‘സ്കെച്ച്’ തിയേറ്ററുകളില്‍ എത്തിക്കഴിഞ്ഞു.  ആവേശത്തിന്‍റെ കൊടുമുടിയിലാണ് ചിയാന്‍ വിക്രം ആരാധകര്‍.  അവരുടെ സന്തോഷം പതിന്മടങ്ങ്‌ ഇരട്ടിക്കുന്ന വര്‍ഷമാകും 2018.  കാരണം ഈ വര്‍ഷം വിക്രമിന്‍റെതായി മൂന്ന് ചിത്രങ്ങളെങ്കിലും പുറത്തു വരാനാണ് സാധ്യത.   ‘സ്കെച്ച്’, ‘സാമി സ്ക്വയർ’, ‘ധ്രുവ നക്ഷത്രം’ എന്നിവയാണ് ഈ വർഷത്തിൽ വിവിധ ഘട്ടങ്ങളിൽ ആയി റിലീസിന് ഒരുങ്ങുന്നത്.   എന്ത് കൊണ്ടും ഇതൊരു ‘വിക്രം വര്‍ഷം’ ആകും എന്നാണ് തമിഴ് സിനിമാ പ്രേമികളും നിരൂപകരും കരുതുന്നത്.

ജനുവരി 12 നു പൊങ്കൽ റീലീസ് ആയാണ് ‘സ്കെച്ച്’ എത്തുന്നത്. നോർത്ത് ചെന്നൈയിലെ ഒരു റൗഡി ആയാണ് വിക്രം എത്തുന്നത്. ഈ കഥാപാത്രത്തിന് 2002 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ ‘ജമിനി’ യുമായി സാമുണ്ട്. തമന്ന നായികാവുന്ന ചിത്രത്തിന്‍റെ സംവിധായകൻ വിജയ് ചന്ദർ ആണ്. സെൻസർ ബോർഡ് U /A സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന്‍റെ കേരളത്തിലെ വിതരണ അവകാശം മാക്സ് ലാബ് സിനിമയ്ക്കു ആണ്. സൂപ്പർസ്റ്റാർ മോഹൻലാലിന്‍റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന്‍റെ കോ ഓണർ ആന്റണി പെരുമ്പാവൂർ ആണ്.

“കേരളത്തിൽ 200 സ്‌ക്രീനുകളിൽ ചിത്രം പ്രദർശനത്തിന് എത്തുമെന്ന് ” ആന്റണി പെരുമ്പാവൂർ അറിയിച്ചു.

വിക്രം പൊലീസ് ഓഫീസറായി എത്തുന്ന ‘സാമി സ്ക്വയർ’ റമസാൻ അവധി കാലത്താണ് റിലീസ് ഉദ്ദേശിക്കുന്നത്. ഇപ്പോഴത്തെ റിപ്പോർട്ട് പ്രകാരം ജൂൺ 14 ന് ആണ് റിലീസ്. ഹരി സംവിധാനം നിർവഹിക്കുന്ന ചിത്രം 2003 ലെ ബ്ലോക്ബെസ്റ്റർ ചിത്രം ‘സാമി’ യുടെ സെക്കന്റ് പാർട്ട് ആണ്. കീർത്തി സുരേഷ് നായിക ആവുമ്പോൾ വിക്രം ഇരട്ട വേഷത്തിൽ എത്തുമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഗൗതം മേനോൻ സംവിധാനം ചെയുന്ന ‘ധ്രുവ നക്ഷത്രം’ ആണ് അടുത്ത ചിത്രം. ഊഹോപാഹങ്ങൾ കൊണ്ടും ബജറ്റ് കൊണ്ടും മറ്റു രണ്ടു ചിത്രങ്ങളേക്കാൾ മുമ്പിലാണ് ഈ വിക്രം സിനിമ. ഗൗതം മേനോന്‍റെ ഒരു ത്രില്ലർ സിനിമ ആയിരിക്കും ഇതെന്ന് പുറത്തു വന്ന സിനിമയുടെ ടീസർ കാണിച്ചു തരുന്നു. കൃത്യമായി തീയതി അനൗൺസ് ചെയ്‌തിട്ടില്ലെങ്കിലും ഒക്ടോബറിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. 7 രാജ്യങ്ങളിൽ ആയാണ് സിനിമ ചിത്രീകരിക്കപ്പെടുന്നത്. ഐശ്വര്യ രാജേഷ്, സിമ്രാൻ, പാർഥിപൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഹാരിസ് ജയരാജ് ആണ് മ്യൂസിക് ഡയറക്ടർ.

ആർ.എസ്.വിമലിന്‍റെ ബിഗ് ബജറ്റ് സിനിമ ‘മഹാവീർ കർണ’ നിൽ കർണൻ ആയി എത്തുന്നതും ചിയാൻ വിക്രമാണ്. 300 കോടി രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം 2019 ഡിസംബറിൽ റിലീസിന് ഉദ്ദേശിക്കുന്നു.

Vima,l Vikram

വിക്രമിനൊപ്പം വിമൽ

സൂപ്പർ ഹിറ്റ് സിനിമ തൂങ്കാവനത്തിന്‍റെ ഡയറക്ടർ രാജേഷ് എം.സിൽവയുടെ പുതിയ ചിത്രത്തിലും വിക്രം നായകൻ ആകുമെന്ന് പറയപ്പെടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook