തന്റെ വിവാഹ ജീവിതത്തിൽ വിളളലുണ്ടായത് സുസ്മിത സെന്നുമായുളള ബന്ധമാണെന്ന് സംവിധായകനും നിർമാതാവും തിരക്കഥാകൃത്തുമായ വിക്രം ഭട്ട്. ”ഒരിക്കൽ വീടിന്റെ ബാൽക്കണിയിൽനിന്നും ചാടി ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചു. പക്ഷേ അതിനുത്തരവാദി സുസ്മിതയല്ല. എല്ലാറ്റിനും ഉത്തരവാദി ഞാനാണ്. സുസ്മിതയുമായുളള ബന്ധത്തിൽ എന്റെ കുടുംബത്തെ മറന്നു, ഭാര്യയെയും കുഞ്ഞിനെയും മറന്നു. ഒടുവിൽ വിവാഹ ബന്ധം വേർപെടുത്തേണ്ടി വന്നു”വെന്നും ഹിന്ദുസ്ഥാൻ ടൈംസിനു നൽകിയ അഭിമുഖത്തിൽ വിക്രം ഭട്ട് പറഞ്ഞു.

‘എ ഹാൻഡ് ഫുള്‍ ഓഫ് സണ്‍ഷൈന്‍’ എന്ന വിക്രം ഭട്ടിന്റെ നോവല്‍ പുറത്തിറങ്ങാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകൾ. ”ഭാര്യ അതിഥിയെ ചതിച്ചതിൽ കുറ്റബോധമുണ്ട്. അതിഥിയുമായി വേർപിരിഞ്ഞശഷം മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ല. വിവാഹം എന്ന സമ്പ്രദായത്തിൽ എനിക്ക് വിശ്വാസമില്ല. എന്റെ പുസ്തകത്തിൽ സുസ്മിതയെക്കുറിച്ചോ അമീഷയെക്കുറിച്ചോ ഒന്നുമില്ല. എന്റെ പ്രണയബന്ധങ്ങളിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് ഇരുവരുടെയും പേരുകളാണ്. ഒരിക്കലും അവരെ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നില്ല”-വിക്രം ഭട്ട് പറഞ്ഞു.

വിക്രം ഭട്ട്-സുസ്മിതാ സെന്‍ പ്രണയം ഒരു കാലത്ത് ബോളിവുഡില്‍ ഏറെ ചർച്ചയായിരുന്നു. ഈ സമയത്താണ് ഭാര്യ അതിഥി വേർപിരിഞ്ഞത്. പിന്നീട് വിക്രമവുമായി നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തു. എന്നാൽ അധികം നാൾ വിക്രം ഭട്ട്-സുസ്മിതാ സെന്‍ ബന്ധം നീണ്ടുനിന്നില്ല. ഇരുവരും തമ്മിൽ പിരിഞ്ഞു. പിന്നീട് ബോളിവുഡ് നടി അമീഷ പട്ടേലുമായി വിക്രം ഭട്ട് പ്രണയത്തിലായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ