനിയായി അഭിനയിക്കുമ്പോൾ വിക്രമാണ് ആദിത്യ കരികാലൻ എന്ന നായക കഥാപാത്രമായി എത്തുന്നത്. ജയം രവി രാജരാജ ചോളൻ ഒന്നാമന്റെ വേഷത്തിലും കാർത്തി വാണാർ വംശത്തിലെ യോദ്ധാവായ വന്തിയതേവനായും അഭിനയിക്കുന്നു. പലവിധ കുതന്ത്രങ്ങൾക്കും ഭീഷണികൾക്കും ഗൂഢാലോചനകൾക്കുമെതിരെ മുന്നേറാനും രാഷ്ട്രകൂട സൈന്യത്തിനെതിരെ വിജയിക്കാനുള്ള ചോളന്മാരുടെ മുന്നേറ്റത്തെയും ദൃഢനിശ്ചയത്തെയും ചുറ്റിപ്പറ്റിയാണ് കഥ. പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം 2023-ൽ പുറത്തിറങ്ങും.