ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു വിക്രം ആശുപത്രി വിട്ടതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഒരു പൊതു വേദിയില്‍ എത്തുന്നത്. കോബ്ര സിനിമയുടെ ഓഡിയോ പ്രകാശനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു നടന്‍.
ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ, രോഗാവസ്ഥയിൽ അവശനായ വിക്രം എന്ന രീതിയിൽ ചില വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ വാർത്തകളോട് വിക്രം നടത്തിയ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഞാന്‍ എല്ലാം കണ്ടു. എന്റെ തല വെട്ടി അവശനായൊരാളുടെ ചിത്രവുമായി മോർഫ് ചെയ്ത് തമ്പ്നെയിൽ ആക്കി പ്രചരിപ്പിച്ചു. അവയെല്ലാം വളരെ ക്രിയേറ്റീവായിരുന്നു, നന്ദി,” അൽപ്പം തമാശ കലർത്തിയായിരുന്നു വിക്രത്തിന്റെ പ്രതികരണം.
“ജീവിതത്തില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഇതൊന്നും എന്നെ തളര്‍ത്തില്ല. സുഹൃത്തുക്കളും കുടുംബവും കൂടെ ഉള്ളെടുത്തോളം കാലം എനിക്ക് മറ്റൊന്നും വേണ്ട,” ആരാധകരുടെ സ്‌നേഹത്തെക്കുറിച്ച് ഓര്‍ക്കാനും വിക്രം മറന്നില്ല.
“ഞാനൊന്ന് വെറുതെ നെഞ്ചില്‍ പിടിച്ചാല്‍ നാളെ മാധ്യമങ്ങളില്‍ വരാന്‍ പോകുന്ന തലക്കെട്ടിനെ കുറിച്ച് വ്യക്തമാണ്. എനിക്ക് ഹൃദയാഘാതം സംഭവിച്ചു എന്നായിരിക്കും അത്,” വിക്രം കൂട്ടിച്ചേർത്തു.
ജൂലൈ എട്ടിനാണ് നെഞ്ചു വേദനയെ തുടര്‍ന്ന് വിക്രത്തിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും ‘വിക്രമിന് ഹൃദയാഘാതം സംഭവിച്ചു, അതീവ ഗുരുതരാവസ്ഥയിൽ താരം’ എന്നൊക്കെയുള്ള രീതിയിൽ സമൂഹമാധ്യമങ്ങളിൽ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വ്യാജ വാര്‍ത്തകൾക്കെതിരെ വിക്രമിന്റെ മകൻ ധ്രുവും വിക്രത്തിന്റെ മാനേജര്‍ സൂര്യനാരായണന്നും രംഗത്തു വന്നിരുന്നു.