കെന്നഡി ജോണ്‍ വിക്റ്റര്‍ എന്ന പേര് സുപരിചിതം അല്ലായിരിക്കും. എന്നാല്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരം ‘വിക്രം’ എന്ന പേര് കേള്‍ക്കാത്ത സിനിമാസ്വാദകര്‍ ഉണ്ടാവില്ല. തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖന്മാരില്‍ ഒരാളായ വിക്രമിന്റെ കൂട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
1990 ല്‍ പുറത്തിറങ്ങിയ ‘ എന്‍ കാതല്‍ കണ്‍മണി’ എന്ന ചിത്രത്തിലൂടെയാണ് വിക്രമിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ പരാജയങ്ങള്‍ നേരിടേണ്ടി വന്ന വിക്രം പിന്നീട് അന്യന്‍, രാവണന്‍, ദൈവതിരുമകള്‍, ഇരുമുഖൻ എന്നീ ചിത്രങ്ങളിലൂടെ സ്വന്തം സ്ഥാനം ഉറപ്പിച്ചു. ‘ പിതാമകന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അംഗീകാരവും വിക്രമിനെ തേടിയെത്തി.
മലയാളത്തില്‍ ധ്രുവം, സൈന്യം, മാഫിയ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ആര്‍ അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ കോബ്ര’ യാണ് വിക്രമിന്റെ പുതിയ ചിത്രം. ഓഗസ്റ്റ് 31 ന് തിയേറ്ററില്‍ എത്തിയ ചിത്രം സമിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. മലയാളി താരമായ മിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.