വിക്രമിന്റെ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം തിയേറ്ററിൽ വിജയം കൊയ്യുകയാണ്. ‘തങ്കലാൻ’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ താരം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് വിക്രമിന്റെ വാരിയെല്ലിന് പരിക്കേറ്റു എന്ന വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. താരത്തിന്റെ വാരിയെല്ലിന് ഒടിവേറ്റിട്ടുണ്ടെന്നും പാ രഞ്ജിത്ത് ചിത്രത്തിൽ നിന്ന് ഇടവേളയെടുക്കുകയാണെന്നും വിക്രമിന്റെ മാനേജർ ട്വിറ്ററിൽ കുറിച്ചു.
“ആദിത്യ കരികാലനായെത്തിയ വിക്രമിനു നിങ്ങൾ നൽകിയ സ്നേഹത്തിനു ഒരുപാട് നന്ദി. റിഹേഴ്സലിനിടയ്ക്ക് വിക്രമിന്റെ വാരിയെല്ലിനു പരിക്കേറ്റതു മൂലം കുറച്ചു നാളത്തേയ്ക്ക് തങ്കലാന്റെ ഷൂട്ടിങ്ങിൽ നിന്ന് ഇടവേളയെടുക്കുന്നു” വിക്രമിന്റെ മാനേജർ സൂര്യനായാരണനും മകൻ ധ്രൂവും ട്വിറ്ററിൽ കുറിച്ചു.
“ഞങ്ങൾ കൂടെയുള്ളപ്പോൾ നിങ്ങൾക്കൊന്നും തന്നെ സംഭവിക്കില്ല” ട്വീറ്റിനു താഴെ ഒരു ആരാധകൻ കുറിച്ചതിങ്ങനെയാണ്.
കൊലാർ സ്വർണ ഘനിയിലെ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘തങ്കലാൻ.’ ബ്രിട്ടീഷ് ഭരണ കാലത്താണ് കഥ നടക്കുന്നതെന്നാണ് മേക്കിങ്ങ് വീഡിയോയിലൂടെ വ്യക്തമായത്.
വിക്രമിനെ കൂടാതെ ജ്ഞാൻവേൽരാജ, പശുപതി, പാർവതി തിരുവോത്ത്, മാളവിക മോഹനൻ, ഡാനിയൽ കാൾതാഗിരോൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജി വി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. 2024ൽ ചിത്രം റിലീസിനെത്തും.